ഐക്യവും അതിജീവനവും പ്രമേയം; ദേശീയ ഹ്രസ്വചിത്ര മത്സരം പ്രഖ്യാപിച്ച് ഡി.എഫ്.ജി.സി

ദുബൈ: യു.എ.ഇയിലെ ജനങ്ങളുടെ ഐക്യവും അതിജീവനവും പ്രമേയമാക്കി ദുബൈ ഫിലിംസ് ആൻഡ് ഗെയിംസ് കമീഷൻ (ഡി.എഫ്.ജി.സി) പുതിയ ദേശീയ ഹ്രസ്വചിത്ര മത്സരം പ്രഖ്യാപിച്ചു. ‘സ്റ്റോറീസ് ഓഫ് അവർ ഡിറ്റർമിനേഷൻ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ മത്സരം ദുബൈ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിർദേശപ്രകാരമാണ് സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ 55-ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായാണിത്.

നാല് പ്രധാന പ്രമേയങ്ങളിലാണ് ചിത്രങ്ങൾ ഒരുക്കേണ്ടത്. സുരക്ഷാ ജീവനക്കാരുടെയും മുൻനിര പോരാളികളുടെയും സേവനം, വൈവിധ്യമാർന്ന ജനവിഭാഗങ്ങളുടെ ഒത്തൊരുമ, പ്രതിസന്ധികൾക്കിടയിലും തുടർന്ന ദൈനംദിന ജീവിതം, ഭാവിയിലേക്കുള്ള വളർച്ചയും പ്രത്യാശയും എന്നിവയാണ് ഈ തീമുകൾ. സമർപ്പിക്കുന്ന ചിത്രങ്ങളിൽനിന്ന് തെരഞ്ഞെടുക്കുന്ന മികച്ച 55 ചിത്രങ്ങളാണ് മത്സരത്തിന്‍റെ ഔദ്യോഗിക പട്ടികയിൽ ഇടംപിടിക്കുക.

സ്വദേശികൾക്കും യു.എ.ഇയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ പ്രവാസികൾക്കും മത്സരത്തിൽ പങ്കെടുക്കാം. വിദ്യാർഥികൾ, എ.ഐ ക്രിയേറ്റർമാർ, അനിമേഷൻ വിദഗ്ധർ, തുടക്കക്കാർ, പത്രപ്രവർത്തകർ തുടങ്ങി ഏത് മേഖലയിലുള്ളവർക്കും എൻട്രികൾ അയക്കാം. ഫിക്ഷൻ, ഡോക്യുമെന്‍ററി, അനിമേഷൻ, എ.ഐ അസിസ്റ്റഡ്, മൊബൈൽ സിനിമകൾ തുടങ്ങി വിവിധ ഫോർമാറ്റുകൾ അനുവദനീയമാണ്. ഏത് ഭാഷയിലും സിനിമകൾ നിർമിക്കാം (അറബിയോ ഇംഗ്ലീഷോ അല്ലെങ്കില്‍ സബ്‌ടൈറ്റിലുകൾ നിർബന്ധമാണ്). ടൈറ്റിലുകളും ക്രഡിറ്റുകളും ഉൾപ്പെടെ പരമാവധി അഞ്ച് മിനിറ്റ് ദൈർഘ്യമാണ് ചിത്രങ്ങൾക്ക് അനുവദിച്ചിട്ടുള്ളത്.

പ്രൊഫഷനൽ വിഭാഗത്തിലുള്ള വിജയികൾക്ക് 50,000 ദിർഹം വരെയും വിദ്യാർഥി വിഭാഗത്തിലെ വിജയികൾക്ക് 10,000 ദിർഹം വരെയും സമ്മാനം ലഭിക്കും. ഗ്രാൻഡ് ജൂറി പ്രൈസ്, ബെസ്റ്റ് ഫിക്ഷൻ, ബെസ്റ്റ് ഡോക്യുമെന്‍ററി, ബെസ്റ്റ് അനിമേഷൻ, ബെസ്റ്റ് എ.ഐ ഫിലിം എന്നീ അഞ്ചുവിഭാഗങ്ങളിലായി ആകെ 10 പുരസ്കാരങ്ങളാണ് നൽകുന്നത്. ജൂറിയുടെ വിലയിരുത്തലിനൊപ്പം പൊതുജനങ്ങളുടെ വോട്ടിങ്ങിലൂടെയും വിജയികളെ തിരഞ്ഞെടുക്കും.

മത്സരത്തിനായി പ്രത്യേകം തയാറാക്കിയതും മുമ്പ് എവിടെയും പ്രദർശിപ്പിക്കാത്തതുമായ ചിത്രങ്ങളാണ് സ്വീകരിക്കുക. ചിത്രങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25 ആണ്. കൂടുതൽ വിവരങ്ങൾക്ക് storiesofstrength.ae എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം.

Tags:    
News Summary - DFGC Announces National Short Film Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.