കോഴിക്കോട്​ കുറ്റിച്ചിറ സ്വദേശി അനസ്​ കാതിയാരകം എമിറേറ്റ്സ് ലേബർ മാർക്കറ്റ് പുസ്കാരം ഏറ്റുവാങ്ങുന്നു

എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് മലയാളിക്ക്

അബൂദബി: യു.എ.ഇ സ്വകാര്യ തൊഴിൽ മേഖലയിലെ ഏറ്റവും വലിയ പുരസ്കാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്​ മലയാളിക്ക്​. കോഴിക്കോട്​ കുറ്റിച്ചിറ സ്വദേശി അനസ്​ കാതിയാരകത്തിനാണ്​ അവാർഡ്​. 24 ലക്ഷം രൂപയുടെ (ഒരു ലക്ഷം ദിർഹം) കാഷ് അവാർഡ്, സ്വർണ നാണയം, ആപ്പിൾ വാച്ച്, ഫസ പ്ലാറ്റിനം പ്രിവിലേജ് കാർഡ്, പ്രത്യേക ഇൻഷുറൻസ് കാർഡ് എന്നിവയാണ്​ സമ്മാനം. ഏറ്റവും മികച്ച വിദഗ്ധ തൊഴിലാളി വിഭാഗത്തിലാണ്​ അനസ്​ തെരഞ്ഞെടുക്കപ്പെട്ടത്​.

മാനേജ്‌മെന്‍റ്​, എക്സിക്യൂട്ടിവ് വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അപേക്ഷകരിൽ നിന്ന് മാനവ വിഭവശേഷി മന്ത്രായലയമാണ്​ പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്​. ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സിൽ റീജനൽ ഹ്യൂമൻ റിസോഴ്സ് മാനേജറാണ്​ അനസ്​. പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്മെന്‍റ്​ ആൻഡ് ഫോളൻ ഹീറോസ് അഫയേഴ്സ്​ ഡെപ്യൂട്ടി ചെയർമാൻ ത്വയ്യിബ്​ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ അബൂദബിയിൽ പുരസ്കാരം സമ്മാനിച്ചു. ഖദീജ ജിഷ്ണിയാണ് അനസിന്റെ ഭാര്യ. മക്കൾ ഹൈറിൻ, ഹായ്‌സ്, ഹൈസ.

അവാർഡിൽ വ്യക്തിഗത വിഭാഗത്തോടൊപ്പം സ്ഥാപനങ്ങളുടെ വിഭാഗത്തിലും ബുർജീൽ ഹോൾഡിങ്സ് പുരസ്കാരം നേടിയിട്ടുണ്ട്​. അബൂദബിയിലെ എൽ.എൽ.എച്ച് ഹോസ്പിറ്റലിന് ഹെൽത്ത്കെയർ കമ്പനി ഉപവിഭാഗത്തിലാണ് അംഗീകാരം ലഭിച്ചത്. ലേബർ മാർക്കറ്റ് അവാർഡിൽ എൽ.എൽ.എച്ച് ഹോസ്പിറ്റലിന് ഇത് ഹാട്രിക് വിജയമാണ്. വിദഗ്ദ്ധ സമിതികൾ പരിശോധിച്ച 18,000ത്തിലധികം അപേക്ഷകളിൽ നിന്നാണ് കമ്പനികളും വ്യക്തികളും ഉൾപ്പെടുന്ന വിജയികളെ തെരഞ്ഞെടുത്തത്.

Tags:    
News Summary - Emirates Labor Market Award goes to Malayali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.