സ്‌കൂള്‍ ഫീസ് കുടിശ്ശിക വരുത്തി; 1.97 ലക്ഷം ദിര്‍ഹം അടക്കാന്‍ പിതാവിനോട് കോടതി

അബൂദബി: സ്വകാര്യ സ്‌കൂളില്‍ മക്കളെ പഠിപ്പിച്ച വകയില്‍ കുടിശ്ശികയായ 197,680 ദിര്‍ഹം സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കാന്‍ പിതാവിനോട് അബൂദബി വാണിജ്യ ആദ്യഘട്ട കോടതി ഉത്തരവിട്ടു. സ്‌കൂളിന് നല്‍കിയ മടങ്ങിയ ചെക്കിന്‍റെ തുകയായ 142800 ദിര്‍ഹമിന് ചെക്ക് ഉടമയായ സ്ത്രീയും പിതാവിനൊപ്പം തന്നെ ബാധ്യസ്ഥയാണെന്നും കോടതി വിധിച്ചു. കൂടാതെ പരാതിക്കാരായ സ്‌കൂളിന് നഷ്ടപരിഹാരമായി 3000 ദിര്‍ഹമും ഇരുവരും ചേര്‍ന്ന് നല്‍കണം.

സ്വകാര്യ സ്‌കൂളില്‍ കുട്ടികളെ ചേര്‍ത്തശേഷം പിതാവ് ട്യൂഷന്‍ ഫീസ് അടച്ചിരുന്നില്ല. തുടര്‍ന്നാണ് കുടിശ്ശികയായ തുക ഭാഗികമായി തീര്‍ക്കാന്‍ ചെക്ക് നല്‍കിയത്. എന്നാല്‍, ചെക്ക്, പണം മാറാന്‍ കഴിയാത്ത വിധത്തില്‍ എഴുതി തയാറാക്കിയതിനാല്‍ ബാങ്കില്‍നിന്ന് മടങ്ങുകയായിരുന്നു.

കുടിശ്ശികയായ 197680 ദിര്‍ഹം പിതാവില്‍ നിന്ന് ഈടാക്കണം, ഇതില്‍ 142800 ദിര്‍ഹമിന് ചെക്ക് ഉടമയായ സ്ത്രീയെക്കൂടി ബാധ്യസ്ഥയാക്കണം, 15000 ദിര്‍ഹം നഷ്ടപരിഹാരം വേണം എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് സ്‌കൂള്‍ അധികൃതര്‍ സിവില്‍ കേസ് ഫയല്‍ ചെയ്തത്. ഇന്‍വോയ്‌സുകള്‍, അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റുകള്‍, മടങ്ങിയ ചെക്കിന്‍റെ പകര്‍പ്പ്, മുന്‍ ക്രിമിനല്‍ കേസിലെ വിധിന്യായം എന്നിവ തെളിവായി ഹാജരാക്കി.

തനിക്ക് വിഷയത്തില്‍ പങ്കില്ലെന്ന് കാണിച്ച് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് സ്ത്രീ വാദിച്ചെങ്കിലും കോടതി തള്ളി. സ്‌കൂളിന്‍റെ പേരില്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് ചെക്ക് നല്‍കിയതിനാലും തുക നല്‍കിയതായി തെളിയിക്കാന്‍ കഴിയാത്തതിനാലും അവര്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഫീസ് അടച്ചതായി സ്ഥാപിക്കാന്‍ പിതാവിനും കഴിഞ്ഞില്ല.

Tags:    
News Summary - School Fee Arrears: AED 197,000 Due

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.