കുട്ടികൾക്കൊപ്പം ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ
ജനുവരി ഏഴ് ‘സായിദ് ദി ഫൗണ്ടർ ഡേ’ പുതിയ ദേശീയ വേള പ്രഖ്യാപിച്ച് യു.എ.ഇ
അബൂദബി: യു.എ.ഇയുടെ രാഷ്ട്രപിതാവ് അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്‍റെ ജീവിതത്തെയും സേവനങ്ങളെയും അനുസ്മരിക്കുന്നതിനായി പുതിയ ദേശീയ വേള പ്രഖ്യാപിച്ച് യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. എല്ലാ വർഷവും ജനുവരി ഏഴിന് ‘സായിദ് ദി ഫൗണ്ടർ ഡേ’ ആയി ആചരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. രാഷ്ട്രപിതാവിന്‍റെ ദീർഘവീക്ഷണത്തിനും ഔദാര്യത്തിനും മനുഷ്യസേവനത്തിനുമുള്ള ആദരവായാണ് ഈ ദിനം നീക്കിവെച്ചിരിക്കുന്നത്.
ശൈഖ് സായിദ് ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ രാജ്യ പുരോഗതിക്കും ഭാവി പ്രയാണത്തിനും എന്നും പ്രചോദനമായി നിലനിൽക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ഹൃദയങ്ങളിൽ രാഷ്ട്രപിതാവ് എന്നും ജീവിക്കുന്നുണ്ട്. യൂനിയൻ സ്ഥാപിക്കുന്നതിനും രാജ്യത്തിന്‍റെ അടിത്തറ ഭദ്രമാക്കുന്നതിനും അദ്ദേഹം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു. പുതിയ ദേശീയ വേള പ്രഖ്യാപനത്തെ യു.എ.ഇ വൈസ് പ്രസിഡന്‍റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സ്വാഗതം ചെയ്തു. ഈ ദിനം രാജ്യത്തിന്‍റെ ഐക്യത്തിന്‍റെയും ഒരുമയുടെയും ആഘോഷമായിരിക്കുമെന്നും തലമുറകൾക്ക് പ്രചോദനമായ നേതാവാണ് ശൈഖ് സായിദെന്നും അദ്ദേഹം അനുസ്മരിച്ചു.
വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനും മറ്റ് പ്രമുഖ ഭരണാധികാരികളും തീരുമാനത്തെ പ്രശംസിച്ചു. 1971 ഡിസംബർ രണ്ടിന് എമിറേറ്റുകളെ സംയോജിപ്പിച്ച് യു.എ.ഇ എന്ന രാഷ്ട്രം രൂപീകരിച്ചതു മുതൽ 2004ൽ അന്തരിക്കുന്നത് വരെ രാജ്യത്തിന്‍റെ വികസനത്തിന് നേതൃത്വം നൽകിയത് ശൈഖ് സായിദായിരുന്നു.
അദ്ദേഹത്തിന്‍റെ ഭരണകാലത്ത് 117ലധികം രാജ്യങ്ങളിലേക്ക് 9000 കോടിയിലധികം ദിർഹമിന്‍റെ മാനുഷിക-വികസന സഹായങ്ങളാണ് യു.എ.ഇ എത്തിച്ചുനൽകിയത്. അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി, റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി എന്നിവരും പ്രഖ്യാപനത്തെ പ്രകീർത്തിച്ചു. രാഷ്ട്രപിതാവിന്‍റെ മൂല്യങ്ങളും തത്വങ്ങളും വരുംതലമുറകളിലേക്ക് കൈമാറാനും യൂനിയന്‍റെ നേട്ടങ്ങൾ സംരക്ഷിക്കാനും ഈ ദേശീയ ദിനം സഹായിക്കുമെന്ന് അവർ വ്യക്തമാക്കി.
ശൈഖ് സായിദിന്‍റെ സംഭാവനകളെ അന്താരാഷ്ട്ര തലത്തിലും രാജ്യത്തിനകത്തും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ‘ദി ഫൗണ്ടേഴ്സ് ഓഫീസ്’ സ്ട്രാറ്റജിക് പ്ലാനിന് മുമ്പ് അംഗീകാരം നൽകിയിരുന്നു. കഴിഞ്ഞ വർഷം തുറന്ന അബൂദബിയിലെ ‘സായിദ് നാഷനൽ മ്യൂസിയം’ ഉൾപ്പെടെ, അദ്ദേഹത്തിന്‍റെ നാമധേയത്തിലുള്ള നിരവധിയായ പദ്ധതികളും സ്ഥാപനങ്ങളും ലോകമെമ്പാടും ശൈഖ് സായിദിന്‍റെ ഓർമകളെയും മാനുഷിക മൂല്യങ്ങളെയും ഇന്നും നിലനിർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.