ഇന്ധന വിലവർധന: ദുബൈ ടാക്സി നിരക്കുകളും കൂടി

ദുബൈ: യു.എ.ഇയിൽ ഇന്ധനവില കൂടിയതോടെ ദുബൈയിലെ ടാക്സി ചാർജും വർധിച്ചതായി റോഡ് ട്രാൻസ്പോർട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. മിനിമം ചാർജിൽ വർധന വരുത്താതെ കിലോമീറ്ററിന് ഈടാക്കുന്ന നിരക്കിലാണ് ആനുപാതിക വർധനവുണ്ടായിരിക്കുന്നത്. അതേസമയം മെട്രോ, ട്രാം, ബസ് നിരക്കുകളെ പെട്രോൾ, ഡീസൽ വിലവർധന ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ ആർ.ടി.എ ടാക്സികൾക്ക് 12 ദിർഹമാണ് മിനിമം നിരക്ക്. ഈ നിരക്ക് വർധിക്കില്ലെങ്കിലും കിലോ മീറ്ററിന് ഈടാക്കുന്ന ചാർജിൽ മാറ്റമുണ്ടാകും. ഇത്തരത്തിൽ കിലോമീറ്ററിന് 1.99 ദിർഹമായിരുന്ന നിരക്ക് 2.21ദിർഹമായി മാറിയിട്ടുണ്ടെന്നാണ് ടാക്സി ഡ്രൈവർമാർ പറയുന്നത്.

പുതിയ നിരക്കിൽ 10 കിലോമീറ്റർ സഞ്ചരിക്കുന്ന ഒരാൾക്ക് 2.20 ദിർഹം കൂടുതലായി നൽകേണ്ടിവരും. നേരത്തെ ഷാർജ ടാക്സിയും ഉബറും നിരക്ക് കൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ടാക്സി സേവന ദാതാക്കളായ ഉബറിന്‍റെ ചില ട്രിപ്പുകൾക്ക് 11 ശതമാനം വരെ വർധനവുണ്ടായേക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നിരുന്നു. ഉപഭോക്താക്കൾക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ഇന്ധന വില വർധനയുടെ ഭാരം ഡ്രൈവർമാരെ കാര്യമായി ബാധിക്കാതിരിക്കാനാണ് നിരക്ക് വർധനയെന്നും അവർ പറയുന്നു.

ഇന്ധന വിലയ്ക്ക് അനുസരിച്ച് ടാക്സി നിരക്ക് കൂടുകയും കുറയുകയും ചെയ്യുന്ന സംവിധാനം ഷാർജ ടാക്സി നടപ്പാക്കിയിരുന്നു. ഷാർജയിലെ ടാക്സി നിരക്ക് ഓരോ മാസവും മാറിക്കൊണ്ടിരിക്കും. ഇന്ധന വില കൂടുന്നതിനനുസരിച്ച് ടാക്സിനിരക്ക് വർധിക്കുകയും കുറഞ്ഞാൽ നിരക്ക് കുറയുകയും ചെയ്യും. നിലവിൽ 10 ദിർഹമാണ് മിനിമം നിരക്ക്. രാജ്യത്ത് വീണ്ടും ഇന്ധന വില വർധിച്ചിരിക്കയാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഈ മാസം നൽകേണ്ടിവരുന്നത്. 4.15 ദിർഹമായിരുന്ന സൂപ്പർ പെട്രോളിന് 4.63 ദിർഹമായി വർധിച്ചു. 11.5 ശതമാനം വർധന. സ്പെഷലിന് 4.03 ദിർഹമിൽ നിന്ന് 4.52 ദിർഹമായി (12.1 ശതമാനം വർധന). ഡീസൽ വില 14.9 ശതമാനമാണ് കൂടിയത്.

Tags:    
News Summary - \Dubai taxi fare increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.