ദുബൈ: വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ കോവിഡ് പരിശോധന നടത്താൻ കഴിയുന്ന മൂന്ന് പുതിയ ടെസ്റ്റ് കേന്ദ്രങ്ങൾ ദുബൈ ഹെൽത്ത് അതോറിറ്റിയുടെ (ഡി.എച്ച്.എ) നേതൃത്വത്തിൽ ആരംഭിക്കുന്നു. ഇൗ സെൻററുകളിൽ നിന്ന് അഞ്ചു മിനിറ്റിനകം തന്നെ പരിശോധന പൂർത്തിയാക്കാനാകുമെന്ന് ഡി.എച്ച്.എ ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖ്വാതമി പറഞ്ഞു. അൽ ഫുത്തൈം ഹെൽത്ത് ആരംഭിച്ച ആറ് ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെൻററുകൾക്ക് പുറമേയാണ് ഈ കേന്ദ്രങ്ങൾ. പ്രതിദിനം 600 ഓളം പേർക്ക് സേവനങ്ങൾ നൽകാൻ കേന്ദ്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ കേന്ദ്രങ്ങളുമായി ബന്ധപ്പെടാനുള്ള വിശദാംശങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താമസിയാതെ പ്രഖ്യാപിക്കും. എല്ലാ പൗരന്മാർക്കും താമസക്കാർക്കും കൊറോണ വൈറസിനെ ചെറുക്കാനും വ്യാപനം തടയാനുമുള്ള മാർഗങ്ങൾ ഉറപ്പുവരുത്തുന്നതിനാണ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയായ ‘സെഹ’യുടെ സഹകരണത്തോടെ കൊറോണ വൈറസ് കണ്ടെത്തുന്നതിനായി അത്യാധുനിക പരിശോധന സൗകര്യങ്ങളോടെയുള്ള ‘വെഹിക്കിൾ ഇൻസ്പെക്ഷൻ പ്രൊസീജ്യർ സെൻറർ’പ്രവർത്തനം തുടങ്ങിയിരുന്നു. അബൂദബി ആരോഗ്യവകുപ്പ് സായിദ് സ്പോർട്സ് സിറ്റിയിൽ ആരംഭിച്ച കേന്ദ്രത്തിെൻറ മാതൃകയിലാണ് രാജ്യത്തുടനീളം പരിശോധന സംവിധാനങ്ങൾ തുടങ്ങുന്നത്. കേന്ദ്രത്തിൽ എത്തിയാൽ വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ പരിശോധന നടത്താം. മൂക്കിൽ നിന്ന് സ്രവ സാമ്പിൾ എടുത്താണ് പരിശോധന നടത്തുന്നത്.
ഇതേ മാതൃകയിൽ യു.എ.ഇയിലുടനീളം ദ്രുതഗതിയിൽ പരിശോധന പൂർത്തിയാക്കാവുന്ന തരത്തിൽ സെൻററുകൾ തുടങ്ങാൻ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പിന് നിർദേശം നൽകിയിരുന്നു. യു.എ.ഇയിലുടനീളമുള്ള ആളുകൾക്ക് ദ്രുത പരിശോധനകൾ നൽകുന്നതിന് ദുബൈ, ഷാർജ (അജ്മാൻ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളുള്ളവർക്ക് കൂടി), റാസൽ ഖൈമ, ഫുജൈറ, അൽഐൻ, അൽ ദാഫ് റ എന്നിവിടങ്ങളിൽ പരിശോധന കേന്ദ്രങ്ങൾ തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
ഇപ്പോൾ ദുബൈയിൽ അൽ ഫുത്തൈം ഹെൽത്ത് ഇത്തരത്തിൽ അതിവേഗത്തിൽ കോവിഡ് 19 പരിശോധന നടത്തുന്നതിന് ആറോളം കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. അൽ ഫുത്തൈം ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമുൾപ്പെടെ 20,000 പേർക്ക് സൗജന്യമായി സ്ക്രീനിങ് നടത്തും. പൊതുജനങ്ങൾക്ക് പണമടച്ചും കേന്ദ്രങ്ങളിലെത്തി പരിശോധന നടത്താം.
മാർച്ച് 29ന് ദുബൈ ഫെസ്റ്റിവൽ സിറ്റിയിൽ ആരംഭിച്ച ആദ്യ കേന്ദ്രത്തിൽ ഇതിനകം 400 പരിശോധനകളാണ് പൂർത്തിയാക്കിയത്. അൽ ഗുസൈസ്, അൽ വർക്ക, ഇൻറർനാഷനൽ സിറ്റി, ഡിസ്കവറി ഗാർഡൻസ്, സിലിക്കൺ ഒയാസിസ് എന്നിവിടങ്ങളിലെ അൽ ഫുത്തൈം ഹെൽത്ത് ഹബ് ക്ലിനിക്കുകളിലാണ് മറ്റ് അഞ്ച് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് -ടെസ്റ്റ് കേന്ദ്രങ്ങളെ കുറിച്ച് അൽ ഫുത്തൈം ഹെൽത്ത് മാനേജിങ് ഡയറക്ടർ ഡോ. ഹൈദർ അൽ യൂസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.