ഷാർജ: സന്നദ്ധപ്രവർത്തന രംഗത്തെ മികവിന് നൽകിവരുന്ന ഷാർജ അവാർഡ് ഫോർ വോളന്ററി വർകി(എസ്.എ.വി.ഡബ്യു)ന്റെ 22ാമത് എഡിഷനിൽ രണ്ട് അവാർഡുകൾ കരസ്ഥമാക്കി ദുബൈ പൊലീസ്. ഷാർജ എജുക്കേഷൻ അക്കാദമിയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ദുബൈ പൊലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ഹാപ്പിനസ് ഡയറക്ടർ ബ്രി. അലി ഖൽഫാൻ അൽ മൻസൂരി തുടർച്ചയായി രണ്ടാം വർഷവും ‘ഡിസ്റ്റിംഗ്വിഷ്ഡ് സപ്പോർട്ടർ ഓഫ് വോളന്റിയർ വർക്ക്’ അവാർഡ് നേടി. ഹിമായ സ്കൂൾ സംരംഭത്തിന് ‘സർക്കാർ സ്ഥാപനങ്ങളിലെ മികച്ച സന്നദ്ധ സംരംഭം’ അവാർഡും അദ്ദേഹം സ്വീകരിച്ചു. പ്രമുഖരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
ഹിമായ സ്കൂൾസ് ഓഫീസ് ഡയറക്ടർ ലെഫ്. കേണൽ അബ്ദുല്ല അൽ സുവൈദി, കമ്മ്യൂണിറ്റി റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ആക്ടിങ് ഡയറക്ടർ ക്യാപ്റ്റൻ സഈദ് അൽ കെത്ബി, ഹിമായ സ്കൂൾസ് ആൺകുട്ടികളുടെ വിഭാഗം മേധാവി ക്യാപ്റ്റൻ മുഹമ്മദ് ബിൻ ഷാഫിയ, വളണ്ടിയർ ഡിപ്പാർട്ട്മെന്റ് മേധാവി നൈമ അൽ സാരി എന്നിവരുൾപ്പെടെ ദുബൈ പൊലീസ് ടീം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
എല്ലാ പ്രായത്തിലുമുള്ള ആളുകളെയും സാമൂഹിക സേവനത്തിൽ പങ്കാളികളാക്കാൻ സ്വാഗതം ചെയ്യുന്ന ഒരു വളന്റിയർ പ്ലാറ്റ്ഫോം ദുബൈ പൊലീസ് ഒരുക്കിയിട്ടുണ്ട്. സുരക്ഷാ കാര്യങ്ങളിൽ സഹായിച്ചും, ബോധവൽകരണം വളർത്തിയും, സാമൂഹിക പദ്ധതികളിൽ പങ്കെടുത്തും സമൂഹത്തിന് സംഭാവന നൽകാനുള്ള വ്യത്യസ്ത വഴികൾ ഇതിലൂടെ ലഭ്യമാകുന്നുണ്ട്. ഈ വളന്റിയർമാർക്ക് സർട്ടിഫിറ്റുകളും അഭിനന്ദന അവാർഡുകളും നൽകിക്കൊണ്ട് കൂടുതൽ ആളുകളെ പദ്ധതിയിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
ഷാർജ അവാർഡ് ഫോർ വോളന്ററി വർക് ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങുന്ന ദുബൈ പൊലീസ് ഉദ്യോഗസ്ഥർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.