ദുബൈയിൽ പാർക്കുകളിലും ബീച്ചുകളിലും ഇ.വി സ്​റ്റേഷനുകൾ വരുന്നു

ദുബൈ: എമിറേറ്റിൽ ഇലക്ട്രിക് വാഹന(ഇ.വി) ഉടമകൾക്ക് ഇനി പാർക്കുകൾ, ബീച്ചുകൾ, പൊതുവിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സമയം ചെലവഴിക്കുമ്പോൾ തന്നെ വാഹനങ്ങൾ ചാർജ് ചെയ്യാൻ സൗകര്യം ലഭിക്കും. ദുബൈ മുനിസിപ്പാലിറ്റിയും യു.എ.ഇ.വി കമ്പനിയും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിലൂടെ നഗരത്തിലെ പ്രധാനപ്പെട്ട 600 പൊതുസ്ഥലങ്ങളിലെ പാർക്കിങ്​ ഇടങ്ങളിൽ സൂപ്പർചാർജിങ്​ സംവിധാനങ്ങൾ സ്ഥാപിക്കും.

ആദ്യഘട്ടത്തിൽ 150 പാർക്കിങ്​ ബേകളിൽ 75 സൂപ്പർചാർജിങ്​ സ്റ്റേഷനുകൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ സ്ഥാപിക്കും. നഗരത്തിലെ പ്രധാന പാർക്കുകൾ, നെയ്ബർഹുഡ് പാർക്കുകൾ, പൊതുബീച്ചുകൾ എന്നിവ ഉൾപ്പെടെ ആളുകൾ കൂടുതൽ എത്തുന്ന പ്രദേശങ്ങളിൽ വ്യാപകമായ കവറേജ് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഏകദേശം 15 കോടി ദിർഹം ചെലവ്​ പ്രതീക്ഷിക്കുന്ന ഈ പദ്ധതി ദുബൈയുടെ ഡി33 സാമ്പത്തിക അജണ്ടയോടും 2040 ഗ്രീനറി ആൻഡ് പാർക്സ് സ്ട്രാറ്റജിയോടും ചേർന്നുനിൽക്കുന്നതാണ്.

പാർക്കുകൾ, കളിസ്ഥലങ്ങൾ, കുട്ടികളുടെ വിനോദ മേഖലകൾ, വാട്ടർഫ്രണ്ട് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സമയം ചെലവഴിക്കുന്നതിനൊപ്പം വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയുന്നത് പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം നൽകും. യു.എ.ഇയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി അതിവേഗത്തിൽ വർധിച്ചിട്ടുണ്ട്​.

കുറഞ്ഞ പരിപാലനച്ചെലവും ചാർജിങ്​ നിരക്കുകളുടെ ഏകീകരണവും ഇതിന് കാരണമായി. 2050 ഓടെ രാജ്യത്തെ മൊത്തം വാഹനങ്ങളിൽ 50 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കുക എന്ന ലക്ഷ്യത്തിലേക്ക്​ സഹായിക്കുന്ന പ്രധാന ചുവടുവെപ്പാണ് പുതിയ പദ്ധതി.

Tags:    
News Summary - EV stations coming to parks and beaches in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.