കായിക ലോകത്തെ സ്‌നേഹിച്ച രാജകുമാരൻ

ദുബൈയുടെ സാമൂഹിക, സാംസ്കാരിക കായിക വളർച്ചക്ക് ശക്തമായ പിന്തുണ നൽകിയ വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം മരണമടഞ്ഞ ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. അധികാരത്തിൻ്റെ മുന്നണിയിൽ നിന്നും മാറി നിന്നെങ്കിലും എമറേറ്റിൽ കായിക സാംസ്കാരം വളരാനും പുതിയ തലമുറയെ വളർത്തി കൊണ്ടു വരുവാനും വേണ്ട വേദികളും സ്ഥാപനങ്ങളും സ്ഥാപിക്കാൻ ശൈഖ് അഹ്മദ് മുൻകയ്യെടുത്തു.

യു.എ.ഇയുടെ എന്നല്ല മിഡിൽ ഈസ്‌റ്റിൽ തന്നെ പ്രധാന ഫുട്ബാൾ ടീമായ അൽ വസൽ ക്ലബ്ബിൻ്റെ സാരഥി എന്ന നിലക്ക് യു.എ.ഇയുടെ ഫുട്ബാളിൻ്റെ വളർച്ചക്ക് അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 1962ൽ ഒരു ചെറിയ ക്ലബ്ബായി സബീലിൽ സ്ഥാപിച്ച ക്ലബ്ബ് ഇന്ന് രാജ്യത്തെ പ്രമുഖ കായിക സ്ഥാപനങ്ങളിലൊന്നാണ്.

എട്ട് തവണ അൽവസ്ൽ ക്ലബ് യു.എ.ഇ പ്രൊ ലീഗ് കിരീടം ചൂടിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങൾക്ക് യു.എ.ഇ വേദിയാകുമ്പോൾ അതിൽ ആദ്യം തെരെഞ്ഞെടുക്കുന്ന സ്‌റ്റേഡിയം അൽ വസ്ൽ ക്ലബ്ബാണ്. ജി.സി.സി ക്ലബ്ബ് ടൂർണമെൻ്റിൽ പങ്കെടുത്ത് കൊണ്ട് സൗദി അൽ നസ്‌റിന് വേണ്ടി ക്രിസ്‌റ്റ്യാനൊ റൊണാൾഡൊ അൽ വസ്ൽ സ്‌റ്റേഡിയത്തിൽ കഴിഞ്ഞ ജൂണിൽ പന്ത് തട്ടിയിരുന്നു. ഫുട്ബാളിനൊപ്പം ബാസ്‌ക്കറ്റ്ബോൾ, വോളി മ്പോൾ, ഹാൻഡ് ബോൾ, നീന്തൽ തുടങ്ങിയ കായിക ഇനങ്ങൾക്കും ശൈഖ് അഹമ്മദ് പ്രോത്സാഹനം നൽൽകി.


കുതിരഓട്ട മത്സരരംഗത്തും ശൈഖ് അഹമ്മദിൻ്റെ സംഭാവന ചരിത്ര പ്രസിദ്ധമാണ്. ജബൽ അലി റേസ് കോഴ്‌സിൻ്റെ ഉടമസ്ഥൻ എന്ന നിലക്ക് യു.എ.ഇയിലെ കുതിര ഓട്ട മത്സരത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിൻ്റെ കുതിരകൾ അന്താരാഷ്ട്ര മത്സരങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതോടെ യു.എ.ഇക്ക് കുതിരഓട്ട മത്സര രംഗത്തും നിർണായ സ്ഥാനം ലഭിച്ചു.

അൽ ആദിയാത്, ദുബൈ ഹോഴ്സ് റൈസിങ്ങ് സെൻ്റർ എന്നീ സ്ഥാപനങ്ങൾ സ്ഥാപിച്ച് റൈസിങ് രംഗത്ത് വികലാംഗർക്ക് കടന്നുവരാനുള്ള അവസരങ്ങൾ ഒരുക്കി. ദുബൈ മാരിടൈം സപോർട്സ് ക്ലബ്ബ് സ്ഥാപിച്ചു സമുദ്ര കയിക രംഗത്തും ശൈഖ് അഹമ്മദ് വാതിലുകൾ തുറന്നു . 1989ൽ വിക്ടറി ടീം സ്ഥാപിച്ചു പവർ ബോട്ട് റേസിംഗിൽ ദുബൈയുടെ സാന്നിധ്യമറിയിച്ചു. നിരവധി ആഢംബര ബോട്ടുകളും യാച്ചുകളും ശൈഖ് അഹ്‌മദിന് സ്വന്തമായിട്ടുണ്ട്.

കായികരംഗത്തെ ഒരു മത്സരമായി കാണാതെ യുവതലമുറയുടെ ധാർമികമായ വളർച്ചക്ക് വഴിതിരിച്ചുവിട്ടു സമൂഹത്തിൻ്റെ പുരോഗതിക്കും രാജ്യത്തിൻ്റെ അന്താരാഷ്ട്ര പ്രതിച്ഛായക്കു മുളള ഒരു ശക്തിയായി കാണുക എന്നതാണ് ശൈഖ് അഹമ്മദിൻ്റെ ദർശനം. മരണശേഷവും സ്‌റ്റേഡിയത്തിൽ മുഴങ്ങുന്ന ആരവത്തിലും റേസ് ട്രാക്കിൽ പായുന്ന കുതിരകളുടെ കുളമ്പടിയിലും കടലിൽ ചീറിപ്പായുന്ന പവർ ബോട്ടുകളിലും അദ്ദേഹത്തിൻ്റെ കായിക പാരമ്പര്യത്തിൻ്റെ മുദ്രകൾ കാണാം. ശൈഖിൻ്റെ വിയോഗം യു.എ.ഇയുടെ കായികരംഗത്തിന് തീരാ നഷ്ടമാണ്. അദ്ദേഹം പടുത്തുയർത്തിയ സ്പോർട്സ് പ്രസ്ഥാനങ്ങളിലൂടെ ആ ഓർമകൾ നിലനിൽക്കും.

Tags:    
News Summary - Sheikh Ahmed bin Rashid Al Maktoum: The Prince Who Shaped Dubai's Sports Legacy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.