ഇലക്​ട്രിക്​ വാഹന സജ്ജീകരണം; ജി.സി.സിയിൽ ഒന്നാമത്​ യു.എ.ഇ

ദുബൈ: ഇലക്ട്രിക് വാഹന (ഇ.വി) സജ്ജീകരണത്തിൽ ജി.സി.സി രാജ്യങ്ങളിൽ ഒന്നാമതെത്തി യു.എ.ഇ. ആർതർ ഡി. ലിറ്റിലിന്‍റെ ‘ഗ്ലോബൽ ഇലക്ട്രിക് മൊബിലിറ്റി റെഡിനസ് ഇൻഡക്സ് 2026’ (ജെംറിക്സ്​) റിപ്പോർട്ട് പ്രകാരം 53 പോയന്‍റോടെ ആഗോളതലത്തിൽ 22-ാം സ്ഥാനമാണ് യു.എ.ഇക്ക്​. 2025ൽ യു.എ.ഇയിൽ വിറ്റഴിക്കപ്പെട്ട പുതിയ വാഹനങ്ങളിൽ ഏകദേശം ഒമ്പത്​ ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരുന്നു. ഇതിൽ ആറുമുതൽ എട്ടുശതമാനം വരെ പൂർണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്നവയും (ബി.ഇ.വി), 2.5 ശതമാനം പ്ലഗ്-ഇൻ ഹൈബ്രിഡ് (പി.എച്ച്​.ഇ.വി) വാഹനങ്ങളുമാണ്.

രാജ്യത്തെ ചാർജിങ്​ ഇൻഫ്രാസ്ട്രക്ചർ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ചാർജിങ്​ പോയന്‍റുകളുടെ എണ്ണം ഏകദേശം 2,800 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 1,250 ഡയറക്ട് കറന്‍റ്​ (ഡി.സി) ചാർജറുകളും 350 ഹൈ-പവർ ചാർജിങ്​ യൂനിറ്റുകളും ഉൾപ്പെടുന്നു. 2050ഓടെ റോഡുകളിൽ 50 ശതമാനവും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റാനാണ് യു.എ.ഇ ലക്ഷ്യമിടുന്നത്. കൂടാതെ, 2030ഓടെ ദുബൈയിലെ ആകെ വാഹനങ്ങളുടെ 15 ശതമാനത്തിലധികം ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനും പദ്ധതിയുണ്ട്.

മാക്രോ ഇക്കണോമിക് ഘടകങ്ങൾ, ഇ.വി വിപണി, ഉപഭോക്തൃ സജ്ജീകരണം, പൊതു ചാർജിങ്​ സൗകര്യങ്ങൾ, ഉടമസ്ഥതാ ചെലവും നിയന്ത്രണങ്ങളും എന്നിങ്ങനെ അഞ്ച് പ്രധാന വശങ്ങൾ വിലയിരുത്തി 31 രാജ്യങ്ങളിലാണ് സർവേ നടത്തിയത്. പട്ടികയിൽ 106 പോയന്‍റോടെ ചൈന ഒന്നാമതും 103 പോയ​ന്‍റോടെ നോർവേ രണ്ടാമതുമെത്തി. പരമ്പരാഗത ഇന്ധന വാഹനങ്ങൾക്ക് തുല്യമായ ഇ.വി സജ്ജീകരണം സൂചിപ്പിക്കുന്ന 100 പോയന്‍റിന് മുകളിൽ നേടിയ ഒരേയൊരു രാജ്യങ്ങൾ ഇവയാണ്. 96 പോയന്‍റുമായി സിംഗപ്പൂരും 90 പോയന്‍റോടെ നെതർലാൻഡ്‌സും തൊട്ടുപിന്നിലുണ്ട്.

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വെറും വാഹന സാങ്കേതികവിദ്യയെ മാത്രം ആശ്രയിച്ചല്ല, ഇൻഫ്രാസ്ട്രക്ചർ, നയങ്ങൾ, ആനുകൂല്യങ്ങൾ, ഊർജ്ജ സംവിധാനങ്ങൾ എന്നിവയടങ്ങിയ ഒരു സംയോജിത ആവാസവ്യവസ്ഥയെ ആശ്രയിച്ചാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. യു.എ.ഇയുടെ ഈ നേട്ടം മേഖലയിലെ വ്യക്തമായ കാഴ്ചപ്പാടിനെയും തയാറെടുപ്പുകളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ആർതർ ഡി. ലിറ്റിൽ മിഡിൽ ഈസ്റ്റ് ലീഡ് ജോസഫ് സലേം പറഞ്ഞു. ഓരോ വിപണിയുടെയും സവിശേഷതകൾ മനസ്സിലാക്കി മുന്നേറുന്ന രാജ്യങ്ങൾക്കാണ് കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുകയെന്ന് ഓട്ടോമോട്ടീവ് പാർട്ണർ അലക്സാണ്ടർ ക്രൂഗ്​ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Electric vehicle deployment; UAE leads in GCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.