ദുബൈ: അന്തർദേശീയ ക്രിമിനൽ സംഘങ്ങൾക്കെതിരായ നടപടിയുടെ ഭാഗമായി ദുബൈ പൊലീസും യു.എ.ഇ ആഭ്യന്തര മന്ത്രാലയവും ചേർന്ന് സ്കോട്ടിഷ് ക്രിമിനൽ സംഘത്തിലെ പ്രധാനിയെ പിടികൂടി. കുപ്രസിദ്ധ കുറ്റകൃത്യ സംഘമായ ‘ലിയോൺസി’ലെ അംഗമാണ് പിടിയിലായത്.
ഇൻറർപോൾ റെഡ് നോട്ടീസിനെ തുടർന്ന് ദുബൈ വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് നടന്നത്. ആഗോള തലത്തിൽ കള്ളപ്പണം വെളുപ്പിക്കലും മറ്റു സംഘടിത കുറ്റകൃത്യങ്ങളും നേരിടുന്ന നടപടിയുടെ ഭാഗമായാണ് നിർണായക നേട്ടം ദുബൈ പൊലീസ് കൈവരിച്ചിരിക്കുന്നത്. ഇത് അന്താരാഷ്ട്ര സുരക്ഷ സഹകരണത്തിൽ യു.എ.ഇയുടെ ശക്തമായ പങ്ക് വീണ്ടും തെളിയിക്കുന്നതാണെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
‘ഓപറേഷൻ അർമോറം’ എന്ന അന്താരാഷ്ട്ര ഓപ്പറേഷന്റെ ഭാഗമായാണ് ഇന്‍റർപോൾ പ്രതിക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചത്.സ്പാനിഷ് കുറ്റാന്വേഷണ സംവിധാനം നേതൃത്വം നൽകിയ ഓപറേഷനിലൂടെ വിവിധ രാജ്യങ്ങളിലായി 14 പേരെ പിടികൂടിയിട്ടുണ്ട്. സംയുക്ത നടപടിയിൽ യൂറോപോൾ, യു.കെയിലെ നാഷണൽ ക്രൈം ഏജൻസി, യു.എസിലെ ഡ്രഗ് എൻഫോർഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ പ്രധാന ഏജൻസികളും പങ്കാളികളായി. നടപടിലയിലൂടെ കുറ്റകൃത്യ ശൃംഖലയിലെ അംഗങ്ങളെ കണ്ടെത്തുകയും പ്രവർത്തന ഘടന തകർക്കുകയും അനധികൃത സമ്പാദ്യങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
അന്വേഷണത്തിൽ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിൽ മയക്കുമരുന്ന് കടത്തും കള്ളപ്പണം വെളുപ്പിക്കലും ഈ സംഘം നടത്തിവന്നതായി കണ്ടെത്തി. ഷെൽ കമ്പനികളും സങ്കീർണമായ സാമ്പത്തിക ഇടപാടുകളും ഉപയോഗിച്ചായിരുന്നു അനധികൃത വരുമാനം മറച്ചുവച്ചിരുന്നതെന്നും കണ്ടെത്തുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.