ദുബൈ: എമിറേറ്റിലെ ശുചിത്വത്തിന് ഭംഗം വരുത്തുന്ന പ്രവൃത്തികൾ നിരീക്ഷിക്കാനും രേഖപ്പെടുത്താനും ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ഡിജിറ്റൽ ആപ്ലിക്കേഷൻ വികസിപ്പിച്ച് ദുബൈ മുനിസിപ്പാലിറ്റി.
‘ഇൽത്തിസാം’ എന്ന പേരിലാണ് പുതിയ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ശുചിത്വവുമായി ബന്ധപ്പെട്ട് നിലവിലുള്ള മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥരെ ശാക്തീകരിക്കുന്നതിനൊപ്പം ലോകത്ത് ഏറ്റവും വൃത്തിയുള്ള നഗരമെന്ന ദുബൈയുടെ സ്ഥാനം നിലനിർത്തുകയുമാണ് ലക്ഷ്യമെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
നഗരഭംഗി, പൊതുജനാരോഗ്യം, പരിസ്ഥിതി സുസ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരും സമൂഹങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്ന വിശാലമായ കാഴ്ചപ്പാടുകൾക്ക് അനുസരിച്ചാണ് ‘ഇൽത്തിസാം’ രൂപകൽപന ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥർക്ക് ആപ്പ് ഉപയോഗിച്ച് നിയമലംഘനങ്ങളുടെ ഫോട്ടോ എടുക്കാനും അവരുടെ ലൊക്കേഷൻ കണ്ടെത്താനും യഥാസമയം അത് രേഖപ്പെടുത്താനും കഴിയും.
പൊതുസ്ഥലങ്ങളിൽ തുപ്പുക, ച്യൂയിംഗം ഉചിതമല്ലാത്ത രീതിയിൽ ഉപേക്ഷിക്കുക, പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ, ജൈവ മാലിന്യങ്ങളും മറ്റും സമുദ്രങ്ങൾ, ബീച്ചുകൾ, ക്രീക്കുകൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിൽ ഉപേക്ഷിക്കുക, അംഗീകൃതമല്ലാത്ത സ്ഥലങ്ങളിൽ ബാർബിക്യൂ ഒരുക്കുക, പൊതുസ്ഥലങ്ങൾ മറയ്ക്കുംവിധം ലഘുലേഖകൾ, പരസ്യങ്ങൾ, പ്രിന്റ് ചെയ്ത പോസ്റ്ററുകൾ എന്നിവ പതിക്കുക, പൊതുസ്ഥലങ്ങളിൽനിന്ന് വളർത്തുമൃഗങ്ങളുടെ മാലിന്യങ്ങൾ നീക്കുന്നതിൽ വീഴ്ച വരുത്തുക തുടങ്ങി എട്ട് നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായിരിക്കും ‘ഇൽത്തിസാം’ ആദ്യഘട്ടത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക. ‘ഇൽത്തിസാം’ പോലുള്ള സ്മാർട്ട് ഉപകരണങ്ങൾ ഉപയോഗിച്ച് ഉദ്യോഗസ്ഥർ നിയമനടപടികൾ ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ നിരീക്ഷണം ശക്തിപ്പെടുത്താനും നഗരത്തിന്റെ ഭംഗിയും പരിസ്ഥിതി നിലവാരവും നിലനിർത്തുന്നതിൽ സുതാര്യത ഉയർത്താനും സാധിക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജീനിയർ മർവാൻ അഹമ്മദ് ബിൻ ഖലീത പറഞ്ഞു. നഗരത്തിന്റെ ശുചിത്വം, സുസ്ഥിരത, ജീവിത നിലവാരം എന്നിവ വർധിപ്പിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ ദൗത്യങ്ങളിൽ ‘ഇൽത്തിസാം’ പോലുള്ള ഡിജിറ്റൽ ആപ്പുകൾ പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.