റാസല്‍ഖൈമ: റാസല്‍ഖൈമയിലെ ഹരിത മേഖലകളുടെ പരിപാലനത്തിന് സ്വകാര്യ കമ്പനിയുമായി കരാര്‍ ഒപ്പിട്ട് പൊതുമരാമത്ത് വകുപ്പ്. ജനറല്‍ സര്‍വിസ് വകുപ്പ് മേധാവി ശൈഖ് അഹ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ മാര്‍ഗനിർദേശാനുസരണം ഹരിത പ്രദേശങ്ങളുടെ പരിപാലനത്തിന് അല്‍ മഷ്റഖ് കമ്പനിയുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു. അറ്റകുറ്റപ്പണികള്‍, ജലസേചനം, കാര്‍ഷിക സേവനം തുടങ്ങി ഹരിതഭംഗി നിലനിര്‍ത്തുകയും ഈ മേഖലയുടെ സുസ്ഥിര വികസനത്തിനും ഉന്നൽ നൽകുന്നതാണ് കരാര്‍ വ്യവസ്ഥകള്‍.
വാദി സിഫ്നി പാര്‍ക്ക് തുറക്കുന്നതുള്‍പ്പെടെ നിരവധി ഹരിത മേഖലകളുടെ പദ്ധതികളില്‍ അല്‍ മഷ്റഖ് പ്രവര്‍ത്തിക്കുന്നതായി കരാര്‍ ഒപ്പിടുന്ന വേളയില്‍ ജനറല്‍ സര്‍വിസ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ എൻജിനീയര്‍ ഖാലിദ് ഫദല്‍ അല്‍ അലി വ്യക്തമാക്കി. ഈ വര്‍ഷം മൂന്നാം പാദത്തില്‍ റാസല്‍ഖൈമയിലെ ദക്ഷിണ മേഖലകളിലും സഖര്‍ പാര്‍ക്ക് വിപുലീകരണ പ്രവൃത്തികളായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ഗെയിം ഏരിയകളുടെ വിപുലീകരണം തുടങ്ങി സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള മറ്റു സേവനങ്ങളും പുറംകരാര്‍ കമ്പനിയില്‍ നിക്ഷിപ്തമാണ്.
ലാന്ഡ്സ്കാപ്പിങ് മേഖലയില്‍ തന്ത്രപരമായ ലക്ഷ്യങ്ങള്‍ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട റാസല്‍ഖൈമയുടെ ആദ്യ കരാറാണ്. സ്വകാര്യ മേഖലയും രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളും ഏജന്‍സികളുമായുള്ള സഹകരണത്തിലൂടെ ഗുണപരമായ പദ്ധതികള്‍ നടപ്പാക്കുന്നതിന് സഹായിക്കും. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും താമസക്കാരിലും വിനോദ സഞ്ചാരികളിലും ഒരുപോലെ സന്തോഷം നല്‍കലും പദ്ധതിയുടെ ലക്ഷ്യമാണെന്നും എൻജിനീയര്‍ ഖാലിദ് തുടര്‍ന്നു.
പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള അന്തരം കുറക്കുന്നതിന് ഉതകുന്നതാണ് റാക് പൊതുമരാമത്ത് വകുപ്പുമായുള്ള പുതിയ സഹകരണമെന്ന് അല്‍ മഷ്റഖ് കമ്പനി ജനറല്‍ മാനേജര്‍ സുഹൈല്‍ അല്‍ നജ്ജാര്‍ കരാറില്‍ ഒപ്പിട്ടശേഷം അഭിപ്രായപ്പെട്ടു. ജലസേചന, കാര്‍ഷിക സേവനങ്ങള്‍ക്ക് ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.