ദുബൈ ജി.ഡി.ആർ.എഫ്.എയുടെയും ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും
മേധാവികൾ സഹകരണ കരാർ ഒപ്പുവെക്കുന്നു
ദുബൈ: എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും ഡേറ്റ കൈമാറ്റം കാര്യക്ഷമമാക്കുന്നതിനും സാങ്കേതിക ഏകോപനം വളർത്തുന്നതിനും വേണ്ടി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി (ഡി.സി.എ.എ) ഒരു തന്ത്രപ്രധാന സഹകരണ കരാറിൽ ഒപ്പുവെച്ചു. ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയും ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുല്ല ലെൻഗാവിയുമാണ് കരാർ ഒപ്പിട്ടത്. ചടങ്ങിൽ ഇരു വിഭാഗത്തിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്ന സമഗ്രമായ ഒരു ഡിജിറ്റൽ സംവിധാനം ഈ പങ്കാളിത്തത്തിലൂടെ സ്ഥാപിക്കപ്പെടും. ദുബൈ എമിറേറ്റിന്റെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങൾക്ക് അനുസൃതമായുള്ള ഒരു സുപ്രധാന നീക്കമാണിത്. വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ രണ്ട് സ്ഥാപനങ്ങളും തമ്മിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കാൻ ഈ കരാർ സഹായിക്കും. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ഡാറ്റ കൈമാറ്റം ശക്തമാക്കുന്നതിന് കരാർ സഹായകമാവും. ഇതിനായി സാങ്കേതിക വിദ്യകൾ വികസിപ്പിക്കും. നിർണായക ഘട്ടങ്ങളിൽ വേഗത്തിലും സുതാര്യമായും തീരുമാനമെടുക്കുന്നതിന് ഡേറ്റ കൈമാറ്റം പ്രയോജനകരമാവുമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ, പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.
വിമാനത്താവളങ്ങളിലും മറ്റും യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് സുപ്രധാനമായ രണ്ട് സ്ഥാപനങ്ങൾ സഹകരണത്തിന് ധാരണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.