പാഠപുസ്തകങ്ങള്‍ തിരിച്ചെത്തുന്നു; ആറാം ക്ലാസിൽ ഇന്നുമുതല്‍ ലാപ്‌ടോപ്പുകള്‍ക്ക് വിലക്ക്
അബൂദബി: ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി യു.എ.ഇയിലെ സ്‌കൂളുകളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നുമുതല്‍ ലാപ്‌ടോപ്പുകള്‍ നിരോധിച്ചു. ‘പഠനത്തില്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം കുറക്കുന്നതിനുള്ള മാര്‍ഗരേഖ’യുടെ ഭാഗമായാണ് രാജ്യവ്യാപകമായി സൈക്കിള്‍ 2 സ്‌കൂളുകളില്‍ ഈ പുതിയ തീരുമാനം നടപ്പാക്കുന്നത്.
പുതിയ തീരുമാനം അനുസരിച്ച് ആറാം ക്ലാസ് വിദ്യാർഥികള്‍ സ്‌കൂളുകളില്‍ ലാപ്‌ടോപ്പുകളോ മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളോ കൊണ്ടുവരാന്‍ പാടില്ല. ജനറല്‍, അഡ്വാന്‍സ്ഡ് ട്രാക്കുകളില്‍ പഠിക്കുന്ന ആറാം ക്ലാസ് വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ അധ്യയന വര്‍ഷം മുഴുവന്‍ കുട്ടികള്‍ ലാപ്‌ടോപ്പുകള്‍ സ്‌കൂളിലേക്ക് കൊണ്ടു വരേണ്ടതില്ലെന്നും അവ വീട്ടില്‍ തന്നെ സൂക്ഷിക്കണമെന്നുമാണ് നിര്‍ദേശം.
ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് പകരം ക്ലാസ് മുറികളില്‍ പാഠപുസ്തകങ്ങള്‍ക്കും നോട്ട്ബുക്കുകള്‍ക്കും വീണ്ടും മുന്‍ഗണന നല്‍കാനാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്. കൈകൊണ്ട് എഴുതുക, ക്ലാസ് മുറിയിലെ ചര്‍ച്ചകള്‍, അധ്യാപകരുമായി നേരിട്ടുള്ള ഇടപെടല്‍, വിവിധ പ്രവര്‍ത്തനങ്ങള്‍, നോണ്‍-ഡിജിറ്റല്‍ പഠന വിഭവങ്ങള്‍ എന്നിവക്ക് ഇത് ഊന്നല്‍ നല്‍കും. അതേസമയം, സാങ്കേതികവിദ്യ പൂര്‍ണമായും ഒഴിവാക്കുന്നില്ല; ആവശ്യാനുസരണം ഉപയോഗിക്കാവുന്ന ഒരു സഹായ ഉപകരണമായി ഇത് തുടരും.
ഈ നിയന്ത്രണം ആറാം ക്ലാസ് വിദ്യാർഥികള്‍ക്ക് മാത്രമാണുള്ളതെന്നും മറ്റ് ക്ലാസുകളെ ഇത് ബാധിക്കില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീടുകളില്‍ അതത് വിഷയങ്ങളുടെ ആവശ്യകതക്ക് അനുസരിച്ചും, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതിനോ പ്രത്യേക ഗൃഹപാഠങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനോ വേണ്ടി മാത്രം ലാപ്‌ടോപ്പ് ഉപയോഗം പരിമിതപ്പെടുത്തും. കുട്ടികള്‍ ആവശ്യമില്ലാതെ നിരന്തരം സ്‌ക്രീനുകളില്‍ തന്നെ സമയം ചിലവഴിക്കുന്നത് ഒഴിവാക്കാനാണ് ഈ രണ്ട് വ്യത്യസ്ത പഠനരീതികള്‍ (സ്‌കൂളില്‍ പുസ്തകങ്ങളും വീട്ടില്‍ ആവശ്യാനുസരണമുള്ള ലാപ്‌ടോപ്പ് ഉപയോഗവും) നടപ്പാക്കുന്നത്.
വിദ്യാഭ്യാസ മന്ത്രാലയം നല്‍കുന്ന ലാപ്‌ടോപ്പുകള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ക്ക് അനുസരിച്ച് ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമാണിത്. ജനറല്‍, അഡ്വാന്‍സ്ഡ് ട്രാക്കുകളില്‍ ഗ്രേഡ് 10 വരെയുള്ള വിദ്യാര്‍ത്ഥികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
വിദ്യാർഥിയുടെ പേര്, മന്ത്രാലയ ഐഡി നമ്പര്‍, എമിറേറ്റ്‌സ് ഐഡി, ഗ്രേഡ്, ക്ലാസ്, രക്ഷിതാവിന്‍റെ വിവരങ്ങള്‍ എന്നിവ സഹിതം സ്‌കൂളുകള്‍ ഔദ്യോഗിക വെബ്സൈറ്റ് വഴി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കുടുംബങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രാലയം നേരിട്ട് മാത്രമായിരിക്കും ഉപകരണങ്ങള്‍ വിതരണം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.