ദുബൈ അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ അവാർഡ്; 424 മത്സരാർഥികൾ രണ്ടാം ഘട്ടത്തിലേക്ക്

ദുബൈ: 29-ാമത്​ ദുബൈ അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ അവാർഡിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് 46 രാജ്യങ്ങളിൽ നിന്നായി 424 മത്സരാർത്ഥികൾ യോഗ്യത നേടി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 135 രാജ്യങ്ങളിൽനിന്നുള്ള 20,535 അപേക്ഷകൾ വിലയിരുത്തിയശേഷമാണ്​ രണ്ടാം ഘട്ടത്തിലേക്കുള്ള 424 പേരെ ഷോർട്​ലിസ്റ്റ്​ ചെയ്തത്​. സെപ്റ്റംബർ ഒന്നുമുതൽ 14 വരെയാണ് ലോകമെങ്ങും ഏറെ പ്രശസ്തമായ ദുബൈ അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ പാരായണ മത്സരം.

16 വയസ്സിന്​ മുകളിലുള്ള പുരുഷ വിഭാഗത്തിലും 16 വയസ്സിൽ താ​ഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലുമായാണ്​ മത്സരങ്ങൾ. 16 വയസ്സിന്​ മുകളിലുള്ള പുരുഷ വിഭാഗത്തിൽ മൊത്തം 14,040 പേർ അപേക്ഷിച്ചതിൽ 321 പേരെയാണ്​ രണ്ടാം ഘട്ടത്തിലേക്ക്​ തെരഞ്ഞെടുത്തത്​. 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ 2,394 പേർ അ​പേക്ഷിച്ചതിൽ 50 പേരെ തെരഞ്ഞെടുത്തു. 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളിൽ 53 പേരാണ്​ രണ്ടാം ഘട്ടത്തിലേക്ക്​ യോഗ്യത നേടിയത്​.

ഇത്തവണ ആകെ 1.2 കോടിയിലധികം ദിർഹമിന്‍റെ വൻ സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്​. 16 വയസ്സിന്​ മുകളിലുള്ള വിഭാഗത്തിലെയും 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലെയും ഒന്നാം സ്ഥാനക്കാർക്ക്​ 10 ലക്ഷം ഡോളർ (ഏകദേശം 36.7 ലക്ഷം ദിർഹം) വീതമാണ്​ സമ്മാനമായി നൽകുക. രണ്ടാം സ്ഥാനക്കാർക്ക്​ ഒരുലക്ഷം ഡോളറും മൂന്നാം സ്ഥാനക്കാർക്ക്​ 50,000 ഡോളറുമാണ്​ സമ്മാനം.

കൃത്യമായ ഉച്ചാരണശുദ്ധി, ശബ്ദ ഭംഗി, മികച്ച അവതരണം എന്നിവ മുൻനിർത്തി കടുത്ത പരിശോധനകൾക്ക് ശേഷമാണ് വിധികർത്താക്കൾ രണ്ടാം ഘട്ടത്തിലുള്ളവരെ തെരഞ്ഞെടുത്തതെന്ന് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപാർട്​മെന്‍റ്​ ഡയറക്ടർ ജനറലും അവാർഡ് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ അഹമ്മദ് ദർവീശ്​ അൽ മുഹൈരി പറഞ്ഞു. അടുത്ത ഘട്ടത്തിലേക്കുള്ള ഏറ്റവും മികച്ച ഖുർആൻ പാരായണക്കാരെ കണ്ടെത്താൻ കർശനമായ മാനദണ്ഡങ്ങളാണ് അവാർഡ് കമ്മിറ്റി പിന്തുടരുന്നത്.

അവസാന ഘട്ടത്തിലെത്തുന്ന മികച്ച മത്സരാർഥികളെ റമദാനിൽ ദുബൈയിലെ പ്രമുഖ മസ്​ജിദുകളിൽ തറാവീഹ്​ പ്രാർഥനകൾക്ക്​ നേതൃത്വം നൽകാൻ ക്ഷണിക്കും. ഇതിൽനിന്ന്​ പൊതുജനങ്ങളുടെ വോട്ടിങ്ങിലൂടെ ‘ലോകത്തിലെ ഏറ്റവും മനോഹരമായ ഖുർആൻ പരായണം’ തെരഞ്ഞെടുക്കും. 2027 ഫെബ്രുവരി എട്ടുമുതൽ 16 വരെയായിരിക്കും വോട്ടിങ്​.

യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന മത്സരത്തിൽ ഇക്കുറി റെക്കോർഡ്​ അപേക്ഷകളാണ്​ ലഭിച്ചത്​. ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് ഈജിപ്തിൽ നിന്നാണ് -6,838. ഇന്തോനേഷ്യ (1,923), പാകിസ്താൻ (1,862), സിറിയ (1,511) തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.

Tags:    
News Summary - Dubai International Holy Quran Award: 424 Contestants Advance to Second Phase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.