ഷാർജ: യു.എ.ഇയുടെ 54ാമത് ദേശീയദിനത്തിന്‍റെ ഭാഗമായി നവംബർ 29ന് ഖോർഫക്കാൻ ആംഫി തിയറ്ററിൽ പ്രത്യേക ആഘോഷ പരിപാടികൾ അരങ്ങേറും. റോമൻ ശൈലിയിൽ നിർമിച്ച വേദിയിൽ പ്രമുഖ ഖലീജി കലാകാരന്മാരുടെ അവിസ്മരണീയമായ പ്രകടനം ഉൾപ്പെടെ വിവിധ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഗായകരായ ഹുസൈൻ അൽ ജാസ്മി, ഫൗദ് അബ്ദുൽ വാഹിദ് എന്നിവരും 29ന് രാത്രി നടക്കുന്ന ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടും.
വ്യത്യസ്ത അറബി ഭാഷ ശൈലിയിൽ ഗാനം ആലപിക്കുന്ന അൽ ജാസ്മി അറബ് ലോകത്ത് ഏറെ പ്രശസ്തനാണ്. ഖലീജി പാട്ടുകളിലൂടെയാണ് അബ്ദുൽ വാഹിദ് പ്രശസ്തനായത്. യു.എ.ഇയിലെ സ്വദേശികൾക്കിടയിൽ വലിയ ആരാധകരുള്ള ഗായകനാണ് അബ്ദുൽ വാഹിദ്. പ്ലാറ്റിനം ലിസ്റ്റിൽ സംഗീത പരിപാടികൾക്കുള്ള ടിക്കറ്റുകൾ ലഭ്യമാണ്.
റോമൻ വാസ്തവിദ്യയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഖോർഫക്കാനിലെ ആംഫി തിയറ്റർ ഷാർജയിലെ പ്രധാന വിനോദ സഞ്ചാര ആകർഷണങ്ങളിൽ ഒന്നുകൂടിയാണ്. 17,00 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന തിയറ്ററിൽ 3500 സന്ദർശകരെ ഉൾക്കൊള്ളും. 1971 ഡിസംബർ രണ്ട് ഏഴ് എമിറേറ്റുകളുടെയും ചരിത്രപരമായ ഏകീകരണത്തിന്‍റെ സ്മരണക്കായി എല്ലാ വർഷവും ഡിസംബർ ആദ്യം യു.എ.ഇ ഈദ് അൽ ഇത്തിഹാദ് ആഘോഷിച്ചു വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.