???.?????? ????? ?????? ???? ????

ദുബൈ പൊലീസ് മേധാവിക്ക് ആയിരങ്ങളുടെ യാത്രാമൊഴി

ദുബൈ:  ജനകീയനായ പൊലീസ് അധികാരിക്ക് മഹാനഗരത്തിന്‍െറ യാത്രാമൊഴി. വ്യാഴാഴ്ച രാത്രി അന്തരിച്ച ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്.ജനറല്‍  ഖമീസ് മതാര്‍ അല്‍ മസീനക്ക് അന്തിമ ഉപചാരങ്ങളും പ്രാര്‍ഥനകളുമര്‍പ്പിക്കാന്‍ രാഷ്ട്രനായകര്‍ മുതല്‍ കുഞ്ഞുങ്ങള്‍ വരെ ആയിരങ്ങളാണ് വന്നുചേര്‍ന്നത്. 55കാരനായ ലഫ്.ജനറല്‍ ഖമീസ് മത്തര്‍ വ്യാഴാഴ്ച വൈകീട്ടും പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ട് റാശിദിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 
കര്‍മശേഷി കൊണ്ടും ജനങ്ങളുമായുള്ള അടുപ്പം കൊണ്ടും ചിരപരിചിതനായ പൊലീസ് മേധാവിയുടെ മരണവാര്‍ത്ത നാടിന്‍െറ വേദനയായി. അന്തിമഉപചാരമര്‍പ്പിക്കാന്‍ എത്തിയവരുടെ വാഹനപ്പെരുക്കമായിരുന്നു വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ശൈഖ് സാഇദ് റോഡില്‍. സബീല്‍ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാരത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം,  ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം,ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം എന്നിവരുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് എത്തിയത്. 
ജനപ്പെരുപ്പം മൂലം മൂന്ന് തവണ ആയാണ് മയ്യിത്ത് നമസ്കാരം നടത്തിയത്. തുടര്‍ന്ന് അല്‍ ഖിസൈസ് ഖബര്‍സ്ഥാനില്‍ നടന്ന സംസ്കാര ചടങ്ങിനും നിരവധിപേര്‍ സാക്ഷികളായി.
1961ല്‍ ദേരയില്‍ ജനിച്ച ഖമീസ് മതാര്‍ 1983ലാണ് ദുബൈ പൊലീസ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി സര്‍വീസില്‍ ചേര്‍ന്നത്. 33 വര്‍ഷത്തെ സേവനത്തിനിടെ ഒട്ടേറെ പ്രമാദമായ കേസുകള്‍ സമര്‍ഥമായി കൈകാര്യം ചെയ്ത ഇദ്ദേഹം 2013 നവംബറിലാണ് ദുബൈ പൊലീസിന്‍െറ മേധാവി സ്ഥാനം ഏറ്റെടുത്തത്. നിര്യാണത്തില്‍ അനുശോചനം പ്രകടിപ്പിച്ച് ദുബൈ പൊലീസ് ചുവപ്പുനിറത്തിലുള്ള  എംബ്ളം കറുപ്പും വെളുപ്പിലുമാക്കിയാണ് ഇന്നലെ പ്രദര്‍ശിപ്പിച്ചത്. 
 
 
Tags:    
News Summary - Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.