ദുബൈ: പൂർവികരുടെ ഐതിഹാസികമായ പോരാട്ടത്തെ അനുസ്മരിച്ച്, ദേശാഭിമാനത്തിന്റെ നിറവിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാമോഘോഷിച്ച് യു.എ.ഇയിലെ പ്രവാസികൾ. വെള്ളിയാഴ്ച രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തിയും മധുരം വിതരണം ചെയ്തും സ്വതന്ത്ര്യസമര ചരിത്രം പങ്കുവെച്ചും പ്രവാസികൾ ഒത്തുകൂടി.
രാവിലെ അബൂദബിയിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ സഞ്ജയ് സുധീർ ദേശീയപതാക ഉയർത്തുകയും രാഷ്ട്രപിതാവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകികൊണ്ട്, ഇന്ത്യ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളും ഇന്ത്യയും യു.എ.ഇയും തമ്മിലെ സഹകരണവും അംബാസഡർ വിശദീകരിച്ചു. ഉദ്യോഗസ്ഥരും പ്രവാസി സമൂഹത്തിലെ അംഗങ്ങളും അടക്കം നിരവധിപേർ ചടങ്ങുകളിൽ സംബന്ധിച്ചു.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ പതാക ഉയർത്തി. തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ ദുബൈയിലെ ബുർജ് ഖലീഫയിൽ ഇന്ത്യൻ പതാകയുടെ വർണം തെളിയിക്കുകയും ചെയ്തു. നിരവധി പേരാണ് കാഴ്ച കാണാനും ചിത്രം പകർത്താനുമായി ലോകത്തെ ഏറ്റവും വലിയ കെട്ടിടത്തിന്റെ സമീപത്തെത്തിയത്. വിവിധ എമിറേറ്റുകളിലെ ഇന്ത്യൻ അസോസിയേഷൻ, അബൂദബി മലയാളി സമാജം എന്നിവിടങ്ങളിലും വിപുലമായ ആഘോഷ പരിപാടികൾ ഒരുക്കിയിരുന്നു.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ
സതീഷ് കുമാർ ശിവൻ പതാക ഉയർത്തുന്നു
ദുബൈ: ജനാധിപത്യമാണ് ഇന്ത്യയുടെ ശക്തിയെന്ന് ദുബൈയിലെ ഇന്ത്യൻ വൈസ് കോൺസൽ അഭിമന്യു കർഗ്വാൾ അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സിയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 79ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രാജ്യത്തിനുവേണ്ടി ജീവാർപ്പണം നടത്തിയ സ്വാതന്ത്ര്യ സമര സേനാനികളെയും രാഷ്ട്രനേതാക്കളെയും സ്മരിക്കുകയും സ്വാതന്ത്ര്യത്തിന്റെ അർഥം ശരിയാംവണ്ണം അറിയുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
തുല്യനീതി ഉറപ്പുവരുത്തിയും ജനാധിപത്യത്തിന്റെ ശക്തി നിലനിർത്തിയും മുമ്പോട്ട് പോകുന്ന ഇന്ത്യ ലോകത്തിന് മാതൃകയും പൗരന്മാർക്ക് അഭിമാനവുമാണെന്നും രാഷ്ട്രപതിയുടെ സന്ദേശം കൈമാറിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് ദേശീയപതാക ഉയർത്തിയ വൈസ് കോൺസൽ അഭിമന്യു കർഗ്വാൾ തുടർന്ന് നടന്ന സ്വാതന്ത്ര്യദിന സംഗമത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇസ്മയിൽ ഏറാമല അധ്യക്ഷതവഹിച്ചു. ദുബൈ സി.ഡി.എ ബോർഡ് ഡയറക്ടർ റാഷിദ് അസ്ലം ബിൻ മുഹ്യിദ്ദീൻ സംസാരിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലി. ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽഖാദർ അരിപ്പാമ്പ്ര സ്വാഗതവും സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ നന്ദിയും പറഞ്ഞു. ഇബ്രാഹിം മുറിച്ചാണ്ടി, എ.സി ഇസ്മയിൽ, ചെമ്മുക്കൻ യാഹുമോൻ, ഒ. മൊയ്തു, ബാബു എടക്കുളം, അഫ്സൽ മെട്ടമ്മൽ, അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ, അഡ്വ. സാജിദ് അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു. ദുബൈ കെ.എം.സി.സി ആസ്ഥാനം ത്രിവർണങ്ങളിൽ അലങ്കരിച്ചും മധുരം വിതരണം ചെയ്തും ആഘോഷം വർണാഭമാക്കി.
ദുബൈ കെ.എം.സി.സിയിൽ സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ വൈസ് കോൺസൽ അഭിമന്യു കർഗ്വാൾ പതാക ഉയർത്തുന്നു
അബൂദബി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ സെന്റർ പ്രസിഡന്റ് ടി.കെ. മനോജ് ദേശീയപതാകയുയർത്തി. തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ജനറൽ സെക്രട്ടറി സജീഷ് നായർ, മാനേജിങ് കമ്മിറ്റിയംഗങ്ങൾ, വനിത വിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ, മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, ശക്തി തിയറ്റേഴ്സ്, യുവകലാസാഹിതി, ഫ്രണ്ട്സ് എ.ഡി.എം.എസ് ഉൾപ്പെടെയുള്ള സംഘടന പ്രതിനിധികൾ പങ്കെടുത്തു.
വൈകീട്ട് അബൂദബിയിലെ ഗവൺമെന്റ് അംഗീകൃത സംഘടനകൾ സംയുക്തമായി ഇന്ത്യാ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ അഡ്വ. പ്രദീപ് പാണ്ടനാടിന്റെ സംവിധാനത്തിൽ കേരള സോഷ്യൽ സെന്റർ വിങ്സ് ഓഫ് ഫ്രീഡം എന്ന ചിത്രീകരണത്തിൽ നൂറോളം കലാകാരന്മാരും കലാകാരികളും പങ്കെടുത്തു.
കേരള സോഷ്യൽ സെന്ററിൽ ദേശീയ പതാക ഉയർത്തിയതിനുശേഷം ഭാരവാഹികളും
പ്രവർത്തകരും
ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ദുബൈ ഖിസൈസ് കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്റാറന്റ് ഹാളിൽ നടന്ന ചടങ്ങിൽ അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. കൂട്ടായ്മ നടത്തിയ ‘ഫ്രീഡം ക്വിസ്’ മത്സരത്തിൽ സമ്മാനം നേടിയ ഷിൻസ് സെബാസ്റ്റ്യൻ, ഷിനോജ് ഷംസുദ്ദീൻ, ഭാസ്കർ രാജ് എന്നിവർക്ക് പോൾ ടി ജോസഫ് സമ്മാനങ്ങൾ നൽകി. വനിത വിനോദ് സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതീകാത്മകമായി ദേശീയപതാക ഉയർത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തു. മധുര പലഹാരങ്ങളും വിതരണം ചെയ്തു. റോയ് റാഫേൽ സ്വാഗതവും യാസിർ അറാഫത്ത് നന്ദിയും പറഞ്ഞു.
ഇന്ത്യൻ മാധ്യമ കൂട്ടായ്മ സ്വാതന്ത്ര്യദിനം ആഘോഷത്തിൽ
വനിത വിനോദിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന
പ്രതിജ്ഞയെടുക്കുന്നു
റാസല്‍ഖൈമ: ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ (ഐ.ആര്.സി) നേതൃത്വത്തില്‍ റാസല്‍ഖൈമയില്‍ ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഐ.ആര്.സി അങ്കണത്തില്‍ കോണ്‍സുലര്‍ ലേബര്‍ പബിത്ര കുമാര്‍ മജുംദാര്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി ഇന്ത്യന്‍ പ്രസിഡന്റിന്റെ സന്ദേശം വായിച്ചു. റാസല്‍ഖൈമയിലെ വിവിധ കൂട്ടായ്മകളും സ്ഥാപന മേധാവികളും ചടങ്ങില്‍ സംബന്ധിച്ചു. ഐ.ആര്.സി ഭാരവാഹികളായ ഡോ. നിഷാം നൂറുദ്ദീന്‍, ഡോ. മാത്യു, സി.വി. പത്മരാജ്, മോഹനന് പങ്കത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
റാസല്‍ഖൈമയില്‍ ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം
റാസല്‍ഖൈമ: റാക് ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ മുന്‍ പ്രസിഡന്റ് ഡോ. റജി ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തി. ചടങ്ങില്‍ വിവിധ സംഘടന ഭാരവാഹികള്‍ സംബന്ധിച്ചു. അബ്ദുല്‍ റഹീം, അയ്യൂബ്, പ്രദീപ്, ക്ലമന്റ്, ആസാദ്, നാസര്‍ അല്‍മഹ തുടങ്ങിയവര്‍ നേതൃത്വം നല്കി.
റാക് ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം
ദുബൈ: ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അക്കാഫ് അസോസിയേഷൻ ദേശീയപതാക ഉയർത്തി. അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ് ദേശീയപതാക ഉയർത്തി. ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, ഫ്ലവേഴ്സ് ടി.വി ബിസിനസ് ഹെഡ് ജോസഫ് ഫ്രാൻസിസ്, ഡയറക്ടർ ബോർഡ് മെംബർ ആർ. സുനിൽ കുമാർ, മുൻ പ്രസിഡന്റുമാരായ മുഹമ്മദ് റഫീഖ്, മച്ചിങ്ങൽ രാധാകൃഷ്ണൻ, സാനു മാത്യു, കോളജ് അലുമ്നി പ്രതിനിധി സഞ്ജു പിള്ള എന്നിവർ സംസാരിച്ചു.
അക്കാഫ് അസോസിയേഷൻ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.