ഭരത് മുരളി നാടകോത്സവം: തിന്മക്ക് മേല്‍ നന്മ പെയ്യിച്ച് ‘അഗ്നിയും  വര്‍ഷവും’; ‘ഭഗ്ന ഭവനം’ ഇന്ന് 

അബൂദബി: എട്ടാമത് ഭരത് മുരളി നാടകോത്സവത്തിന്‍െറ ഭാഗമായി  കേരള സോഷ്യല്‍ സെന്‍ററിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ കനല്‍ ദുബൈ അവതരിപ്പിച്ച ‘അഗ്നിയും വര്‍ഷവും’ നാടകം അരങ്ങേറി. പ്രശസ്ത കന്നഡ നാടകകൃത്ത്  ഗിരീഷ് കര്‍ണാടിന്‍െറ ശ്രദ്ധേയമായ ‘അഗ്നിയും വര്‍ഷവും’ അവതരണ മേന്മ  കൊണ്ടും മികവുറ്റ അഭിനയം കൊണ്ടും ഏറെ ശ്രദ്ധേയമായി. പരമ്പരാഗത മിത്തുകള്‍ ഉപയോഗിച്ച് സമകാലീന പ്രശ്നങ്ങളെ അതിശക്തമായി അവതരിപ്പിക്കാന്‍ നാടകത്തിന് കഴിഞ്ഞു. 
തിന്മയുടെയും പകയുടെയും അഗ്നിയെ നന്മയുടെയും സ്നേഹത്തിന്‍െറയും മഴ കൊണ്ട് പുണരുന്ന ആത്യന്തികമായ പ്രപഞ്ച സത്യം ഈ നാടകം അനാവരണം ചെയ്യുന്നു. പി. മനോജാണ് നാടകത്തിന്‍െറ മലയാള പരിഭാഷ ഒരുക്കിയത്. ലളിതമായ സംവിധാന ശൈലലിയില്‍ നാടകം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സംവിധായകനായ സുധീര്‍ ബാബൂട്ടന്  കഴിഞ്ഞു. 
അര്‍വസു (സോമന്‍ പ്രണാമിത) പര്‍വസു (ഷാജി കുഞ്ഞിമംഗലം ) യവാക്രി ( ഷാഗിത് രമേഷ്), ബ്രഹ്മരക്ഷസ്സ് (അനില്‍ ജോണ്‍), ഭൈര്യന്‍, സൂത്രധാരന്‍ (സന്തോഷ് അടുത്തില), അന്തകന്‍ (വിനോദ് മണിയറ), സേവകന്‍ (നവീന്‍ വെങ്ങര) സഹോദരന്‍ (അജിത് കുമാര്‍), രാജാവ് ( അരവിന്ദ് ) വിശ്വരൂപന്‍ (രത്നാകരന്‍ മടിക്കൈ ) സമ്പൂതിരിമാര്‍ (പ്രശോഭ് , ഷാജി വട്ടക്കോല്‍), വിശാഖ (ഷാഗിത), നിത്തില്ല (ചിത്ര രാജേഷ് ) എന്നിവരായിരുന്നു അഭിനേതാക്കള്‍. 
രത്നാകരന്‍ മടിക്കൈ രംഗസജ്ജീകരണം ഒരുക്കി. സുധീര്‍ ബാബൂട്ടനാണ്  വെളിച്ച വിതാനം നിര്‍വഹിച്ചത്.  സംഗീതം ബൈജു കെ. ആനന്ദവും ചമയം ക്ളിന്‍റ് പവിത്രനും കൈകാര്യം ചെയ്തു. 
നാടകോത്സവത്തിന്‍െറ ആറാം ചൊവ്വാഴ്ച രാത്രി 8.30 ന്   ഇസ്കന്തര്‍ മിര്‍സ സംവിധാനം നിര്‍വഹിച്ച്  ഫ്രന്‍ഡ്സ് എ.ഡി.എം.എസ് അബൂദബി അവതരിപ്പിക്കുന്ന ‘ഭഗ്ന ഭവനം’ അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Tags:    
News Summary - dramafest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.