അഭിമുഖത്തിൽ ലഫ്. ജനറൽ മുഹമ്മദ്‌ അൽ മർറി സംസാരിക്കുന്നു

‘വിസ അബദ്ധം പറ്റിയവർ അക്കാര്യം തുറന്നുപറഞ്ഞാൽ പൂർണ പിന്തുണ’

ദുബൈ: താമസ-വിസ നിയമലംഘനങ്ങളിലോ അബദ്ധങ്ങളിലോ പെട്ടുപോയ ശേഷം തെറ്റ് തിരുത്താനും നിയമവിധേയമായി ജീവിക്കാനും ആഗ്രഹിക്കുന്ന എല്ലാവർക്കും പൂർണ പിന്തുണയുമായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ). തങ്ങളെ സമീപിക്കുന്നവരെ കൃത്യമായ ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകി പുതിയൊരു ജീവിതത്തിലേക്ക് നയിക്കാനാണ് ജി.ഡി.ആർ.എഫ്.എ എന്നും മുൻഗണന നൽകുന്നതെന്ന് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ജി.ഡി.ആർ.എഫ്.എ ഹെഡ് ഓഫീസിൽ വ്യാജ ഫ്രീലാൻസ് വിസകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രഖ്യാപനത്തിനിടെ, എമിറേറ്റ്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരിട്ടെത്തി കാര്യം തുറന്നുപറയുന്ന ഏത് വ്യക്തിയെയും സഹായിക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്.

അറിഞ്ഞോ അറിയാതെയോ ചെറിയതോ വലിയതോ ആയ തെറ്റുകൾ സംഭവിച്ചവർ അത് തിരുത്താൻ മുന്നോട്ടുവരുമ്പോൾ, അവരെ പൂർണമായി പിന്തുണക്കും. ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും. അവർക്ക് സന്തോഷവും ആശ്വാസവും നൽകുന്ന രീതിയിലായിരിക്കും ഞങ്ങളുടെ സമീപനം. സ്ത്രീകളായാലും പുരുഷന്മാരായാലും കുട്ടികളായാലും ഞങ്ങളെ സമീപിക്കുന്ന ആർക്കും ഒരുബുദ്ധിമുട്ടും നേരിടേണ്ടി വരില്ല. ശരിയായ രീതിയിൽ ജീവിതം വീണ്ടും ആരംഭിക്കുന്നതുവരെ അവർക്കൊപ്പം ജി.ഡി.ആർ.എഫ്.എ ഉണ്ടാകുമെന്ന് ലഫ്. ജനറൽ മുഖമ്മദ് അൽ മർറി വ്യക്തമാക്കി.

അതിനിടെ, അനധികൃത വിസ തട്ടിപ്പുകൾക്കെതിരെ ദുബൈ കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജ ഫ്രീലാൻസ് വിസകൾ പ്രൊമോട്ട് ചെയ്യുകയും വിൽപ്പന നടത്തുകയും ചെയ്ത ഒരു ഗായകനെയും സഹായികളെയും കഴിഞ്ഞ ദിവസം ദുബൈ പൊലീസുമായി സഹകരിച്ച് ജി.ഡി.ആർ.എഫ്.എ അറസ്റ്റ് ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിലെ ജനപ്രീതി ദുരുപയോഗം ചെയ്ത് വ്യാജ വിസ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന ഇത്തരം സംഘങ്ങൾക്കെതിരെയും താമസ-വിസ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയും ശക്തമായ നിയമനടപടികൾ തുടരുമെന്ന് ദുബൈ ജി.ഡി.ആർ.എഫ്.എ വ്യക്തമാക്കി.

Tags:    
News Summary - ‘Full Support for Those Who Speak Out About Their Visa Mistakes’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.