പ്രിയ ഗായകൻ കുമാർ സാനുവുമൊത്ത്
വിടപറഞ്ഞത് പാട്ടിനോടൊട്ടിനിന്ന പ്രവാസത്തിന്‍റെ കൂട്ടുകാരൻ
ദുബൈ: നാടുവിട്ടാൽ പിന്നെ നിസാർ വയനാടിന്‍റെ അടുത്ത നാടായിരുന്നു ദുബൈ. പാട്ടിനോടൊട്ടിനിന്ന പ്രവാസത്തിന്‍റെ ഉറ്റ കൂട്ടുകാരൻ. വൈവിധ്യമാർന്നതും വേറിട്ടതുമായ ഗാനധാരയിലൂടെ നിസാർ ഇവിടെ നട്ടുവളർത്തിയത് സൗഹൃദത്തിന്‍റെ വലിയൊരു മേച്ചിൽപ്പുറമായിരുന്നു. ദുബൈയിലെ വിവിധ മേഖലകളിൽ അത്ര വിശാലമായ സുഹൃദ് വലയമാണ് തന്‍റെ കലാസപര്യയിലൂടെ നിസാർ പടുത്തുയർത്തിയത്. അതുകൊണ്ടുതന്നെ, കളിച്ചും ചിരിച്ചും പാടിയും ആ സൗഹൃദത്തിന് ഈണവും താളവും നൽകിയ പ്രിയകൂട്ടുകാരൻ പൊടുന്നനെ വിട്ടുപിരിഞ്ഞ വാർത്ത കേട്ട് വിറങ്ങലിച്ചിരിക്കുകയാണ് നിസാറിന്‍റെ ദുബൈയിലെ ചങ്ങാതിക്കൂട്ടം.
ഉദിത് നാരായണും കലാഭവൻ മണിയും മാപ്പിളപ്പാട്ടുകളുമൊക്കെയായി പലവിധ പാട്ടിന്‍റെ മേളപ്പെരുക്കം തീർത്ത ഗായകനായിരുന്നു നിസാർ. ആസ്വാദകർക്ക് വേണ്ടതെല്ലാം ആ ശേഖരത്തിലുണ്ടായിരുന്നു. ആഗസ്റ്റ് പകുതിയോടെയാണ് ഇക്കുറി ദുബൈയിലെത്തിയത്. ഇന്ത്യൻ അസോസിയേഷന്‍റെയും മറ്റും സ്വാതന്ത്ര്യദിന പരിപാടികളിൽ പാട്ടും ചിരികളുമായി കാണികളെ രസിപ്പിച്ച നിസാർ, ഹനാൻ ഷാ പങ്കെടുത്ത സ്വകാര്യ പരിപാടിയിലെയും ആകർഷണമായിരുന്നു. തുടർന്ന് ഓണത്തിനും ദുബൈയിലെ പല പരിപാടികളിലും മധുരമൂറുന്ന പാട്ടിന്‍റെ കെട്ടഴിച്ചു.
ഇവിടെ വിമാനമിറങ്ങിയാൽ പിന്നെ കൂട്ടുകാർക്കൊപ്പമാണ് നിസാറിന്‍റെ ജീവിതമെന്ന് ഒന്നര പതിറ്റാണ്ടായി അടുത്ത സുഹൃത്തും ‘ഇവൈന്റഡ്സ്’ എം.ഡിയുമായ യാസിർ ഹമീദ് പറഞ്ഞു. ‘വർഷങ്ങളായി ദുബൈയിലെ കലാവേദികളിലെ നിറസാന്നിധ്യമാണവൻ. അതുകൊണ്ടുതന്നെ ഇവിടെ എല്ലായിടത്തും കലാപ്രേമികളായ ഒരുപാടു കൂട്ടുകാരുണ്ട്. ഏതു കൂട്ടത്തിലും അലിഞ്ഞുചേരുന്ന വിനയവും സൗഹൃദവുമായിരുന്നു അവന്‍റെ സവിശേഷത. ഇവിടെയെത്തിയാൽ സുഹൃത്തുക്കളുടെ വീടുകളിലും റൂമുകളിലുമൊക്കെയാവും താമസം. വളരെ അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്. രണ്ടു ദിവസം മുമ്പുവരെ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. രാത്രി ഒന്നിച്ച് ഭക്ഷണമൊക്കെ കഴിച്ച് ഏറെ നേരം പാട്ടും വർത്തമാനവുമൊക്കെയായി സമയം ചെലവഴിക്കാറാണ് പതിവ്. ഈ വിയോഗം വല്ലാതെ വേദനിപ്പിക്കുന്നതായി’ -മൻഖൂർ ആസ്റ്റർ ആശുപത്രിയിലുള്ള പ്രിയസുഹൃത്തിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങളിലാണ് യാസിർ ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ.
ഞായറാഴ്ച ദുബൈയിൽ ഒരു പരിപാടി അവതരിപ്പിക്കാനിരിക്കേയാണ് പനി മൂർച്ഛിച്ചതും മരണം സംഭവിച്ചതും. 11ന് സൗദിയിലും പരിപാടി ഉണ്ടായിരുന്നു. തിരിച്ചെത്തി 13ന് ദുബൈയിൽ ഗാനമേളയിൽ പങ്കെടുക്കാനിരിക്കേയാണ് ദുബൈയിലെ സഹൃദയ ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി നിസാർ വയനാടിന്‍റെ ഈ അപ്രതീക്ഷിത മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.