ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; പട്ടികയിൽനിന്ന് പുറത്തുപോയവരെ ഉൾപ്പെടുത്തി പുതിയ പട്ടിക
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ സ്ഥാനാർഥി പട്ടികയിൽ വീണ്ടും മാറ്റം. ദിവസങ്ങൾക്ക് മുമ്പ് പട്ടികയിൽനിന്ന് പുറത്തുപോയ ഇൻകാസ് നേതാവ് പുന്നക്കൻ മുഹമ്മദലി, അഭിലാഷ് രത്നാകരൻ എന്നിവരെ വീണ്ടും ഉൾപ്പെടുത്തി പുതിയ പട്ടിക പുറത്തുവന്നു. ഷാർജ അധികൃതരുടെ നിർദേശപ്രകാരമാണ് ഈ മാറ്റങ്ങൾ എന്ന് പ്രിസൈഡിങ് ഓഫിസർ വിശദീകരിച്ചു. ഈമാസം ആറിനാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്.
ജുലൈ 25 ന് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളുടെ ലിസ്റ്റിൽ മാറ്റം വരുന്നത്. എട്ട് പേരുടെ പത്രിക തള്ളിയാണ് ആദ്യ പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാൽ, പത്രിക തള്ളിയ രണ്ടുപേരെ ഉൾപ്പെടുത്തി ആഗസ്റ്റ് ആദ്യവാരം സ്ഥാനാർഥി പട്ടിക പരിഷ്കരിച്ചു. ഇടത്-ലീഗ് അനുഭാവമുള്ള സംഘടനകൾ ഒന്നിച്ചു നയിക്കുന്ന ജനാധിപത്യ മുന്നണിയുടെ കെ.കെ. താലിബ്, റെജി ചാക്കോ എന്നിവരുടെ പേരാണ് അന്ന് ഉൾപ്പെടുത്തിയത്.
എന്നാൽ, ആഗസ്റ്റ് അവസാനത്തോടെ ആദ്യ പട്ടികയിലുണ്ടായിരുന്ന കോൺഗ്രസ് അനുകൂല മതേതര മുന്നണിയിലെ പുന്നക്കൻ മുഹമ്മദലി, അഭിലാഷ് രത്നാകരൻ എന്നിവരുടെ പേര് ഒഴിവാക്കി മറ്റൊരു ലിസ്റ്റ് പുറത്തിറങ്ങി. ഇതേ ചൊല്ലി വിവാദം മുറുകുന്നതിനിടെയാണ് ഈ രണ്ടുപേരെ വീണ്ടും ഉൾപ്പെടുത്തി മറ്റൊരു അന്തിമപട്ടിക തയാറാക്കിയത്. ഷാർജ അധികൃതരുടെ നിർദേശപ്രകാരമാണ് മാറ്റങ്ങളെന്നും പുന്നക്കൻ മുഹമ്മദലി, അഭിലാഷ് രത്നാകരൻ എന്നിവരുടെ പേരുകൾ ലിസ്റ്റിൽ നിന്ന് എങ്ങനെ പുറത്തായി എന്നതിന് കാരണമൊന്നും അധികൃതർ നൽകിയിട്ടില്ലെന്നും പ്രിസൈഡിങ് ഓഫീസർ പോൾ ടി. ജോസഫ് പറഞ്ഞു.
ഇപ്പോൾ മൂന്ന് മുന്നണികളിലായി 45 സ്ഥാനാർഥികളാണ് അന്തിമപട്ടികയിലുള്ളത്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഷാർജ അധികൃതരുടെ കർശന നിയന്ത്രണങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടപടികളെന്ന് വരാണാധികാരി പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്ന ഷാർജ ഇന്ത്യൻ സ്കൂളിന് മുൻവശത്ത് ആളുകൾ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല.
അസോസിയേഷൻ അംഗങ്ങൾക്ക് മാത്രമായിരിക്കും പോളിങ് സ്റ്റേഷനിലേക്ക് പ്രവേശനം. പുറത്തുനിന്നുള്ളവർ അവർക്ക് അനുവദിക്കുന്ന പ്രത്യേക ടെന്റിൽ ഇരിക്കണം. രാഷ്ട്രീയം, സാമ്പത്തിക വാഗ്ദാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പ്രചാരണം പാടില്ല. പോളിങ് സ്റ്റേഷൻ പരിസരത്ത് വോട്ടുചോദിക്കാനും നിയന്ത്രണമുണ്ടാകും. സെപ്റ്റംബർ ആറിന് രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെയാണ് പോളിങ്. തുടർന്ന് വോട്ടെണ്ണി, അന്ന് രാത്രി പത്തോടെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.