തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഇലക്ട്രിക് ബൈക്കിന്റെ ലോഞ്ചിങ് ചടങ്ങ്
ഷാർജ: തദ്ദേശീയമായി നിർമിച്ച ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി ഷാർജ. സുൽമി ഇബി- വൺ എന്ന പേരിലാണ് ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്ക് (സ്ട്രിപ്) ഇ.വി. ബൈക്ക് പുറത്തിറക്കിയത്. മേഖലയിലെ ഏറ്റവും വലിയ സ്റ്റാർട്ട്അപ് സംരംഭമായ സ്ട്രിപിന്റെ സോയിലാബിൽ വികസിപ്പിച്ച ആദ്യ തദ്ദേശ ഉൽപന്നമാണിത്. ‘മെയ്ഡ് ഇൻ ദ യു.എ.ഇ’ കാമ്പയിന് കീഴിൽ നിർമിച്ച ബൈക്ക് ഗതാഗത മേഖലയിൽ കാർബൺ ബഹിർഗമനം കുറയ്ക്കുക എന്ന യു.എ.ഇയുടെ ആശയവുമായി പൊരുത്തപ്പെടുന്നതാണ്.
മണിക്കൂറിൽ 150 കിലോമീറ്ററാണ് ബൈക്കിന്റെ വേഗത. ഒറ്റ ചാർജിൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കാം. ഓടിക്കുന്നവരുടെ സുരക്ഷക്കായുള്ള ഇന്റലിജന്റ് സാങ്കേതിക വിദ്യകളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തദ്ദേശ സ്റ്റാർട്ട്-അപ്പ് സംരംഭമായ സുൽമി ഇബി - വൺ, സ്ട്രിപ് അധ്യക്ഷ ശൈഖ ബുദൂർ അൽ ഖാസിമി, വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഒമർ അൽ സുവൈദി, സി.ഇ.ഒ ഹുസൈൻ അൽ മഹമൂദി, മറ്റ് ഉദ്യോഗസ്ഥർ, ബിസിനസുകാർ, മാധ്യമ പ്രവർത്തകർ എന്നിവർ ലോഞ്ചിങ് ചടങ്ങിൽ പങ്കെടുത്തു. തദ്ദേശമായി രൂപകല്പന ചെയ്തതും നിർമിച്ചതുമായ ഒരു ഉൽപന്നം സ്ട്രിപിൽ നിർമിക്കാനായി എന്നത് അഭിമാനകരമായ നിമിഷമാണെന്ന് സ്ട്രിപ് സി.ഇ.ഒ ഹുസൈൻ അൽ മഹ്മൂദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.