പ്രതീകാത്മക ചിത്രം
ദുബൈ: വിവിധ രാജ്യങ്ങളിലെ ഫുട്ബാൾ പ്രേമികളുടെ വലിയൊരു കൂട്ടമാണ് യു.എ.ഇയിലുള്ളത്. ലോകകപ്പ് സമയത്ത് യു.എ.ഇയിലെ താമസക്കാർക്കിടയിൽ ആവേശം അതിന്‍റെ പരകോടിയിലാണുതാനും. കളികളെല്ലാം കുത്തിയിരുന്ന കാണാൻ താൽപര്യപ്പെടുന്നവരാണ് അവരിലേറെയും. എന്നാൽ, വടക്കേ അമരിക്കയിൽ കളിക്ക് പന്തുരുന്ന സമയക്രമം യു.എ.ഇയിലെ ആരാധകർക്ക് വലിയ വെല്ലുവിളിയാണ്. ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണണമെങ്കിൽ ജൂലൈ 19 വരെയുള്ള ഒരു മാസത്തിലേറെക്കാലം ഉറക്കത്തിന്‍റെ സമയക്രമമൊക്കെ മാറ്റിയേ തീരൂ.
രാത്രിമുതൽ രാവിലെ വരെ നീളുന്ന വ്യത്യസ്ത സമയങ്ങളിലാണ് കളികൾ മാറിമാറി വരുന്നത്. കനഡ, മെക്സികോ, യു.എസ് എന്നീ രാജ്യങ്ങൾ ആതിഥ്യമരുളുന്ന ടൂർണമെന്‍റിൽ യു.എ.ഇ സമയം രാത്രി 8.00, 9.00, 11.00, 12.00, 12.30, പുലർച്ചെ 1.00, 2.00, 3.30, 4.00, 5.00, 6.00, 7.00 എന്നീ സമയങ്ങളിലാണ് വിവിധ മത്സരങ്ങൾക്ക് തുടക്കമാവുന്നത്.
എന്നാൽ, ബഹുഭൂരിപക്ഷം പേരും അർധരാത്രിയിലെ മത്സര സമയങ്ങൾ വകവെക്കാതെ, 2026 ഫിഫ ലോകകപ്പ് മത്സരങ്ങൾ കാണാൻ താൽപര്യപ്പെടുന്നുവെന്നാണ് അവർക്കിടയിൽ നടത്തിയ ഒരു സർവേയുടെ കണ്ടെത്തൽ. ഗൾഫ് ടാലന്‍റ് എന്ന റിക്രൂട്ട്‌മെന്‍റ് പ്ലാറ്റ്‌ഫോം നടത്തിയ സർവേ പ്രകാരം, ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പിൽ കുറച്ചെങ്കിലും മത്സരങ്ങൾ കാണാൻ മിഡിലീസ്റ്റിലെ 84 ശതമാനം പ്രൊഫഷനലുകളും ഉദ്ദേശിക്കുന്നുണ്ട്. മേഖലയിലെ ഫുട്ബാൾ ആരാധകർ ഉറക്കമില്ലാത്ത രാത്രികൾക്കും ഉറക്കം തൂങ്ങുന്ന രാവിലെകൾക്കുമായി ഒരുങ്ങിയിരിപ്പാണ്.
കളത്തിൽ എട്ട് അറബ് രാജ്യങ്ങൾ
ഇത്തവണ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആയി ഉയർത്തിയതിനാൽ മത്സരങ്ങളുടെ എണ്ണവും കൂടുതലാണ്. സൗദി അറേബ്യ, ഖത്തർ, ഈജിപ്ത്, ജോർദാൻ, മൊറോക്കോ, തുനീഷ്യ, അൾജീരിയ, ഇറാഖ് എന്നീ എട്ട് അറബ് രാജ്യങ്ങൾ ഇത്തവണ യോഗ്യത നേടിയതിനാൽ ഗൾഫ് രാജ്യങ്ങളിൽ കളി കാണാൻ താൽപര്യപ്പെടുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ട്. മലയാളികൾ ഉൾപ്പെടെ, ഗൾഫിലെ വൻതോതിലുള്ള പ്രവാസികൾ അർജന്‍റീനയും ബ്രസീലും പോർചുഗലും ഇംഗ്ലണ്ടുമടക്കം യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയുമൊക്കെ പ്രബല ടീമുകളുടെ കടുത്ത ആരാധകരായതിനാൽ കാഴ്ചക്കാരുടെ എണ്ണം വർധിപ്പിക്കും.
ഉറക്കമൊഴിക്കാൻ മടിയില്ലാത്തവർ
മുഴുവൻ മത്സരങ്ങളും രാത്രിയിൽ നടക്കുന്നത് ഉറക്കത്തെ ബാധിക്കുമെങ്കിലും ജോലിക്ക് പോകുന്നതിനെ ബാധിക്കില്ലെന്നൊരു മറുവശം കൂടി ഫുട്ബാൾ ആരാധകർ ചൂണ്ടിക്കാട്ടുന്നു. പല മത്സരങ്ങളും ജോലിസമയത്തോടടുത്തോ അല്ലെങ്കിൽ ജോലി സമയത്തോ നടന്ന 2022ലെ ഖത്തർ ലോകകപ്പിൽ നിന്ന് വ്യത്യസ്തമാണ് ഇക്കുറി കാര്യങ്ങൾ.
ഈ വർഷത്തെ ടൂർണമെന്‍റിലെ എല്ലാ മത്സരങ്ങളും യു.എ.ഇ സമയപ്രകാരം രാത്രിയിൽ ആയിരിക്കുമെന്നത് തത്സമയം കളി കാണാൻ സാഹചര്യമൊരുക്കുമെന്ന് കളിക്കമ്പക്കാർ. രാത്രി സമയത്തെ കളികൾ ഉറക്കത്തെ ബാധിക്കില്ലേ എന്നു ചോദിക്കുമ്പോൾ ‘ലോകകപ്പ് കാലത്ത് എന്ത് ഉറക്കം?’ എന്നാണ് ദേരയിൽ ജോലി ചെയ്യുന്ന കടുത്ത ഫുട്ബാൾ പ്രേമിയായ പൊന്നാനി സ്വദേശി ഷൗക്കത്തലിയെ പോലുള്ളവരുടെ മറുപടി.
ലോകകപ്പ് കാണാൻ പദ്ധതിയിടുന്നവരിൽ പകുതിയോളം പേരും ചില മത്സരങ്ങൾക്കായി രാത്രി മുഴുവൻ ഉറക്കമൊഴിക്കാൻ മടിയില്ലാത്തവരെന്ന് സർവേ പറയുന്നു. ഒരു വിഭാഗം ആളുകൾ അർധരാത്രിക്ക് മുമ്പുള്ള മത്സരങ്ങൾ മാത്രം കാണാൻ പദ്ധതിയിടുന്നു. ഉറക്കത്തിന് മുൻതൂക്കം നൽകി, അടുത്ത ദിവസം ഹൈലൈറ്റുകളും റീപ്ലേകളും കാണുമെന്ന് പറയുന്നവർ ചെറിയൊരു വിഭാഗമാണ്.
ജോലിയെ ബാധിക്കുമോ?
അർധരാത്രിയിലെ മത്സരങ്ങൾ ജോലിസ്ഥലത്തെ ദിനചര്യകളെയും ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരം കാണുന്നത് തങ്ങളുടെ ജോലിയെ ബാധിക്കില്ലെന്ന് 45 ശതമാനം പേർ പറഞ്ഞപ്പോൾ, ഉറക്കച്ചടവിൽ ജോലിക്ക് ക്ഷീണിതരായി പോകേണ്ടി വരുമെന്ന് പറയുന്നത് 30 ശതമാനം പേരാണ്. എട്ടു ശതമാനം പേർ ജോലിക്ക് വൈകി ആരംഭിക്കുമെന്ന് പറയുന്നു. വാർഷിക അവധി ലോകകപ്പ് സമയത്ത് എടുക്കുന്ന ഏഴ് ശതമാനം പേരുമുണ്ട്. ആറു ശതമാനത്തോളം പേർ വർക് ഫ്രം ഹോം തെരഞ്ഞെടുക്കുമ്പോൾ രണ്ടു ശതമാനം പേർ മെഡിക്കൽ അവധിയെടുത്ത് കളി കാണുമെന്നും സർവേ പറയുന്നു. തൊഴിലുടമകളും ഫുട്ബാൾ ആവേശത്തിനായി തയാറെടുക്കുകയാണ്. ഗൾഫ് ടാലന്‍റ് സർവേയിൽ പങ്കെടുത്ത 72 ശതമാനം മാനേജർമാരും ടൂർണമെന്‍റ് സമയത്ത് ജോലി സമയത്തിൽ ഇളവ് നൽകാനോ പ്രധാന മത്സരങ്ങൾക്ക് സമയം അനുവദിക്കാനോ തയാറാണെന്ന് പറയുന്നു.
യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഈജിപ്ത്, ലെബനൻ, ജോർദാൻ എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലെ ഒമ്പത് രാജ്യങ്ങളിലായി 1,200 പ്രൊത്നലുകൾക്കിടയിലാണ് ഗൾഫ് ടാലന്‍റ് സർവേ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.