ദുബൈയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാത്തവര്‍ക്ക് ജനുവരി മുതല്‍ പിഴ

ദുബൈ: ദുബൈയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍  ഡിസംബര്‍ 31 നകം നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന് ആരോഗ്യ അതോറിറ്റി (ഡി.എച്ച്.എ) യുടെ കര്‍ശന നിര്‍ദേശം. ആറുമാസം അനുവദിച്ച അധിക കാലാവധി ഇനി  നീട്ടി നല്‍കില്ളെന്നും 2017 ജനുവരി ഒന്നു മുതല്‍ ഇന്‍ഷൂറന്‍സ് ഇല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കി തുടങ്ങുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷൂറന്‍സ് ലക്ഷ്യം സാധ്യമാക്കാത്ത പക്ഷം വന്‍തുക പിഴശിക്ഷയടക്കം കടുത്ത നടപടികളാണ് അതോറിറ്റി സ്വീകരിക്കുക.

അടുത്ത വര്‍ഷം ഒന്നു മുതല്‍ വിസ പുതുക്കുന്നവരെല്ലാം തന്നെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കണം. ഇതിന്‍െറ ഭാഗമായി പുതുവര്‍ഷം മുതല്‍ താമസ കുടിയേറ്റ വകുപ്പുമായി ആരോഗ്യ ഇന്‍ഷ്യൂറന്‍സ് ബന്ധിപ്പിക്കും. ഇതോടെ  ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ക്ക് വിസ പുതുക്കി നല്‍കുകയില്ല. കമ്പനികള്‍ക്കും വ്യക്തികളുടെ സ്പോണ്‍സര്‍ വിസയില്‍ നില്‍ക്കുന്നവര്‍ക്കും നിയമം ബാധകമാണ്.  ഇന്‍ഷുറന്‍സ് ഇല്ളെങ്കില്‍ ഓരോ മാസവും 500 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. ഇക്കാരണം കൊണ്ട് വിസ അടിക്കാന്‍ താമസം നേരിട്ടാല്‍ 10,000 ദിര്‍ഹമായിരിക്കും പിഴ.

 2013ലെ ആരോഗ്യ ഇന്‍ഷൂറന്‍സ് നിയമം 11 പ്രകാരം ദുബൈ വിസയുള്ളവര്‍ ഈ വര്‍ഷം ജൂണ്‍ 30നകം ഇന്‍ഷൂറന്‍സ് എടുക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ 12 ശതമാനം ആളുകള്‍ക്ക് ഇനിയും ഇന്‍ഷൂറന്‍സ് സൗകര്യം ലഭിച്ചില്ല. തുടര്‍ന്നാണ് ഇവര്‍ക്കു കൂടി ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുന്നതിന് ജൂലൈ മുതല്‍ ആറു മാസ അധിക സമയം അനുവദിച്ചത്. സ്ഥാപനത്തിലെ ജോലിക്കാരുടെ എണ്ണത്തിനനുസരിച്ചായിരുന്നു ഇന്‍ഷൂറന്‍സെടുക്കാന്‍ അധികൃതര്‍ കാലാവധി ഏര്‍പ്പെടുത്തിയിരുന്നത്.

ജീവനക്കാര്‍ക്ക് ഇനിയും ഇന്‍ഷൂറന്‍സ് നല്‍കാത്ത കമ്പനികള്‍ക്കെതിരെയും അധികൃതര്‍ കടുത്ത നടപടികള്‍ സ്വീകരിക്കും.   ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പ്രീമിയം തുക ഈടാക്കരുതെന്നും നിര്‍ദേശമുണ്ട് . ജീവനക്കാരുടെ ഇന്‍ഷുറന്‍സ് ചെലവ് വഹിക്കേണ്ടത് കമ്പനികളാണെങ്കിലും കുടുംബാംഗങ്ങളുടേതും വീട്ടുജോലിക്കാരുടേതും സ്പോണ്‍സര്‍മാര്‍ നല്‍കണം.  ഇതുപ്രകാരം ഭര്‍ത്താക്കന്മാരുടെ വിസയിലുള്ള കുടുംബിനികളും മക്കളും ഇന്‍ഷുറന്‍സ് ഉള്ളവരായിരിക്കണം. വീട്ടുവേലക്ക് നില്‍ക്കുന്നവര്‍ക്കും അതാതു സ്പോണ്‍സര്‍മാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണം.    
‘ഇസ്ആദ്‘ എന്ന് പേരിട്ട നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി  2014 മുതല്‍  മൂന്നുഘട്ടങ്ങളായാണ് നടപ്പാക്കിയത്. 1000ലധികം ജീവനക്കാരുള്ള കമ്പനികള്‍ക്ക് ആദ്യഘട്ടത്തിലും 100 മുതല്‍ 999 വരെ ജീവനക്കാരുള്ള കമ്പനികള്‍ക്ക് രണ്ടാം ഘട്ടത്തിലും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. 100ല്‍ താഴെ ജീവനക്കാരുള്ള കമ്പനികളാണ് മൂന്നാം ഘട്ടത്തില്‍ വരുന്നത്. ഇത്തരം കമ്പനികള്‍ ജൂണ്‍ 30നകം ഇന്‍ഷുറന്‍സ് എടുക്കണമെന്ന വ്യവസ്ഥയാണ് ഈ വര്‍ഷാവസാനം വരെ നീട്ടിയിരുന്നത്.

നിലവില്‍ ഇന്‍ഷുറന്‍സ് ഉള്ളവരില്‍ കാലാവധി തീര്‍ന്നവരും യഥാസമയം പുതുക്കേണ്ടതുണ്ട്.  ഇങ്ങിനെ പുതുക്കാത്തവര്‍ വിസ പുതുക്കുന്ന സമയത്ത് കാലാവധി തീര്‍ന്നത് മുതലുള്ള പിഴ അടക്കേണ്ടി വരും. അതേസമയം വിസ പുതുക്കുന്ന തിയതി കഴിഞ്ഞാണ് ഇന്‍ഷുറന്‍സ് കാലാവധി തീരുന്നതെങ്കില്‍ വിസ പുതുക്കാനാകും .  എന്നാല്‍ പിഴ ഏതു രീതിയിലാകും അടക്കേണ്ടത് സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ പിന്നീട് പ്രഖ്യാപിക്കും .
ഏകദേശം പത്തു ലക്ഷത്തോളം ആളുകള്‍ ഡിസംബര്‍ 31 നകം ഇന്‍ഷുറന്‍സ്  എടുക്കാനുണ്ടെന്നാണ്  അധികൃതരുടെ കണക്ക്. അതേസമയം പുതിയ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പരിരക്ഷയെയും പോളിസികളെ കുറിച്ചും അറിയാത്ത നിരവധി പേരുണ്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍  ചൂണ്ടിക്കാട്ടുന്നു. വീട്ടുവേലക്കാരും വ്യക്തിഗത വിസയില്‍ നില്‍ക്കുന്നവരുമാണ് ഇവരില്‍ കൂടുതല്‍. ദിനംപ്രതി 200 ല്‍ പരം അന്വേഷണങ്ങളാണ് ഇത്തരക്കാരില്‍ നിന്നും വരുന്നതെന്ന് ദുബൈയിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ പറയുന്നു .  ഡോക്ടര്‍മാരുടെ ഫീസ്, ശസ്ത്രക്രിയ, പ്രസവ ശുശ്രൂഷ, അടിയന്തിര ചികിത്സകള്‍ തുടങ്ങിയ ആരോഗ്യ ആവശ്യങ്ങള്‍ക്കെല്ലാം ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കും.

Tags:    
News Summary - dubai health insurnce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.