ഗാർഹിക തൊഴിലാളികളെ നിയമിക്കുമ്പോൾ ശ്രദ്ധ വേണം; മുന്നറിയിപ്പുമായി ദു​ബൈ പൊലീസ്

ദുബൈ: താൽക്കാലിക ഗാർഹിക തൊഴിലാളികളെയോ മണിക്കൂർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെയോ നിയമിക്കുമ്പോൾ ലൈസൻസുള്ളതും അംഗീകൃതവുമായ ഏജൻസികളുമായും കമ്പനികളുമായും മാത്രം ഇടപാടുകൾ നടത്താൻ ദുബൈ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. വീടുകളുടെയും സ്വത്തുക്കളുടെയും സംരക്ഷണത്തിനും കമ്യൂണിറ്റിയുടെ സുരക്ഷ വർധിപ്പിക്കുന്നതിനും ഇത് അത്യാവശ്യമാണെന്ന് ദുബൈ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപാർട്ട്‌മെന്‍റിന് കീഴിലുള്ള ക്രൈം പ്രിവൻഷൻ ഡിപാർട്ട്‌മെന്‍റ്​ വ്യക്തമാക്കി. ഏതൊരു തൊഴിലാളിയെയും ജോലിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് അവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തണം.

അപരിചിതരോ അനുമതിയില്ലാത്തവരോ ആയ വ്യക്തികളെ വീടുകളിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നും ദുബൈ പൊലീസ് പറഞ്ഞു. താൽക്കാലിക തൊഴിലാളികൾ വീട്ടിലുള്ള സമയങ്ങളിൽ പണം, സ്വർണാഭരണങ്ങൾ അല്ലെങ്കിൽ മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ എളുപ്പത്തിൽ കാണാവുന്ന സ്ഥലങ്ങളിൽ സൂക്ഷിക്കരുത്​. രേഖകളും വിലപിടിപ്പുള്ള വസ്തുക്കളുമൊക്കെ സുരക്ഷിതമായി പൂട്ടി സൂക്ഷിക്കണം. കുട്ടികളുടെയും പ്രായമായ കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ അവരെ കൃത്യമായി നിരീക്ഷിക്കണമെന്നും, വിശ്വസ്തരല്ലാത്ത വ്യക്തികൾക്കൊപ്പം അവരെ തനിച്ചാക്കി പോകരുതെന്നും ദുബൈ പൊലീസ് ഓർമിപ്പിച്ചു.

താൽക്കാലിക ഗാർഹിക തൊഴിലാളികളുടെ ഭാഗത്തുനിന്ന് സംശയാസ്പദമായ എന്തെങ്കിലും പ്രവൃത്തികളോ പെരുമാറ്റങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ‘ദുബൈ പൊലീസ് സ്മാർട്ട് ആപ്പ്’ വഴിയോ അതിലെ ‘പൊലീസ് ഐ’ സേവനം വഴിയോ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. അടിയന്തരമല്ലാത്ത സാഹചര്യങ്ങളിൽ 901 എന്ന നമ്പറിലും ബന്ധപ്പെടാം.

Tags:    
News Summary - Dubai Police warns against hiring domestic workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.