എമിറേറ്റ്സ് കാര്‍ഷിക സമ്മേളനവും പ്രദര്‍ശനവും 2025 പരിപാടിയിലെ ലുലുവിന്റെ പ്രദർശനം
അൽഐൻ: യു.എ.ഇയിലെ ഏറ്റവും വലിയ കാര്‍ഷിക പ്രദര്‍ശനങ്ങളിലൊന്നായ ‘എമിറേറ്റ്സ് കാര്‍ഷിക സമ്മേളനവും പ്രദര്‍ശനവും 2025’ അല്‍ഐനിലെ അഡ്നോക് സെന്ററില്‍ ആരംഭിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോർട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാന്റെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനം യു.എ.ഇയുടെ കാര്‍ഷിക പാരമ്പര്യവും വളര്‍ച്ചയും നവീന ആശയങ്ങളും അടയാളപ്പെടുത്തുന്നതാണ്. ഈ മാസം 31 വരെ നടക്കുന്ന എക്സിബിഷനിൽ വിവിധ മന്ത്രാലയങ്ങൾ, മുൻനിര കോർപറേറ്റ് കമ്പനികൾ, യൂനിവേഴ്സിറ്റികൾ, സ്കൂൾ വിദ്യാർഥികൾ തുടങ്ങിയവർ ഭാഗമാകും.
കാർഷിക വികസനം വേഗത്തിലാക്കുന്നതിനും സുസ്ഥിര കൃഷി രീതികള്‍ മെച്ചപ്പെടുത്തുന്നതിനും ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതി കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള ആശയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. നാലു ദിവസങ്ങളിലായി വിദഗ്ധർ നയിക്കുന്ന പാനൽ ചർച്ചകളും എക്സിബിഷന്റെ ഭാഗമായുണ്ട്.
ലുലു ഗ്രൂപ്പും എമിറേറ്റ്സ് കാര്‍ഷിക സമ്മേളനത്തിൽ പ്രദർശനം സജ്ജീകരിച്ചിട്ടുണ്ട്. യു.എ.ഇയിലെ ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണി സാധ്യത ലഭ്യമാക്കുന്നതിനായി നാഷനൽ അഗ്രികൾച്ചറൽ സെന്ററുമായി ലുലു ഗ്രൂപ് പുതിയ ധാരണപത്രം ഒപ്പുവെക്കുകയും ചെയ്തു.
യു.എ.ഇ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിന്ത് അബ്ദുല്ല അല്‍ ദഹക്കിന്റെ സാന്നിധ്യത്തിൽ നാഷനൽ അഗ്രികൾച്ചർ സെന്റർ ഡയറക്ടർ സുൽത്താൻ സലാം അൽ ഷംസി, ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ അഷറഫ് അലി എം.എ എന്നിവർ ചേർന്ന് ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചു. ലുലു സി.ഇ.ഒ സെയ്ഫി രൂപാവാല, ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ സലിം എം.എ എന്നിവരും ചടങ്ങിൽ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.