മീഡിയവൺ സംഘടിപ്പിച്ച ഈശി ബിലാദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ്
ഷാർജ: 53ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ‘മീഡിയവൺ’ സംഘടിപ്പിച്ച ഈശി ബിലാദി ആഘോഷം വർണാഭമായി. ഷാർജ സഫാരി മാളിൽ നടന്ന പരിപാടി റാക് ഇന്റർനാഷനൽ മറൈൻ സ്പോർട്സ് ക്ലബ് ചെയർമാൻ മേജർ ആരിഫ് ഇബ്രാഹിം അൽ ഹറൻകി ഉദ്ഘാടനം ചെയ്തു.
ജോലി ചെയ്യുന്ന നാടിനെ ചേർത്തുനിർത്തുന്ന പ്രവാസി സമൂഹത്തെ അദ്ദേഹം അഭിനന്ദിച്ചു. പ്രതിബദ്ധയും വിശ്വാസ്യതയും നെഞ്ചിലുള്ള സമൂഹത്തിനു മാത്രമേ ഇതു സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി സംഘാടകരുമായി ചേർന്ന് റാസൽഖൈമയിൽ ജലോത്സവം നടത്തിയത് ജീവിതത്തിലെ മനോഹരമായ അനുഭവമായിരുന്നെന്നും മേജർ ആരിഫ് പറഞ്ഞു.
വൈകീട്ട് നടന്ന പരമ്പരാഗത ഇമിറാത്തി വേഷമണിഞ്ഞ കുഞ്ഞുങ്ങളുടെ ഫാഷൻ ഷോ കാണികളുടെ മനം കവർന്നു. വിവിധ സ്റ്റേജുകളിൽ ഡ്രോയിങ്-കളറിങ് മത്സരവും മെഹിന്ദിയും അരങ്ങേറി. ദേശീയഗാന മത്സരവും ആസ്വാദകരുടെ മനസ്സ് കീഴടക്കി. പൊതുപരിപാടിക്കു ശേഷം അബൂദബിയിലെ മെഹ്ഫിൽ ഗ്രൂപ് നടത്തിയ മുട്ടിപ്പാട്ട് ഹൃദയഹാരിയായ അനുഭവമായി. വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു.
സഫാരി എം.ഡി സൈനുൽ ആബിദീൻ, മീഡിയവൺ ഡയറക്ടർ ഡോ. അഹ്മദ് തൊട്ടിയിൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യുട്ടിവ് മോഹൻ കുമാർ, ഇൻകാസ് പ്രസിഡന്റ് സുനിൽ അസീസ്, മെക്കാഡോ എം.ഡി മുഹമ്മദ് ഇഖ്ബാൽ, മീഡിയവൺ ജി.സി.സി ജനറൽ മാനേജർ സവ്വാബ് അലി, മിഡിലീസ്റ്റ് എഡിറ്റോറിയൽ മേധാവി എം.സി.എ നാസർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ആർ.ജെ. വൈശാഖ് പരിപാടി നിയന്ത്രിച്ചു. മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.