കൂടുതൽ ഹരിതാഭമായി ദുബൈ നഗരം; മൂന്ന് മാസത്തിനിടെ മൂന്ന് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കൂടി ചെടികൾ വെച്ചുപിടിപ്പിച്ചു

ദുബൈ: നഗരത്തെ കൂടുതൽ ഹരിത സുന്ദരമാക്കി ദുബൈ മുനിസിപ്പാലിറ്റി. കഴിഞ്ഞ മൂന്നു മാസത്തിനിടെ എമിറേറ്റിൽ ഏതാണ്ട് മൂന്ന് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ദുബൈ മുനിസിപ്പാലിറ്റി വിവിധയിനം ചെടികൾ വെച്ചുപിടിപ്പിച്ചത്. നഗരത്തിന്‍റെ പച്ചപ്പ് വികസിപ്പിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരത ശക്തിപ്പെടുത്തുന്നതിനുമായി മുനിസിപ്പാലിറ്റി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായി ജനുവരിക്കും മാർച്ചിനുമിടയിൽ 2,99,963 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ചെടികൾ നട്ടത്. മാർച്ച് അവസാനത്തോടെ എമിറേറ്റിലെ മൊത്തം ഹരിതയിടങ്ങളുടെ വിസ്തൃതി ഇതോടെ 55.52 ദശലക്ഷം ചതുരശ്ര മീറ്ററായി വർധിച്ചു. കഴിഞ്ഞ വർഷം ഇത് 55.22 ദശലക്ഷം ചതുരശ്ര മീറ്ററായിരുന്നു. കൂടുതൽ വിശാലമായ വിനോദ, പരിസ്ഥിതി സൗഹൃദ പൊതു ഇടങ്ങൾ സൃഷ്ടിച്ച് നഗര ഭൂപ്രകൃതി വർധിപ്പിക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

ഹരിതയിടങ്ങൾ വർധിപ്പിക്കുകയെന്നതാണ് മുഖ്യ പരിഗണനയെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. ആധുനിക നഗര വികസനത്തെ പരിസ്ഥിതി അവബോധവും സൗന്ദര്യാത്മക ആസൂത്രണങ്ങളുമായി സംയോജിപ്പിക്കുക എന്ന എമിറേറ്റിന്‍റെ കാഴ്ചപ്പാടിനെ ഈ നയം പ്രതിഫലിപ്പിക്കുന്നു. മലിനീകരണം കുറക്കുന്നതിലും താപനില ഉയരാതെ നിലനിർത്തുന്നതിലും ഹരിത ഇടങ്ങൾക്ക് വലിയ പങ്കുണ്ട്. അതോടൊപ്പം കുടുംബങ്ങൾക്കും താമസക്കാർക്കും കൂടുതൽ വിനോദയിടങ്ങൾ ലഭ്യമാക്കാനും ഇതുവഴി സാധിക്കും.

ധ്രുതഗതിയിലുള്ള നഗര വളർച്ചയും സുസ്ഥിരത ലക്ഷ്യങ്ങളും സന്തുലിതമാക്കുന്നതിനുള്ള ശ്രമങ്ങൾ അധികൃതർ തുടരുന്ന സാഹചര്യത്തിൽ മനോഹരമായ പാർക്കുകൾ, മരങ്ങൾ നിറഞ്ഞ റോഡുകൾ, പൊതു ഉദ്യാനങ്ങൾ എന്നിവ എമിറേറ്റിൽ വർധിച്ചുവരികയാണ്.

മരം നടീൽ കാമ്പയിനുകൾ, പൊതു പാർക്ക് വികസനം, ചെടികളോട് കൂടിയ കാൽനട പാതകളുടെ വികസനം, പ്രധാന റോഡുകളോടും ഹൈവേകളോടും ചേർന്നുള്ള ലാൻഡ്സ്കേപ്പിങ് എന്നിവയിലൂടെ ഹരിത വികസന പദ്ധതികൾ വിപുലപ്പെടുത്താനുള്ള പ്രവൃത്തികൾ മുനിസിപ്പാലിറ്റി തുടരുകയാണ്. 

Tags:    
News Summary - Dubai becomes greener; 300,000 square meters of trees planted in three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.