അബൂദബി: യു.എ.ഇ - സൗദി അറേബ്യ അതിർത്തിയായ അൽ ഗുവൈഫാത്തിൽ നിന്ന് രാജ്യത്തിന്‍റെ കിഴക്കൻ തീരദേശമായ ഫുജൈറ, ഖൊർഫക്കാൻ വരെ നീളുന്ന ഇത്തിഹാദ് റെയിൽവെ ശൃംഖലയുടെ രണ്ടാം ഘട്ട നിർമാണം ത്വരിതഗതിയിൽ പുരോഗമിക്കുന്നു. ദേശീയ റെയിൽവെ ശൃംഖലയുടെ രണ്ടാംഘട്ട കരാറുകളുടെ മൊത്തം മൂല്യം 18 ബില്യൻ ദിർഹമാണ്. രാജ്യത്തിെൻറ സമഗ്ര വികസനത്തിനും സമ്പദ്‌വ്യവസ്ഥക്കും മുതൽക്കൂട്ടാകുന്ന പുതിയ ഗതാഗത പദ്ധതിയാണ് ഇത്തിഹാദ് റെയിൽ നെറ്റ്‌വർക്കിലൂടെ യാഥാർഥ്യമാവുകയെന്നും ഇത്തിഹാദ് റെയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഓഫ് റിലേഷൻസ് മുഹമ്മദ് റാഷിദ് അൽ മർസൂക്കി അറിയിച്ചു.
ഇത്തിഹാദ് റെയിൽവെയുടെ ഭാഗമായി അബുദബിയിലെ അൽ ഫയാഹിൽ പ്രധാന ഓപ്പറേഷൻസ് ആൻഡ് മെയിൻറനൻസ് കേന്ദ്രവും സ്ഥാപിക്കും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നിർമാണ പദ്ധതിയാണ് ഇത്തിഹാദ് റെയിൽവെയെന്നും അദ്ദേഹം സ്ഥിരീകരിച്ചു. രാജ്യത്തിെൻറ സമ്പദ് വ്യവസ്ഥക്കൊപ്പം സമൂഹിക വികസനം, പരിസ്ഥിതി, ടൂറിസം തുടങ്ങി ഒട്ടേറെ മേഖലകൾക്ക് പ്രയോജനകരമാകുന്ന പദ്ധതിയാണ് ഇത്തിഹാദ് റെയിൽവെ. രാജ്യത്തെ ഷോപ്പിങ്, ലോജിസ്റ്റ് സേവനമേഖലകളിലും സുപ്രധാന വഴിത്തിരിവിന് ഇത്തിഹാദ് റെയിൽവെ വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വർഷം ജനുവരിയിലാണ് 605 കിലോമീറ്റർ ദൈർഘ്യത്തിലുള്ള ദേശീയ റെയിൽവേ ശൃംഖലയുടെ രണ്ടാം ഘട്ട നിർമാണമാരംഭിച്ചത്. സൗദി അതിർത്തിയിലെ അൽ ഗുവൈഫാത്തുമായി പശ്ചിമ അബൂദബിയിലെ റുവൈസിനെ ബന്ധിപ്പിക്കുന്ന 'സ്റ്റേജ് എ' 139 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. താരിഫിൽ നിന്ന് 216 കിലോമീറ്റർ വരെ ദൈർഘ്യമുള്ളതാണ് ഇത്തിഹാദ് റെയിൽവെയുടെ 'സ്റ്റേജ് ബി'. സീഹ്, ഷുഐബ്, ജബൽ അലി വഴി ഷാർജ വരെ എത്തുന്ന 94 കിലോമീറ്റർ ദൈർഘ്യം വരുന്നതാണ് 'സ്റ്റേജ് സി'. ഷാർജയിൽ നിന്ന് ഫുജൈറ, ഖോർഫക്കൺ തുറമുഖ തീരത്തേക്ക് 145 കിലോമീറ്റർ ദീർഘത്തിലാണ് 'സ്റ്റേജ് ഡി'റെയിൽ നിർമിക്കുക.
ഇത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായി അൽ ഫയാഹിൽ പണികഴിക്കുന്ന ഓപ്പറേഷൻസ് ആൻഡ് മെയിൻറനൻസ് കേന്ദ്രം ഫ്രഞ്ച് കമ്പനിയായ വിൻസി കൺസ്ട്രക്ഷ െൻറ നേതൃത്വത്തിലാണ് പൂർത്തീകരിക്കുക. അൽ റുവൈസ് ഐക്കാഡ്, ഖലീഫ പോർട്ട്, ദുബൈ ഇൻഡസ്ട്രിയൽ സിറ്റി, ജബൽ അലി പോർട്ട്, അൽ ഗെയ്ൽ, സിജി, ഫുജൈറ, ഖോർ ഫക്കാൻ തുറമുഖങ്ങൾ എന്നിവിടങ്ങളിലാണ് ഇത്തിഹാദ് റെയിൽവെ സ്റ്റേഷനകൾ നിർമിക്കുക. കണ്ടെയ്‌നർ സംഭരണത്തിനും പരിപാലനത്തിനും പ്രത്യേക സൗകര്യമൊരുക്കിയാണ് ഈ സ്റ്റേഷനുകൾ നിർമിക്കുക. കസ്റ്റംസ് വെയർഹൗസുകളിൽ ചരക്കുസംഭരണത്തിനും പരിശോധനക്കും സൗകര്യമുണ്ടാകും.
നിർമാണ സാമഗ്രികളുടെ ചരക്ക് ഗതാഗതമുൾപ്പെടെ പ്രതിവർഷം 30 ദശലക്ഷം ടൺ പാറകൾ എത്തിക്കാനും പുതിയ റെയിൽവെ നെറ്റ് വർക്ക് സഹായിക്കും. രാജ്യത്തിന്‍റെ ബഹുമുഖ വികസനത്തിനൊപ്പം ആഗോളതലത്തിൽ ഇത്തിഹാദ് റെയിലിന് പ്രബല സ്ഥാനം ഉറപ്പിക്കാനാവുംവിധം പദ്ധതി പൂർത്തിയാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പ്രോഗ്രസ് റെയിൽ കാറ്റർപില്ലർ കമ്പനി നേതൃത്വം നൽകും. 45 ലോക്കോമോട്ടീവുകളുമായാണ് തീവണ്ടി ഗതാഗതം ഭാവിയിൽ യാഥാർഥ്യമാക്കുകയെന്നും ഓരോ ലോക്കോമോട്ടീവിലും 4,500 കുതിരശക്തി എൻജിനുകളാണ് ഘടിപ്പിക്കുകയെന്നും അധികൃതർ വെളിപ്പെടുത്തി. മേഖലയിലെ ഏറ്റവും മികച്ചതും നൂതനവുമായ ലോക്കോമോട്ടീവുകളുടെ എണ്ണം ഉയർത്താനും റെയിൽ ശൃംഖലയുടെ ഗതാഗത ശേഷി പ്രതിവർഷം 60 ദശലക്ഷം ടണ്ണായി ഉയർത്താനു മാണ് ഇത്തിഹാദ് റെയിൽ ലക്ഷ്യമിടുന്നത്.
ഇത്തിഹാദ് റെയിൽവെക്കായി രൂപകൽപന ചെയ്ത പുതിയ ലോക്കോമോട്ടീവ് എഞ്ചിനുകൾ മലിനീകരണം കുറയ്ക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകളോടെയാണ് നിർമിക്കുക. ചരക്കു ട്രക്കുകളേക്കാൾ 70 മുതൽ 80 ശതമാനം വരെ കാർബൺ ഉദ്ഗമനം കുറക്കാനും റെയിൽ ഗതാഗതം സഹായിക്കും. 100 വാഹനങ്ങൾ കയറ്റാൻ ശേഷിയുള്ളതാവും ഓരോ ട്രെയിനിലെയും ലോക്കോമോട്ടീവുകൾ. 5,600 ട്രക്കുകളിലൂടെ കടത്തിക്കൊണ്ടുപോകുന്ന സാധനങ്ങളുടെ അളവിനു തുല്യമായ ചരക്കു ഗതാഗത സൗകര്യമാണ് ഇത്തിഹാദ് റെയിൽ പദ്ധതി യാഥാർഥ്യമാക്കുക.
ഇത്തിഹാദ് റെയിൽ പദ്ധതിയുടെ ആദ്യ ഘട്ടം അൽ ഗർബിയയിൽ പൂർത്തീകരിച്ചത് 264 കിലോമീറ്റർ ദൂരത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.