ദുബൈ: കുട്ടികളും കൗമാരക്കാരും 'സ്ലൈമിന്റെ' താപനില വർധിപ്പിക്കുന്നതിനും അതിന്റെ വഴക്കം കൂട്ടുന്നതിനുമായി അവ മൈക്രോവേവ് ഓവനുകളിൽ വെക്കുന്ന വീഡിയോകൾ അനുകരിക്കരുതെന്ന് ദുബൈ പൊലീസ്. അപകടം വരുത്തിവെച്ചേക്കാവുന്ന ഇത്തരം പ്രവൃത്തികൾ ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വിഡയോകൾ പ്രചരിക്കുന്ന സഹാചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പ് നൽകിയത്.
ഇത്തരത്തിലുള്ള പ്രവൃത്തികൾ രാസപ്രവർത്തനങ്ങൾക്കും ഉയർന്ന താപനിലക്കും കാരണമാകും. ഇത് കുട്ടികൾക്കും കൗമാരക്കാർക്കും ഗുരുതരമായ പൊള്ളലേൽക്കുന്ന പരിക്കുകളിലേക്ക് നയിച്ചേക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വേനലവധി ആരംഭിച്ച സാഹചര്യത്തിൽ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന എല്ലാ കാര്യങ്ങളും അന്ധമായി അനുകരിക്കുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കാനും ശരിയായ മാർഗനിർദേശം നൽകാനും ദുബൈ പൊലീസ് മാതാപിതാക്കളോട് അഭ്യർഥിച്ചു. ജനറൽ ഡിപാർട്മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്‌സിലെ ചൈൽഡ് ആൻഡ് വുമൺ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റും, ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സൈബർ ക്രൈം ആൻഡ് ഇ-ക്രൈം പ്രിവൻഷൻ ഡിപാർട്മെന്റും ചേർന്നാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
"സ്ലൈം" മൈക്രോവേവിനുള്ളിൽ ഉയർന്ന ചൂടിലേക്ക് തുറന്നുവെക്കുമ്പോൾ അത് വികസിക്കുകയും, ചൂടുള്ള നീരാവിയും പദാർഥങ്ങളും പുറന്തള്ളുകയും ചെയ്യുന്നു. ഇത് പുറത്തെടുക്കുന്ന സമയത്ത് പൊട്ടിത്തെറിക്കാനോ തെറിച്ചുവീഴാനോ സാധ്യതയുണ്ട്. ഇത് കുട്ടികളുടെ മുഖത്തും കൈകളിലും ശരീരത്തിലും നേരിട്ട് പൊള്ളലേൽക്കാൻ കാരണമാകുന്നു. കൂടാതെ, അശ്രദ്ധമായ ഉപയോഗം മൂലം ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുകയോ ചെറിയ തീപിടുത്തങ്ങൾക്ക് കാരണമാവുകയോ ചെയ്തേക്കാം.
കുട്ടികൾ ഇതിന്റെ അനന്തരഫലങ്ങൾ മനസ്സിലാക്കാതെ ഇത്തരം വീഡിയോകൾ അനുകരിക്കാനുള്ള സാധ്യത ഈ വൈറൽ വീഡിയോ വരുത്തിവെക്കുന്ന അപകടമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾ കാണുന്ന ഉള്ളടക്കങ്ങളെന്തെന്ന് മാതാപിതാക്കൾ കൂടുതൽ നിരീക്ഷണം നടത്തണം. നേരിട്ടുള്ള മേൽനോട്ടമില്ലാതെ ഇലക്ട്രിക്കൽ ഉപകരണങ്ങളോ മൈക്രോവേവ് ഓവനോ ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. എല്ലാവർക്കും സുരക്ഷിതമായ വേനലവധിക്കാലം ദുബൈ പൊലീസ് ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.