ദുബൈ: പ്രവാസ സമൂഹമേ, ഒരുപാട് സഹായിച്ചിട്ടുണ്ട് നിങ്ങൾ, പക്ഷേ വീണ്ടും പിന്തുണ തേടുകയാണ്. തളർന്നുപോയ ഒരു മനുഷ്യനെ വീടുവരെ അനുഗമിക്കാൻ അടിയന്തിരമായി ഒരു നഴ്സിെൻറ സഹായം വേണം. മൂന്നര പതിറ്റാണ്ടിലേറെയായി പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു മലപ്പുറം തിരൂർ പുതുപ്പള്ളിയിലെ കെ.വി. മുഹമ്മദ് കുട്ടി. സഹപ്രവർത്തകരായ ചെറുപ്പക്കാരെക്കാൾ ഉഷാറായിരുന്നു നാഗ കൺസ്ട്രക്ഷൻസിൽ ഡ്രൈവർ കം മെസഞ്ചർ ആയി ജോലി ചെയ്തുവന്ന ഇൗ 59കാരൻ. കോവിഡ് ബാധിച്ച് മെയ് 19ന് ദുബൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്.
കോവിഡിനെ അതിജീവിച്ചെങ്കിലും മറ്റൊരു പ്രഹരം കാത്തിരിപ്പുണ്ടായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ച് സ്ട്രോക്ക് വന്ന് വലതുഭാഗം തളർന്നുപോയി. ഉറ്റവരും ഉടയവരുമെല്ലാം നാട്ടിലായതിനാൽ ആശുപത്രിയിൽ കെ.എം.സി.സിയാണ് സഹായങ്ങൾ നൽകിയിരുന്നത്.
ഏറ്റവും പെെട്ടന്ന് നാട്ടിലെത്തിച്ച് തുടർ പരിചരണം നടത്തുവാനാണ് ബന്ധുക്കളും സാമുഹിക പ്രവർത്തകരും ചേർന്ന് ശ്രമിക്കുന്നത്. ചൊവ്വാഴ്ച ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന എമിറേറ്റ്സ് വിമാനത്തിൽ ടിക്കറ്റ് ഉറപ്പായിട്ടുണ്ട്. സ്ട്രച്ചറിൽ ഒപ്പം ഒരു നഴ്സിനെ കൂടെ കൂട്ടിവേണം കൊണ്ടുപോകാൻ. ആരെങ്കിലും സന്നദ്ധരാണെങ്കിൽ അവർക്കുള്ള ടിക്കറ്റും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന സാമൂഹിക പ്രവർത്തകൻ ബഷീർ തിക്കോടി അറിയിച്ചു. നാട്ടിലേക്ക് പോകാൻ കാത്തുനിൽക്കുന്ന നഴ്സുമാരോ ആരോഗ്യപ്രവർത്തകരോ ഉണ്ടെങ്കിൽ ഇരുകൂട്ടർക്കും ഇത് സൗകര്യമാകും. ഇദ്ദേഹത്തെ നാട്ടിലെത്തിച്ച ശേഷം മടക്ക വിമാനത്തിൽ തിരിച്ചുവരുവാനാണെങ്കിൽ അതിനും സൗകര്യമൊരുക്കാനാവും.
എയർ ഇന്ത്യ കാർഗോ ജനറൽ മാനേജർ കരീം, അബൂദബി കെ.എം.സി.സി പ്രസിഡൻറ് ഷുക്കൂറലി കല്ലിങ്ങൽ, നിജിൽ ഇബ്രാഹിം, സകരിയ നരിക്കുനി തുടങ്ങിയരുടെ പിന്തുണയോടെയാണ് സാേങ്കതിക അനുമതികളും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കിയതെന്ന് ബന്ധുക്കളായ സൈദ്, അൻവർ എന്നിവർ പറഞ്ഞു.
അനുഗമിക്കാൻ തയാറുളള നഴ്സുമാർ 0528906283, 0505606313, 0559473006 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.