ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന
എക്സിക്യൂട്ടിവ് കൗൺസിൽ യോഗം
ദുബൈ: കാറുകൾ ഇല്ലാത്ത വാണിജ്യ, റസിഡൻഷ്യൽ മേഖലകൾ സൃഷ്ടിക്കുന്നതിന് വമ്പൻ പദ്ധതി പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം. ‘സൂപ്പർ ബ്ലോക്ക്’ എന്ന് പേരിട്ട പദ്ധതിക്ക് വ്യാഴാഴ്ച ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ അംഗീകാരം നൽകി. അൽ ഫാഹിദി, അബൂ ഹൈൽ, കറാമ, അൽഖൂസ് എന്നിവയാണ് ‘സൂപ്പർ ബ്ലോക്ക്’ പദ്ധതിക്കായി തിരഞ്ഞെടുത്ത പ്രദേശങ്ങൾ. ഈ പ്രദേശങ്ങളെ കാൽനടക്കാർക്ക് അനുയോജ്യമായ മേഖലകളാക്കി മാറ്റി സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇവിടങ്ങളിൽ കാറുകളുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കി ഹരിത ഇടങ്ങളും എല്ലാവരെയും ഉൾക്കൊള്ളുന്ന വിനോദ സ്ഥലങ്ങളും കൂടുതലായി നിർമിക്കും. കാൽനട സൗഹൃദമാക്കുന്നതിലൂടെ സമൂഹങ്ങൾ തമ്മിലുള്ള ഇടപെടലുകൾ വർധിക്കുകയും സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യും.
കാറുകളുടെ ഉപയോഗം പൂർണമായും ഇല്ലാതാകുന്നതുവഴി അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ വ്യാപനം കുറക്കാനും സാധിക്കും.2040നോട് ചേർന്നു നിൽക്കുന്നതാണ് പദ്ധതി. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുപ്രധാനമായ മറ്റ് തീരുമാനങ്ങളും അംഗീകരിച്ചു. ദുബൈ നൗ ആപ്, ഇൻവെസ്റ്റ് ഇൻ ദുബൈ, വിസിറ്റ് ദുബൈ തുടങ്ങിയ ആപ്ലിക്കേഷനുകൾ വഴി നൽകുന്ന സർക്കാർ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം കൊണ്ടുവരും.
2027 ആകുമ്പോഴേക്കും എല്ലാ സർക്കാർ സേവനങ്ങളും പൂർണമായും ഡിജിറ്റലൈസ് ചെയ്യുകയാണ് ലക്ഷ്യമെന്ന് ശൈഖ് ഹംദാൻ യോഗത്തിനുശേഷം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. സ്ട്രാറ്റ രജിസ്ട്രേഷൻ എന്ന പുതിയ പ്രോപ്പർട്ടി വർഗീകരണ സംരംഭത്തിനും എക്സിക്യൂട്ടിവ് കൗൺസിൽ അംഗീകാരം നൽകി.2025നെ സമൂഹിക വർഷമായി ആചരിക്കുന്നതിനുള്ള യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പ്രഖ്യാപനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ദുബൈ സോഷ്യൽ അജണ്ട 33യോട് ചേർന്നു നിൽക്കുന്നതാണ് പദ്ധതി. 2025 സമൂഹ വർഷമായി പ്രഖ്യാപിക്കുന്നത് സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.