ഷാർജ: ഇന്തോ-അറബ് വാണിജ്യ,സാംസ്കാരിക ബന്ധത്തിന് കരുത്ത് പകർന്ന് ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക, വിനോദ, വിജ്ഞാന മേളയായ ‘കമോൺ കേരള’യുടെ ഏഴാം പതിപ്പിന് ഷാർജ എക്സ്പോ സെന്ററിൽ പ്രൗഢമായ തുടക്കം.
ഇനിയുള്ള രണ്ടു ദിനരാത്രങ്ങൾ പ്രവാസികൾക്ക് ആഘോഷങ്ങളുടെ ഉത്സവപ്പെരുന്നാൾ. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് നിർവഹിച്ചു.
ഷാർജ എക്സ്പോ സെന്റർ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ ഹംസ അബ്ബാസ്, ഒ- ഗോൾഡ് ചെയർമാൻ ബന്ദർ അൽ ഉസ്മാൻ, ഒ- ഗോൾഡ് സഹ സ്ഥാപകനും ഡയറക്ടറുമായ അഹമ്മദ് അബ്ദൽ തവ്വാബ്, ജോയ് ആലുക്കാസ് ഇന്റർനാഷനൽ മാർക്കറ്റിങ് തലവൻ തോമസ് ആന്റണി, ഹോട്ട്പാക് ഗ്രൂപ് സി.ടി.ഒ പി.ബി. അൻവർ, ഗ്ലോബൽ ബിസിനസ് ഡയറക്ടറും സസ്റ്റൈയിനബിലിറ്റി തലവനുമായ മൈക്ക് ചീത്തം, ഹൈലൈറ്റ് ബിൽഡേഴ്സ് സി.ഇ.ഒ പി. മുഹമ്മദ് ഫസീം, സ്മാർട്ട് ട്രാവൽ ഗ്രൂപ് ചെയർമാൻ അഫി അഹമ്മദ്, ‘മാധ്യമം’ ജോയന്റ് എഡിറ്റർ പി.ഐ. നൗഷാദ്, ‘ഗൾഫ് മാധ്യമം’ മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഗൾഫിൽനിന്നും ഇന്ത്യയിൽനിന്നും 200ഓളം സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ 10ന് ആയിരത്തിലധികം കുട്ടികൾ പങ്കെടുത്ത ‘ലിറ്റിൽ ആർട്ടിസ്റ്റ്’ ചിത്രരചന മത്സരം നടന്നു. മത്സരം അടുത്ത രണ്ടുദിവസങ്ങളിലും തുടരും. വൈകീട്ട് പ്രധാനവേദിയിൽ നടന്ന ചടങ്ങിൽ അലുംനി ഇംപാക്ട് അവാർഡ് ഫൈനലിസ്റ്റുകളായ പത്ത് കോളജ് അലുംനി കൂട്ടായ്മകളെ ആദരിച്ചു.
രാത്രി ബോളിവുഡ് ഗായകൻ സൽമാൻ അലി നയിച്ച സംഗീതനിശ സന്ദർശകർക്ക് വിരുന്നായി മാറി. ശനിയാഴ്ച ജലീൽ കാഷ് ആൻഡ് ക്യാരി പയനീർ അവാർഡ്, തെന്നിന്ത്യൻ താരം പ്രിയാമണി ഉൾപ്പെടെ വനിത പ്രതിഭകൾക്കുള്ള ഇന്തോ-അറബ് വിമൻ എക്സലൻസ് പുരസ്കാരം എന്നിവ സമ്മാനിക്കും. ഞായറാഴ്ച ബിസിനസ് അച്ചീവ്മെന്റ് , ബിസിനസ് ഐക്കൺ, അറേബ്യൻ ലഗസി അവാർഡുകൾ സമ്മാനിക്കും. ചലച്ചിത്ര നടൻ മോഹൻലാലാണ് മുഖ്യാതിഥി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.