തൊഴിലവസരം; യു.എ.ഇ ലോകത്ത് ഒന്നാമത്

ദുബൈ: യു.എ.ഇയിലേക്ക് വരുന്നത് തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്ന് പ്രവാസികൾ വിശ്വസിക്കുന്നതായി അന്താരാഷ്ട്ര സർവേ. തൊഴിൽ സാധ്യതകളുടെ കാര്യത്തിൽ ലോകത്ത് ഇമാറാത്ത് ഒന്നാമാതാണെന്നും 'ഇന്‍റർനാഷൻസ് എക്സ്പാറ്റ് ഇൻസൈഡർ 2022' സർവേ ചൂണ്ടിക്കാണിക്കുന്നു. വിദേശികൾക്ക് ജോലിചെയ്യാനും ജീവിക്കാനും യോജിച്ച ലോകത്തെ പത്തു നഗരങ്ങളുടെ പട്ടികയിലും യു.എ.ഇ ഇടംപിടിച്ചിട്ടുണ്ട്.

12,000 പ്രവാസികളിൽനിന്ന് അഭിപ്രായങ്ങൾ ശേഖരിച്ചാണ് സർവേ പൂർത്തിയാക്കിയത്. ജീവിത ഗുണനിലവാരം, സ്ഥിരതാമസമാക്കാനും ജോലി ചെയ്യാനുമുള്ള എളുപ്പം എന്നിവയാണ് യു.എ.ഇയുടെ മുന്നേറ്റത്തിന് കാരണമായതെന്ന് സർവേയുടെ ഒമ്പതാമത്തെ എഡിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 52 രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനമാണ് രാജ്യം നേടിയിരിക്കുന്നത്. 71 ശതമാനം പ്രവാസികളും യു.എ.ഇയിലെ തങ്ങളുടെ ജീവിതത്തിൽ സന്തുഷ്ടരാണെന്നും ഇത് ആഗോള ശരാശരിയുടേതിന് സമാനമാണെന്നും വ്യക്തമാക്കുന്നു.

ഭരണപരമായ സംവിധാനങ്ങളും വിസ ലഭിക്കാനുള്ള എളുപ്പവും യു.എ.ഇയെ പ്രവാസികളുടെ ഇഷ്ടരാജ്യമാക്കുന്നു. സർവേയിൽ പങ്കെടുത്തവരിൽ 83 ശതമാനവും വിസ ലഭിക്കുന്നത് എളുപ്പമാണെന്ന് വിലയിരുത്തി. പ്രദേശിക ഉദ്യോഗസ്ഥരുമായും അധികൃതരുമായും ഇടപെടുന്നതിന് തടസ്സങ്ങളില്ലെന്നും ഇവർ വിലയിരുത്തുന്നു.

പ്രാദേശിക ഭാഷ അറിയാതെ തന്നെ യു.എ.ഇയിൽ ജീവിക്കാമെന്നത് 85ശതമാനത്തിനും സംതൃപ്തി നൽകുന്ന ഘടകമാണ്. ഇക്കാര്യത്തിൽ ലോക ശരാശരി 51ശതമാനം മാത്രമാണ്. വീട്ടിലിരുന്ന് അതിവേഗ ഇന്‍റർനെറ്റ് ഉപയോഗിക്കാനും പണമില്ലാതെ പേമെന്‍റ് നടത്താനുമുള്ള സംവിധാനവും രാജ്യത്തിന്‍റെ മികവായി സർവേ ചൂണ്ടിക്കാട്ടുന്നു. പ്രവാസികൾ ജോലിചെയ്യാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് യു.എ.ഇയുള്ളത്. 87ശതമാനം പേരും രാജ്യത്ത് ലഭിക്കുന്ന ശമ്പളത്തിലും മറ്റു ആനുകൂല്യങ്ങളിലും സന്തുഷ്ടരാണ്.

എക്‌സ്‌പാറ്റ് ഇൻസൈഡർ ആഗോളതലത്തിൽ നടത്തിയ സർവേ ഫലമനുസരിച്ച് മെക്‌സികോ, ഇന്തോനേഷ്യ, തായ്‌വാൻ, പോർചുഗൽ, സ്‌പെയിൻ, യു.എ.ഇ, വിയറ്റ്‌നാം, തായ്‌ലൻഡ്, ആസ്‌ട്രേലിയ, സിംഗപ്പൂർ എന്നിങ്ങനെയാണ് പ്രവാസികൾക്ക് ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങൾ.

Tags:    
News Summary - employment; UAE is number one in the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.