യു.എ.ഇയില്‍ മലയാളി മരണം കൂടുന്നു; 2016ല്‍ കേരളത്തിലെത്തിച്ചത് 400ലേറെ മൃതദേഹം

ദുബൈ: മൃതദേഹങ്ങള്‍ കണ്ടാല്‍ ഭയമോ അസാധാരണത്വമോ തോന്നാത്ത ആളാണ് അഷ്റഫ് താമരശ്ശേരി. എന്നാല്‍, നാട്ടിലേക്ക് അയക്കുന്ന മൃതദേഹങ്ങളുടെ എണ്ണം ഓരോ വര്‍ഷവും കൂടിക്കൂടി വരുന്നത് മറ്റേരാക്കാളും അദ്ദേഹത്തെ  ആശങ്കാകുലനാക്കുന്നു. യു.എ.ഇയില്‍ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നിയമ നടപടിക്രമങ്ങളും എംബാമിങ്ങും പൂര്‍ത്തിയാക്കി, വിമാനടിക്കറ്റ് ശരിയാക്കി, ആവശ്യമെങ്കില്‍ ഒപ്പം പോയി നാട്ടില്‍ ഉറ്റവരുടെ അടുത്തെത്തിക്കുക മാത്രമല്ല ഇപ്പോള്‍ അഷ്റഫ്ക്ക ചെയ്യുന്നത്. അവരുടെ എണ്ണവും വയസ്സുമെല്ലാം എഴുതിവെക്കുന്നുണ്ട്. മൂന്നുവര്‍ഷം മുമ്പ് തുടങ്ങിയ ശീലമാണ്.

അങ്ങനെ മറ്റൊരു ഡിസംബര്‍ 31 കടന്നപ്പോള്‍ അദ്ദേഹം എഴുതിവെച്ചത് ഒന്നുകൂട്ടി നോക്കി. 2016ലെ ആ കണക്ക് ഇങ്ങനെയാണ്: ആകെ മരിച്ച ഇന്ത്യക്കാര്‍ 524. ഇതില്‍ ഹൃദയഘാതം വന്നു മരിച്ചവര്‍ 427. അപകടങ്ങളില്‍ മരിച്ചത് 58 പേര്‍. ആത്മഹത്യ ചെയ്തവര്‍ 35. കൊലചെയ്യപ്പെട്ടവര്‍ നാല്. ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങള്‍ വഴി അഷ്റഫ് താമരശ്ശേരി വഴി കടല്‍ കടത്തിയ മൃതദേഹങ്ങളുടെ മാത്രം കണക്കാണിത്. അബൂദബി, അല്‍ഐന്‍ വഴിയും മലയാളികളുടേതുള്‍പ്പെടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചതിന്‍െറ കണക്കെടുത്താല്‍ രാജ്യത്ത് മരിച്ച പ്രവാസികളുടെ എണ്ണം ഇനിയും കൂടും. താന്‍ ഏറ്റവും കുടുതല്‍ മൃതദേഹം നാട്ടിലത്തെിച്ച വര്‍ഷമായിരുന്നു 2016 എന്ന്  അദ്ദേഹം ദു:ഖത്തോടെ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മരിച്ചവരില്‍ 400 ലേറെ മലയാളികളായിരുന്നെന്ന് അഷ്റഫ് പറയുന്നു. ഹൃദയാഘാതം വന്ന് മരിച്ചവരില്‍ 196 പേര്‍ 40 വയസ്സിന് താഴെ പ്രായക്കാരായിരുന്നു. 40നും 50നുമിടയില്‍ പ്രായമുള്ളവര്‍ 142 പേര്‍.  50നു മുകളില്‍ പ്രായമുള്ളവര്‍ 89 ആണ്. അപകടമരണങ്ങളില്‍ വാഹനാപകടം, തീപിടിത്തം, മുങ്ങിമരണം തുടങ്ങിയവ ഉള്‍പ്പെടുന്നു.

2016ല്‍ യു.എ.ഇയില്‍ ആത്മഹത്യ ചെയ്തവരിലും മലയാളികളാണ് മുന്നില്‍. 19 മലയാളികളാണ് സ്വയംഹത്യ നടത്തിയത്. 11 തമിഴ്നാട്ടുകാരും മൂന്നു കര്‍ണാടകക്കാരും രണ്ടു യു.പിക്കാരുമായി  ആത്മഹത്യചെയ്തവരുടെ 35 മൃതദേഹങ്ങളാണ് അഷ്റഫ് താമരശ്ശേരി നാട്ടിലത്തെിച്ചത്. നാലു കുത്തിക്കൊലകള്‍ നടന്നതില്‍ ഒരു ഇര മലയാളിയായിയായിരുന്നു. ഡിസംബര്‍ 27ന് ഷാര്‍ജയില്‍ പാകിസ്താനിയുടെ കുത്തേറ്റുമരിച്ച മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശി കുടലില്‍ അലി (52) ആണ് വധിക്കപ്പെട്ട മലയാളി. മറ്റു രാജ്യക്കാരുടെ 45 ഓളം മൃതദേഹങ്ങളും 2016ല്‍ അവരവരുടെ നാടുകളിലത്തെിക്കാന്‍ താന്‍ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. ബംഗ്ളാദേശ്, പാകിസ്താന്‍, ശ്രീലങ്ക, ഫിലപ്പീന്‍സ്, അര്‍മേനിയ തുടങ്ങിയ നാടുകളില്‍ നിന്നുള്ളവര്‍ ഇതില്‍പ്പെടും.

16 വര്‍ഷം മുമ്പാണ് അഷ്റഫ് താമരശ്ശേരി മൃതദേഹങ്ങളുടെ കൂട്ടുകാരനാകുന്നത്. അന്ന് മാസത്തില്‍ ഒന്നോ രണ്ടോ മൃതദേഹങ്ങളാണ് താന്‍ നാട്ടിലെത്തിച്ചിരുന്നതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഇപ്പോള്‍ മാസംതോറും 40മുതല്‍ 50 വരെ മൃതദേഹങ്ങളാണ് അയക്കുന്നത്. കഴിഞ്ഞവര്‍ഷം 476 മൃതദേഹങ്ങളാണ് അയച്ചത്. 2014ല്‍ 400ല്‍ താഴെ മൃതദേഹങ്ങളായിരുന്നു അഷ്റഫ് താമരശ്ശേരിയുടെ നിസ്വാര്‍ഥ പ്രയത്നത്തില്‍ നാടണഞ്ഞത്. ഓരോ വര്‍ഷവും എണ്ണം കൂടിക്കൂടിവരുന്നത് ബോധ്യപ്പെട്ടതോടെയാണ് താന്‍ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാന്‍ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഒരോ തവണ നാട്ടില്‍പോകുമ്പോഴും മരണപ്പെട്ടവരുടെ പാസ്പോര്‍ട്ട് കോപ്പിയും മരണസര്‍ട്ടിഫിക്കറ്റും വിമാനടിക്കറ്റും ഉള്‍പ്പെടെയുള്ള രേഖകള്‍ വീട്ടില്‍കൊണ്ടുപോയി സൂക്ഷിക്കും. ഇവിടെ വെച്ച് നഷ്ടപ്പെടേണ്ട എന്നു കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്്. ഒരു ദിവസം 12 മൃതദേഹം വരെ താന്‍ ഇന്ത്യയിലേക്കയച്ചിട്ടുണ്ടെന്ന് പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് കൂടിയായ അഷ്റഫ് പറഞ്ഞു. നാലു  മുതല്‍ 71 വയസ്സുകാര്‍ വരെ അതിലുണ്ടായിരുന്നു.

മൃതദേഹത്തെ അനുഗമിക്കാന്‍ ആളില്ലാതെ വരുമ്പോള്‍ അദ്ദേഹം കൂടെപ്പോകും.  ഡല്‍ഹിയിലും കൊല്‍ക്കത്തയിലും ലക്നോയിലും തൃശ്ശിനാപള്ളിയിലും പാറ്റ്നയിലും കഴിഞ്ഞവര്‍ഷം മൃതദേഹവുമായി പോയിട്ടുണ്ട്. എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹത്തിന്‍െറ കൂടെ ആള്‍ നിര്‍ബന്ധമാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഡല്‍ഹി വിമാനത്താവളത്തില്‍ ഒരു മൃതദേഹം എത്തിച്ച് തിരിച്ചു വന്നതേയുള്ളു. ബംഗാളിലെ കുഗ്രാമത്തില്‍ ഒരു പാവം തൊഴിലാളിയുടെ മൃതദേഹം എത്തിച്ച സംഭവം അദ്ദേഹത്തിന് മറക്കാനാകുന്നില്ല. ചാണക വറളി കൊണ്ട് പൊതിഞ്ഞ കൂരയില്‍ മൃതദേഹത്തിന് ചുറ്റും കൂടി വാവിട്ടുകരയുന്ന ദരിദ്ര കുടുംബം. വീടിന് പിന്നിലെ ഇത്തിരി സ്ഥലത്ത്  കുഴിയുണ്ടാക്കിയാണ് ആ ജഡം സംസ്കരിച്ചത്.

മലയാളി യുവാക്കളില്‍ ഹൃദയാഘാതം കൂടാന്‍ കാരണം കടുത്ത മാനസിക സമ്മര്‍ദ്ദമാണെന്നാണ് അഷ്റഫ് താമരശ്ശേരിയുടെ പക്ഷം. ഭക്ഷണമോ ജീവിതശൈലിയോ മരണകാരണമായി തോന്നുന്നില്ല. സാമ്പത്തികമായ കാരണങ്ങളാണ് പലരുടെയും മാനസ്സിക സമ്മര്‍ദത്തിന് കാരണം. മരിച്ചവരുടെ ചരിത്രം പരിശോധിച്ചപ്പോള്‍ സാമ്പത്തിക പ്രതിസന്ധിക്കാര്‍ മുതല്‍ അമിതമോഹങ്ങളില്‍ ജീവിതം സംഘര്‍ഷപൂരിതമാക്കിയവര്‍ വരെയായിരുന്നു കൂടുതലെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - death roll of nri malayalees increased in uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.