സൗദി പൗരൻ അബ്ദുർ റസാഖ് ബിൻ സഅൽ ബിൻ ജാബിർ അൽ റുവൈലിയെ ദുബൈ പൊലീസ് ആദരിച്ചപ്പോൾ

ക്രീക്കിൽ മുങ്ങിത്താഴ്ന്നയാളെ രക്ഷപ്പെടുത്തിയ സൗദി പൗരന് ദുബൈ പൊലീസിന്‍റെ ആദരം

ദുബൈ: ദുബൈ ക്രീക്കിൽ മുങ്ങിത്താഴുകയായിരുന്ന വ്യക്തിയുടെ ജീവൻ സാഹസികമായി രക്ഷപ്പെടുത്തിയ സൗദി അറേബ്യൻ പൗരൻ അബ്ദുർ റസാഖ് ബിൻ സഅൽ ബിൻ ജാബിർ അൽ റുവൈലിയെ ദുബൈ പൊലീസ് ആദരിച്ചു. അടിയന്തര ഘട്ടത്തിൽ ധൈര്യത്തോടെയും സമയോചിതമായും ഇടപെട്ട് ജീവൻ രക്ഷിച്ചതിനാണ് അദ്ദേഹത്തെ ഉപഹാരം നൽകി ആദരിച്ചത്.

പോർട്സ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹസൻ സുഹൈൽ അൽ സുവൈദി കൃതജ്ഞതാപത്രവും പ്രശംസാപത്രവും അൽ റുവൈലിക്ക് കൈമാറി. മനുഷ്യത്വപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രവർത്തനം മറ്റൊരാളുടെ ജീവൻ സംരക്ഷിക്കുന്നതിൽ നിർണായകമായെന്ന് ചടങ്ങിൽ ഡയറക്ടർ പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാനും സുരക്ഷ ഉറപ്പാക്കാനും ധൈര്യപൂർവം മുന്നോട്ടുവരുന്ന ഇത്തരം വ്യക്തികൾ സമൂഹത്തിന് മാതൃകയാണ്. പൊതുജനങ്ങളും പൊലീസും തമ്മിലുള്ള ശക്തമായ പങ്കാളിത്തമാണ് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്. അവശ്യ ഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കാൻ ആരും മടിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇത്തരത്തിലുള്ള നല്ല പ്രവൃത്തികളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് ദുബൈ പൊലീസിന്‍റെ നയമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ സമൂഹത്തിൽ പരസ്പര സഹകരണവും ഉത്തരവാദിത്തബോധവും വളർത്താൻ സഹായിക്കും.

ദുബൈ പൊലീസിന്‍റെ ആദരവിന് അൽ റുവൈലി നന്ദി അറിയിച്ചു. ഇതൊരു മനുഷ്യത്വപരമായ കടമ മാത്രമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ദുബൈ പൊലീസ് പൊതുജന സുരക്ഷക്കായി നടത്തുന്ന മികച്ച സേവനങ്ങളെയും പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

Tags:    
News Summary - Dubai Police Honor Saudi Citizen for Rescuing Drowning Man in Dubai Creek

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.