ദുബൈ: യു.എ.ഇയിൽ അവശ്യവസ്തുക്കളുടെ വില പരിശോധിക്കാനും താരതമ്യം ചെയ്യാനും സംവിധാനമൊരുക്കി സാമ്പത്തിക, വിനോദ മന്ത്രാലയം. മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിലാണ് ഇതിന് സൗകര്യമൊരുക്കിയത്. അരി, ഗോതമ്പ്, എണ്ണ, മുട്ട, പാലുൽപന്നങ്ങൾ, പഞ്ചസാര, കോഴിയിറച്ചി, മത്സ്യം, പയർ വർഗങ്ങൾ, റൊട്ടി, ഗോതമ്പ്, വെള്ളം, പഴം, വെളുത്തുള്ളി, ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് എന്നിങ്ങനെ തുടങ്ങി 33 ഉൽപന്നങ്ങളുടെ വില പരിശോധിക്കാൻ ആദ്യ ഘട്ടത്തിൽ ഇതിൽ സൗകര്യമുണ്ടാകും. രാജ്യത്തെ 12 പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കളുടെ വില താരതമ്യം ചെയ്യാനും ഇതിൽ സൗകര്യമുണ്ട്.
ഉപഭോക്താക്കൾക്ക് ന്യായമായ വിലയിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വിപണി സുതാര്യത ഉറപ്പാക്കാനുമാണ് മന്ത്രാലയത്തിന്‍റെ ലക്ഷ്യം. സ്മാർട്ട് ഷോപ്പിങ് രീതികളെ കുറിച്ചുള്ള സാമൂഹിക അവബോധം വർധിപ്പിക്കാനും പുതിയ നീക്കം സഹായിക്കും. ആഗോള മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചതെന്ന് യു.എ.ഇ സാമ്പത്തിക, ടൂറിസം മന്ത്രിയും ഉപഭോക്തൃ സംരക്ഷണ ഉന്നത സമിതി ചെയർമാനുമായ അബ്ദുല്ല ബിൻ തൂക്ക് അൽ മർറി പറഞ്ഞു. വിപണിയിലെ പ്രവർത്തനങ്ങളുടെ നിരീക്ഷണം ഉറപ്പാക്കാൻ പ്ലാറ്റ്ഫോമിൽ ഉത്പന്നങ്ങളുടെ വില ദിവസേന അപ്ഡേറ്റ് ചെയ്യണം. റീട്ടെയിൽ ഔട്ട്ലറ്റുകൾക്ക് ഇലക്ട്രോണിക് ലിങ്ക് വഴിയാണ് വിവരങ്ങൾ കൈമാറുക. പ്ലാറ്റ്ഫോമിലെ വിലകളും കടയിലെ വിലകളും തമ്മിൽ വ്യത്യാസങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 8001222 എന്ന നമ്പറിൽ അറിയിക്കാമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.