വേലുപ്പിള്ളയും ഭാര്യ ജയന്തിയും
ദുബൈ: കേരളത്തിലെ പോളിങ് ബൂത്തുകളുടെ വാതിലുകൾ അടയുന്ന ഏപ്രിൽ ആറിന് വൈകുന്നേരമാണ് എറണാകുളം വെണ്ണല രോഹിണി ഹൗസിൽ വേലുപ്പിള്ള പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തുന്നത്. തെരഞ്ഞെടുപ്പും വേലുപ്പിള്ളയും തമ്മിൽ എന്താണ് ബന്ധം എന്നല്ലേ. പ്രായം 69 ആയെങ്കിലും വേലുപ്പിള്ള ഇതുവരെ ഒരു വോട്ടുപോലും ചെയ്തിട്ടില്ല. ഇക്കുറിയെങ്കിലും കന്നിവോട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, പ്രതീക്ഷിച്ച സമയത്ത് എത്താൻ കഴിയാത്തതിനാൽ ഇക്കുറിയും വോട്ട് നഷ്ടമായി. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന് നാട്ടിൽ അറിയിച്ചിരുന്നു.
വേലുപ്പിള്ളയുടെ പ്രവാസത്തിെൻറ സുവർണ ജൂബിലി വർഷമാണിത്. യു.എ.ഇയുടെ വികസനം കാണുക മാത്രമല്ല, അതിെൻറ ഭാഗമാവാനും കഴിഞ്ഞതിലുള്ള സന്തോഷം കൂടിയുണ്ട് വേലുപ്പിള്ളയുടെ പ്രവാസത്തിന്. 1970കളുടെ തുടക്കത്തിലാണ് അന്തമാൻ നികോബാർ ദ്വീപുകളിലേക്ക് അദ്ദേഹം ആദ്യമായി പറന്നത്. സെൻട്രൽ പബ്ലിക് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥനായിട്ടായിരുന്നു യാത്ര. 1975ൽ ദുബൈയിലെത്തി. ടർമക് എന്ന ബ്രിട്ടീഷ് കമ്പനിയിലെ സൂപ്പർവൈസറായിട്ടായിരുന്നു തുടക്കം. ഒരുവർഷത്തിനുശഷം അജ്മാനിലെത്തി. 77ൽ അൽഐനിൽ വാട്ടർ പ്രോജക്ടിൽ എൻജിനീയറായി. അൽ ഐനിെൻറ വികസനത്തിൽ മുഖ്യപങ്കുവഹിച്ച പദ്ധതിയായിരുന്നു അത്. 1500 കിലോമീറ്റർ വാട്ടർ പൈപ്ലൈൻ സ്ഥാപിക്കുന്ന പദ്ധതിയുടെ അണിയറയിലും അരങ്ങിലുമെല്ലാം വേലുപ്പിള്ളയുണ്ടായിരുന്നു. 80ൽ അൽഐൻ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ എൻജിനീയറായി. 2009 വരെ ഇതായിരുന്നു കർമഭൂമി. അതിനുശേഷം അൽ ഐനിലെ റിങ് റോഡ് വർക്കിൽ കൺസ്ട്രക്ഷൻ മാനേജറായി. കഴിഞ്ഞവർഷം ആഗസ്റ്റ് 31 വരെ ആ കമ്പനിയിൽ പല പ്രോജക്ടുകളിൽ ജോലിചെയ്തു. ഏറ്റവുമൊടുവിൽ ചെയ്തത് ഖലീഫ പോർട്ടിെൻറ രണ്ടാംഘട്ട വികസനമാണ്. ഇ.ജി.എയുടെ മിഡിലീസ്റ്റിലെ ഏറ്റവും വലിയ അലൂമിനിയം പ്ലാൻറിെൻറ രണ്ടാംഘട്ട വികസനത്തിെൻറ ഭാഗമാകാനും കഴിഞ്ഞു. ദുബൈ- അൽഐൻ റിങ് റോഡിെൻറ നിർമാണ ചുമതലയിലുമുണ്ടായിരുന്നു.
ഏഴ് എമിറേറ്റുകളുടെയും വളർച്ച കൺമുന്നിൽ കണ്ടറിഞ്ഞ അനുഭവസമ്പത്തുമായാണ് മടക്കം. നാട്ടിലെത്തി എന്താണ് പ്ലാൻ എന്ന് ചോദിച്ചാൽ വേലുപ്പിള്ളയുടെ മറുപടി ഇതാണ് 'ഇത്രയും നാൾ ജോലി എന്നുപറഞ്ഞ് ഓടി നടന്നില്ലേ. സ്വകാര്യ കമ്പനിയിലെ കൺസ്ട്രക്ഷൻ വർക്കായതിനാൽ നല്ല ടെൻഷനായിരുന്നു.ഇനി കുറച്ച് നാൾ റിലാക്സ് ചെയ്യണം. നാട്ടിൽ റസിഡൻറ്സ് അസോസിയേഷനൊക്കെയായി സഹകരിച്ച് സാമൂഹിക പ്രവർത്തനം നടത്തണം.വീടും പറമ്പും പരിപാലിച്ച് സ്വസ്ഥമായി കഴിയണം. പറ്റുമെങ്കിൽ തീർഥയാത്ര പോകണം' -വേലുപ്പിള്ള പറയുന്നു.
നാട്ടിലേക്ക് മടങ്ങുേമ്പാഴും വേലുപ്പിള്ളയുടെ മനസ്സ് യു.എ.ഇയിൽ തന്നെയാണ്. നാടിനെക്കാൾ പ്രിയം യു.എ.ഇയോടാണെന്ന് അദ്ദേഹം പറയുന്നു. അത്രയേറെ സ്നേഹനിധികളാണ് ഇവിടെയുള്ള നാട്ടുകാരും ഭരണാധികാരികളും. ഓരോ പ്രോജക്ടുകളിലും അവർ നൽകുന്ന സഹകരണം അഭിനന്ദനാർഹമാണ്. ഇതുവരെ ഒരു പ്രശ്നത്തിലുംപെടാതെ മടങ്ങാൻ കഴിയുന്നതിെൻറ കാരണവും അതാണ്. നമ്മുടെ അധ്വാനം മുഴുവൻ ഈ രാജ്യത്തിനായാണ് ചെലവഴിച്ചത്. അർഹിച്ചതിനേക്കാൾ പ്രതിഫലം അവർ തന്നിട്ടുമുണ്ട്. ഓരോ ഇന്ത്യക്കാരും ഇവിടെ സൗകര്യത്തോടെ കഴിയുന്നത് ഇവരുടെ കാരുണ്യംകൊണ്ടാണ്. നാട്ടിൽപോയാലും ഇടക്ക് ഇവിടേക്ക് വരണമെന്നും വേലുപ്പിള്ള പറയുന്നു.
കഴിഞ്ഞവർഷം മടങ്ങാനിരുന്നതാണ്. പക്ഷേ, കോവിഡ് മൂലം തിരികെയാത്ര നീണ്ടു. 78 മുതൽ ഭാര്യ ജയന്തി ഇവിടെയുണ്ട്. രണ്ടുമാസം കഴിഞ്ഞാൽ ജയന്തിയും നാട്ടിലേക്ക് തിരിക്കും.മക്കൾ ജനിച്ചതും വളർന്നതുമെല്ലാം ഇവിടെയാണ്. ചാർട്ടേഡ് അക്കൗണ്ടൻറായ മൂത്ത മകൻ അജിത് തൗസീലിൽ (മസാർ) ഫിനാൻസ് മാനേജറായി ജോലിചെയ്യുന്നു. രണ്ടാമത്തെ മകൻ അനീഷ് അൽഐൻ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ സീനിയർ എൻജിനീയറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.