ദുബൈ: ചൊവ്വാഴ്ച ദുബൈ വ്യവസായ മേഖലക്ക് സമീപം ഏഴുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ മരിച്ചവരെല്ലാം ഹോട്ടലിലെ തൊഴിലാളികൾ. പാമിലെ ഹോട്ടൽ അറ്റ്ലാൻറിസിലെ കരാർ തൊഴിലാളികളായ 41 പേർ രാത്രി ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് കരാർ കമ്പനിയായ ട്രാൻസ്ഗാർഡിെൻറ ബസിൽ വരുേമ്പാൾ ദുബൈ ഇൻവെസ്റ്റ്മെൻറ് പാർക്കിനടുത്ത അൽ യലായിസ് റോഡിൽ രാവിലെ എട്ടു മണിയോടെ അപകടമുണ്ടായത്. ടയർ പൊട്ടിയതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായി ബസ് ട്രക്കിലിടിക്കുകയായിരുന്നു. ഏഴു മണിക്ക് ഷിഫ്റ്റ് അവസാനിച്ച് ബസിൽ കയറുേമ്പാൾ റൂമിലെത്തി ചെയ്യേണ്ട റമദാൻ ഒരുക്കങ്ങളെക്കുറിച്ചാണ് അവർ ചർച്ച ചെയ്തിരുന്നത്. ബസ് പുറപ്പെട്ടയുടെന ജോലി ക്ഷീണത്തിൽ പതിവുപോലെ എല്ലാവരും ഉറക്കത്തിൽ വീണിരുന്നു. ടയർ പൊട്ടിയ കുലുക്കത്തിൽ ഞെട്ടിയുണർന്ന് ചിലർ കണ്ണു തുറന്നപ്പോഴേക്കും ചില കൂട്ടുകാർ എന്നെന്നേക്കുമായി കണ്ണടച്ചിരുന്നു. ഇന്ത്യക്കാരായ സാഗർ വന്നേല, ദിനേശ് ഗിരിധർ ലാൽ, ബംഗ്ലാദേശുകാരായ താഹിർ, സർവാർ മിർദ, നേപ്പാളിൽ നിന്നുള്ള ബസുദേവ്, കൃഷ്ണ പ്രസാദ്, ഒരു പാക്കിസ്താൻ സ്വദേശി എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
പരിക്കേറ്റ് അൽ സഹ്റ, റാശിദിയ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവർ ഗുരുതരാവസ്ഥ മറികടന്നിട്ടുണ്ട്. 18 പേരെയാണ് അൽ സഹ്റയിൽ എത്തിച്ചത്. ഒരാൾ ആശുപത്രിയിലേക്കുള്ള വഴിയിൽ തന്നെ മരിച്ചു. സാരമായ പരിക്കില്ലാത്ത 12പേർക്ക് ശുശ്രൂഷയും കൗൺസലിംഗും നൽകി വിട്ടയച്ചു. ഒടിവുകളും മുറിവുകളുമുള്ള അഞ്ചു പേർ നിരീക്ഷണത്തിലാണ്.
എന്നാൽ പുക മണക്കുന്ന രക്തക്കളത്തിൽ നിന്ന് ജീവൻ തിരിച്ചു കിട്ടിയെന്നത് ഇവർക്കാർക്കും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. മരിച്ച സർവാർ മിർദ രണ്ടു മാസം മുൻപാണ് വിവാഹിതനായത്. താഹിറിെൻറ ഭാര്യ ഗർഭിണിയുമാണ്.
ട്രാൻസ്ഗാർഡ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുമുള്ള ദൗത്യത്തിലാണ് സ്ഥാപനമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.