യു.എ.ഇയുടെ എണ്ണയിതര റവന്യൂ സ്രോതസുകളുടെ പട്ടിക നിരത്തിയാല്‍ ഉന്നത ശ്രേണിയിലാണ് റാക് സെറാമിക്സിന്‍െറ സ്ഥാനം. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായിരുന്ന അന്തരിച്ച ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ നായകത്വത്തില്‍ ഉപഭരണാധിപനായിരുന്ന ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ മുന്‍കൈയില്‍ 1989ലായിരുന്നു റാക് സെറാമിക്സിന്‍െറ പിറവി. ഗുണമേന്മയുള്ള കളിമണ്‍ ശേഖരത്തിന്‍െറ ഈറ്റില്ലമാണ് റാസല്ഖൈമയെന്ന ഗവേഷണ പഠനമാണ് സെറാമിക്സ് ഉല്പന്ന നിര്‍മാണശാലയിലേക്ക് വഴി തുറന്നത്.
പുരാതന കാലത്ത് മുത്തുവാരലായിരുന്നു റാസല്‍ഖൈമയുടെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്നതെങ്കില്‍ ഇടക്കാലത്ത് കാര്‍ഷിക -മല്‍സ്യബന്ധന മേഖലയിലേക്ക് ചുരുങ്ങിയിരുന്നു. എണ്ണ വിഭവങ്ങളില്ലാത്ത റാസല്‍ഖൈമയുടെ വികസന യാത്രക്ക് വേഗം നല്‍കിയെന്നത് റാക് സെറാമിക്സ് നിര്‍മാണശാലകളുടെ നേട്ടം. അറബ് മേഖലയില്‍ ഒമ്പത്, 13 നൂറ്റാണ്ടുകളില്‍ സെറാമിക് കല ഉത്തുംഗ പദവിയിലായിരുന്നു. വാണിജ്യ മേഖലയുടെ ഉണര്‍വിനൊപ്പം ചരിത്ര പാരമ്പര്യത്തിന്‍െറ പുനരുജ്ജീവനം കൂടിയായാണ് '90കളുടെ തുടക്കത്തിലെ റാക് സെറാമിക്സിന്‍െറ വരവിനെ വിലയിരുത്തപ്പെട്ടത്.
'90 ഫെബ്രുവരിയില്‍ പ്രവര്‍ത്തനം തുടങ്ങിയ സെറാമിക്സ് അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് പ്ലാൻറുകള്‍ കൂടി സ്ഥാപിച്ചു. 1993ല്‍ ആദ്യ സാനിറ്ററിവെയര്‍ പ്ളാന്റ് പ്രവര്‍ത്തനം തുടങ്ങി. 2000 - 2004 കാലയളവില്‍ കൂടുതല്‍ നിക്ഷേപം ഉറപ്പാക്കിയത് സെറാമിക്സിന്‍െറ നവീകരണ പദ്ധതികള്‍ക്ക് വേഗം നല്കി. തുടക്ക ഘട്ടത്തില്‍ തന്നെ ഗുണ നിലവാരമുള്ള ഉല്പന്നങ്ങള് ഇറക്കിയത് റാക് സെറാമിക്സിന്‍െറ ഖ്യാതി ഉയര്‍ത്തി.
2000ല്‍ രാജ്യത്തിന് പുറത്ത് ആദ്യ പ്ലാൻറ് ബംഗ്ലാദേശില്‍ സ്ഥാപിതമായി. ഇന്ത്യയിലും ഇറാനിലും റാക് സെറാമിസ് പ്ലാൻറുകള്‍ പ്രവര്‍ത്തിക്കുന്നു. 2010ഓടെ ലോകത്തിലെ മുന്‍ നിര ബ്രാന്‍ഡുകളില്‍ റാക് സെറാമിക്സ് ഉല്പന്നങ്ങള് സ്ഥാനം പിടിച്ചു. നിലവില്‍ 160ലേറെ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്നതാണ് വിതരണ ശൃംഖല. ഇന്ത്യ, സൗദി അറേബ്യ, ഇറാന്, യു.കെ, ഇറ്റലി, ജര്‍മനി, ആസ്ത്രേലിയ രാജ്യങ്ങളില്‍ അനുബന്ധ നിക്ഷേപ സംവിധാനങ്ങള്‍ റാക് സെറാമിക്സ് ഉല്പന്നങ്ങള്ക്ക് ഡിമാന്റ് വര്‍ധിപ്പിക്കുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജോയിന്റ് വെഞ്ച്വര്‍ സംരംഭങ്ങളിലൂടെ പ്രത്യേക വിപണി തുറക്കാനും റാക് സെറാമിക്സിന് കഴിഞ്ഞു.
യു.എ.ഇക്ക് പുറമെ ഇന്ത്യയുള്‍പ്പെടെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി ഏഴായിരത്തിലേറെ പേര് നേരിട്ടും ലോകതലത്തില്‍ 15,000ഓളം പേര് അനുബന്ധമായും റാക് സെറാമിക്സുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നു. ടൈലുകള്‍, സാനിറ്ററിവെയര്‍ തുടങ്ങി അടുക്കള മുതല്‍ ഭീമന് കെട്ടിടങ്ങള്‍ക്ക് വരെ ആവശ്യമുള്ള ഉല്പന്നങ്ങള് പുറത്തിറക്കുന്നു.തുറന്ന സാമ്പത്തിക നയത്തിന്‍െറ വക്താവായ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ ഇടപെടലുകള്‍ ഭൂഖണ്ഡങ്ങള്‍ കടന്ന റാക് സെറാമിക്സിന്‍െറ ജൈത്രയാത്രക്ക് നിദാനമായി വര്‍ത്തിക്കുന്നു. റാസല്‍ഖൈമ അല്‍ ജസീറ അല്‍ ഹംറയിലാണ് റാക് സെറാമിക്സിന്‍െറ ആസ്ഥാനം. കുറഞ്ഞ കാലയളവിനുള്ളില്‍ ലോകം കീഴടക്കിയ റാക് സെറാമിക്സിന്‍െറ വിജയഗാഥ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ മക്ഡൊണൊഫ് സ്കൂള്‍ ഓഫ് ബിസിനസ് പഠന വിഷമാക്കിയതും ശ്രദ്ധേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.