ദുബൈ: നിർമാണം പൂർത്തിയായ ഇത്തിഹാദ് റെയിൽ പാതയിൽ ചരക്കുഗതാഗതം പൂർണതോതിൽ പ്രവർത്തനക്ഷമമായി. രാജ്യത്തിനകത്ത് ഏതുതരത്തിലുള്ള ചരക്കും കൊണ്ടുപോകാൻ ഇപ്പോൾ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. എല്ലാ ബിസിനസ് ആവശ്യങ്ങളും നിറവേറ്റുന്ന സമഗ്രമായ ഗതാഗതസൗകര്യമാണ് സജ്ജീകരിച്ചിട്ടുള്ളതെന്നും അത്യാധുനിക സംവിധാനം എല്ലാ ചരക്കുകൾക്കും അനുയോജ്യമാണെന്നും ട്വിറ്ററിലൂടെ പുറത്തുവിട്ട അറിയിപ്പിൽ വ്യക്തമാക്കി. രാജ്യത്തെ നാല് പ്രധാന തുറമുഖങ്ങളെയും ഏഴ് ലോജിസ്റ്റിക്കൽ മേഖലകളെയും ബന്ധിപ്പിക്കുന്ന പാത പ്രതിവർഷം ആറുകോടി ടൺ ചരക്ക് കൊണ്ടുപോകാൻ സഹായിക്കുന്നതാണ്.
ഇത്തിഹാദ് ട്രെയിനുകളുടെ ലോക്കോമോട്ടീവുകൾ ഡീസലിലും വൈദ്യുതിയിലും പ്രവർത്തിക്കുന്നതാണ്. മാത്രമല്ല പൾസ് സാൻഡ് ഫിൽട്ടറിങ് സംവിധാനം പോലുള്ള ഏറ്റവും പുതിയ രീതികളും സജ്ജീകരിച്ചിട്ടുണ്ട്. മരുഭൂമിയിലൂടെ കടന്നുപോകുമ്പോൾ ട്രെയിനിന്റെ മികച്ച പ്രവർത്തനം ഉറപ്പാക്കുന്ന സംവിധാനമാണിത്. ഓരോ ലോക്കോമോട്ടീവിനും 100 വാഗണുകൾ വലിക്കാൻ കഴിയും. ഇത് 300 ട്രക്കുകളുടെ ശേഷിക്ക് തുല്യമാണ്. ഈ ട്രെയിനുകൾ കൊണ്ടുപോകുന്ന ചരക്കുകളുടെ അളവ് പ്രതിദിനം 5,600 ട്രക്കുകൾക്ക് തുല്യമാണ്.
ഉപഭോക്തൃ വസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ, പാനീയ ഇനങ്ങൾ, പെട്രോകെമിക്കൽസ്, അസംസ്കൃത ഉരുക്ക്, ചുണ്ണാമ്പുകല്ല്, സിമന്റ്, നിർമാണ സാമഗ്രികൾ, വ്യാവസായിക, ഗാർഹിക മാലിന്യങ്ങൾ, അലൂമിനിയം, കണ്ടെയ്നറുകൾ, സെറാമിക്സ്, ബൾക്ക് ഷിപ്പ്മെന്റുകൾ, പഞ്ചസാര, ലോഹങ്ങൾ, മാലിന്യങ്ങൾ എന്നിങ്ങനെ എല്ലാ ചരക്കുകളും വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാൻ റെയിൽപാത ഉപയോഗപ്പെടുത്തും. ചരക്കുഗതാഗതത്തിന് പാത ഉപയോഗപ്പെടുത്താൻ +971 2499 9999 എന്ന നമ്പറിലോ ഇത്തിഹാദ് റെയിൽ വെബ്സൈറ്റിലോ ബന്ധപ്പെടാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.
50 ബില്യൺ ദിർഹം ചെലവ് വകയിരുത്തിയ ഇത്തിഹാദ് പദ്ധതി പൂർത്തിയായതോടെ ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും. 1200 കിലോമീറ്റർ നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോകുന്നത്. ട്രെയിൻ കുതിച്ചോടുക മണിക്കൂറിൽ 200 കി.മീറ്റർ വേഗതയിലാണ്. സൗദി അതിർത്തിയിലെ സില മുതൽ രാജ്യത്തിന്റെ കിഴക്കൻ തീരദേശമായ ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് റെയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.