ഇ-ഇന്‍വോയ്സിങ്; സേവന ദാതാക്കള്‍ക്ക് അനുമതി നല്‍കി യു.എ.ഇ ധനമന്ത്രാലയം

അബൂദബി: രാജ്യത്ത് ഇ-ഇന്‍വോയ്സിങ് സംവിധാനം ഘട്ടംഘട്ടമായി നിര്‍ബന്ധമാക്കുന്നതിന്‍റെ ഭാഗമായി പുതിയ ഇ-ഇന്‍വോയ്സിങ് സേവന ദാതാക്കള്‍ക്ക് യു.എ.ഇ ധനമന്ത്രാലയം പ്രീ-അപ്രൂവല്‍ അനുമതി നല്‍കി. ആഗോള ഇ-ഇന്‍വോയ്സിങ് സാങ്കേതികവിദ്യാ കമ്പനിയായ ‘ഡിജിടാക്‌സ്’ ആണ് ധനമന്ത്രാലയത്തിന്‍റെയും ഫെഡറല്‍ ടാക്‌സ് അതോറിറ്റിയുടെയും മാനദണ്ഡങ്ങള്‍ പാലിച്ച് രാജ്യത്ത് പ്രവര്‍ത്തനാനുമതി നേടിയ പ്രധാന സേവന ദാതാവ്. ഇതിന്‍റെ ഭാഗമായി കമ്പനി ദുബൈയില്‍ പുതിയ ഓഫിസുകള്‍ തുറന്നു.

2027 ജനുവരി ഒന്ന് മുതലാണ് യു.എ.ഇയില്‍ ഇ-ഇന്‍വോയ്സിങ് സംവിധാനം പൂര്‍ണമായി പ്രാബല്യത്തില്‍ വരുന്നത്. ‘വീ ദ യു.എ.ഇ 2031’, ‘ഡിജിറ്റല്‍ ഇക്കോണമി സ്ട്രാറ്റജി 2031’ എന്നീ സംരംഭങ്ങളുടെ ഭാഗമായാണ് പൊതു-സ്വകാര്യ മേഖലകളിലെ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണമായി ഡിജിറ്റൈസ് ചെയ്യുന്നത്. 2027 ജനുവരി ഒന്നിന് വാര്‍ഷിക വിറ്റുവരവ് അഞ്ചുകോടി ദിര്‍ഹത്തിന് മുകളിലുള്ള ബിസിനസുകള്‍ക്ക് ഇ-ഇന്‍വോയ്സിങ് നിര്‍ബന്ധമാണ്. 2027 ജൂലൈ ഒന്നുമുതല്‍ മറ്റ് മുഴുവന്‍ ബിസിനസ്-ടു-ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാകും.

ഇത് പ്രാബല്യത്തിലാവുന്നതോടെ പി.ഡി.എഫ് ഇന്‍വോയ്സുകളോ പേപ്പര്‍ ബില്ലുകളോ ഉപയോഗിക്കാന്‍ കഴിയില്ല. പകരം, ഫെഡറല്‍ ടാക്‌സ് അതോറിറ്റിയുടെ അംഗീകൃത സേവന ദാതാക്കള്‍ വഴി മാത്രമേ ബിസിനസുകള്‍ക്ക് ഡിജിറ്റല്‍ ഇന്‍വോയ്സുകള്‍ പരസ്പരം കൈമാറാനും പരിശോധിക്കാനും സാധിക്കൂ. യു.എ.ഇയുടെ ഇലക്ട്രോണിക് ഇന്‍വോയ്സിങ് സിസ്റ്റം രാജ്യാന്തര നിലവാരത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

അടുത്തിടെ ക്ലിയര്‍ടാക്‌സ് നടത്തിയ പഠനപ്രകാരം യു.എ.ഇയിലെ 57.5 ശതമാനം കമ്പനികള്‍ മാത്രമാണ് നിലവില്‍ ഇ-ഇന്‍വോയ്സിങ് സംവിധാനത്തിലേക്ക് മാറാന്‍ സജ്ജമായിട്ടുള്ളത്. ചെറിയ സിസ്റ്റങ്ങള്‍ മാത്രമുള്ള സ്ഥാപനങ്ങള്‍ക്കായി വെബ് ബ്രൗസര്‍ അധിഷ്ഠിത ഡാഷ്ബോര്‍ഡുകള്‍ വഴി ഇന്‍വോയ്സിങ് ലളിതമാക്കാന്‍ കഴിയുമെന്ന് ഡിജിടാക്‌സ് വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക ഡിജിറ്റല്‍ മാറ്റത്തിന് പിന്തുണ നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഡിജിടാക്‌സ് സി.ഇ.ഒ കെയിന്‍ വഞ്ചാവു, യു.എ.ഇ ഡയറക്ടര്‍ അഹമ്മദ് ഫാറൂഖ് എന്നിവര്‍ പറഞ്ഞു.

Tags:    
News Summary - UAE Ministry of Finance Approves New E-Invoicing Service Providers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.