വിദ്യഭ്യാസ സ്ഥാപനങ്ങൾ ക്ലാസ്​ മുറി പഠനത്തിന്​ സജ്ജം

ദുബൈ: യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിട്ടുള്ള പഠനത്തിലേക്ക് ഘട്ടംഘട്ടമായി മടങ്ങാൻ സജ്ജമാണെന്ന് വിദ്യാഭ്യാസ, മാനവ വിഭവശേഷി, സാമൂഹിക വികസന കൗൺസിൽ അറിയിച്ചു. ഈ ആഴ്ച മുതൽ നഴ്സറികൾ ഘട്ടംഘട്ടമായി വീണ്ടും തുറക്കാനും തീരുമാനിച്ചിട്ടുണ്ട്​. ആദ്യ ഘട്ടത്തിൽ സർക്കാർ കെട്ടിടങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലുമുള്ള നഴ്സറികൾ ആരംഭിക്കും. മറ്റു നഴ്സറികൾക്ക് അംഗീകൃത മാർഗനിർദേശങ്ങൾ പ്രകാരം ഹോം-ബേസ്ഡ് പരിചരണ സേവനങ്ങൾ നൽകാൻ അനുമതി ഉണ്ടായിരിക്കും.

സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ പഠനം തുടരുമോ എന്നതിനെക്കുറിച്ച വിശദാംശങ്ങൾ ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രാലയവും ബന്ധപ്പെട്ട അധികൃതരും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കൗൺസിൽ അറിയിച്ചു. ഇതുവഴി ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും വ്യക്തത നൽകാനാണ് ലക്ഷ്യമിടുന്നത്​. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സന്നദ്ധത വർധിപ്പിക്കുന്നതിനായി സമഗ്ര പരിശീലന പരിപാടികളും സൗകര്യ വികസന പ്രവർത്തനങ്ങളും നടപ്പിലാക്കുന്നുണ്ട്. നഴ്സറികൾ, സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിൽ സ്റ്റാഫിനെ പരിശീലിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്​.

മേഖലയിലെ സാഹചര്യത്തെ തുടർന്ന്​ ആരംഭിച്ച വിദൂര പഠനത്തിന്​ ശേഷം സ്ഥാപനങ്ങൾ തുറക്കുന്നതിന് മുന്നോടിയായി വിവിധ മന്ത്രാലയങ്ങളും പ്രാദേശിക വിദ്യാഭ്യാസ അധികൃതരും ഫീൽഡ് പരിശോധനകൾ നടത്തും. സുരക്ഷാ മാനദണ്ഡങ്ങളും പ്രവർത്തന നിർ​ദേശങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കലാണ് പരിശോധനകളുടെ പ്രധാന ലക്ഷ്യം. ആവശ്യാനുസരണം നേരിട്ടുള്ള പഠനത്തിലും ഓൺലൈൻ പഠനത്തിലും മാറിമാറി പോകാൻ കഴിയുന്ന ഫ്ലെക്സിബിൾ സംവിധാനവും കൗൺസിൽ വികസിപ്പിച്ചിട്ടുണ്ട്. മാറിവരുന്ന സാഹചര്യങ്ങളിൽ വിദ്യാഭ്യാസം തടസമില്ലാതെ തുടരാൻ ഇത് സഹായിക്കുന്ന സംവിധാനമാണിത്​.

Tags:    
News Summary - Educational institutions ready for classroom learning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.