പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം കണ്ടവരായിരിക്കും മലയാളികൾ ഏറെയും. എന്നാൽ, ഭക്ഷണ വൈവിധ്യങ്ങളുടെ പൊടിപൂരം കാണാൻ ആഗ്രഹിക്കുന്നവർക്ക് വേദിയൊരുക്കുകയാണ് കമോൺ കേരളയിലെ ഫുഡ് കോർട്ട്. കോഴിക്കോട്ടുകാരുടെ കല്ലുമ്മക്കായ മുതൽ, ഉത്തരേന്ത്യൻ സ്ട്രീറ്റ് ഫുഡായ സ്പ്രിങ് പൊട്ടാറ്റോ വരെ. എരിവും പുളിയും മധുരവും നിറഞ്ഞ രുചിഭേദങ്ങളുടെ പൂരപ്പറമ്പായിരുന്നു ശനിയാഴ്ച കമോൺ കേരളയിലെ ടേസ്റ്റി ഇന്ത്യ വേദി. വിവിധ സ്റ്റാളുകളിലൂടെ നടന്നു ക്ഷീണിച്ച് വരുന്നവർക്ക് ഉഷ്ണം മാറ്റാൻ മോരു കുടിച്ച് തുടങ്ങാം. അതിനായി ഇഞ്ചിമോര്, എരിവുമോര്, നെല്ലിക്കമോര്, പുളിമോര് തുടങ്ങി പലവിധ മോരുകൾ ഒരു ഭാഗത്തുണ്ട്.
ദാഹമകറ്റുന്നതിനൊപ്പം വയറും നിറക്കണമെങ്കിൽ തണ്ണിമത്തൻ, മാങ്ങ, പൈനാപ്പിൾ, അവക്കാഡോ, ഓറഞ്ച്, മുന്തിരി തുടങ്ങി പലതരം ഷെയ്ക്കുകളും ഫ്രഷ് ജ്യൂസുകളും തനത് അറബ് ജ്യൂസുകളും വിവിധ കമ്പനികളുടെ കൂൾ ഡ്രിങ്ക്സും തട്ടുകളിൽ നിറഞ്ഞുതുളുമ്പുന്നുണ്ട്. കാഷ്യൂ മാക്രോൺ എന്ന വെറൈറ്റി ബിസ്കറ്റാണ് മേളയിലെ മറ്റൊരു തട്ടുപൊളിപ്പൻ ഐറ്റം. അണ്ടിപ്പരിപ്പിന്റെ മികച്ച രുചി സമ്മാനിക്കുന്നതാണ് കാഷ്യൂ മാക്രോൺ. കോളജ് കുട്ടികളുടെ സ്ഥിരം ഐറ്റമായ മുട്ട പഫ്സ്, കട്ലറ്റ്, ഒപ്പം ലൈം ജ്യൂസുമായി ജ്യൂസുകടകളും കാമ്പസ് രുചി സമ്മാനിക്കും.
കോഴിക്കോട് കുറ്റിച്ചിറക്കാരുടെ നാടൻ സമൂസ, ഉന്നക്കായ, ചട്ടിപ്പത്തിരി, കിളിക്കൂട്, തലശ്ശേരിക്കാരുടെ തനത് വിഭവങ്ങളായ ടയർ പത്തിരിയും ബീഫ് കറിയും, ന്യൂജൻ ഫുഡായ ബർഗർ, ചിക്കൻ നഗട്സ്, ബ്രോസ്റ്റ്, സാൻവിച്ച്, അന്താരാഷ്ട്ര കമ്പനികളുടെ ലൈവ് ഐസ്ക്രീമുകൾ, ചൈനീസ് വിഭവങ്ങൾ അങ്ങനെ ഇഷ്ടമുള്ള ഭക്ഷണങ്ങളുടെ ഒരു ഹൈപ്പർമാർക്കറ്റാണ് കമോൺ കേരളയിലെ ഫുഡ് കോർട്ട്. അപ്പോൾ മറക്കണ്ട, സന്ദർശകരുടെ മനസ്സും വയറും നിറക്കാൻ മേളയുടെ അവസാന ദിനമായ ഞായറാഴ്ചയും ഫുഡ് കോർട്ട് റെഡിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.