ഷാർജ: യു.എ.ഇയിലെ പ്രവാസി മലയാളികൾ കാത്തിരിക്കുന്ന മഹാമേളയായ ഗൾഫ് മാധ്യമം ‘കമോൺ കേരള’ ഏഴാം എഡിഷന് ഇനി ദിവസങ്ങൾ മാത്രം. മേയ് 9, 10, 11 തീയതികളിൽ ഷാർജ എക്സ്പോ സെന്‍ററിൽ അരങ്ങേറുന്ന മേളയിൽ രാവും പകലും വിനോദവും വിജ്ഞാവും വാണിജ്യവും സംയോജിപ്പിച്ച പ്രദർശനങ്ങളും, കുട്ടികൾക്കും കുടുംബങ്ങൾക്കും പങ്കെടുക്കാവുന്ന മൽസരങ്ങളും, പ്രഗൽഭ ഗായകരും സിനിമ താരങ്ങളും പങ്കെടുക്കുന്ന സംഗീത വിരുന്നുമടക്കം വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിന്‍റെ സാന്നിധ്യമാണ് ഇത്തവണത്തെ കമോൺ കേരളയെ ശ്രദ്ധേയമാക്കുന്നത്.
മോഹൻലാലിന്‍റെ മലയാളത്തിനപ്പുറമുള്ള ആഗോള സ്വാധീനവും സ്വീകാര്യതയും അടയാളപ്പെടുത്ത ‘ബിയോണ്ട് ബോർഡേഴ്സ്’ എന്ന പരിപാടി ഞായറാഴ്ചയാണ് അരങ്ങേറുന്നത്. ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ യുവ ശബ്ദമായ സൽമാൻ അലിയുടെ ഷാർജയിലെ ആദ്യ ലൈവ് സ്റ്റേജ് പരിപാടി വെള്ളിയാഴ്ച നടക്കും. പാൻ ഇന്ത്യൻ തലത്തിലും മറ്റു രാജ്യക്കാർക്കിടയിലും ഏറെ ശ്രദ്ധിക്കപ്പെടുന്ന സംഗീതജ്ഞനാണ് അദ്ദേഹം. അതോടൊപ്പം പ്രമുഖ തെന്നിന്ത്യൻ നടി പ്രിയമണി പങ്കെടുക്കുന്ന ചടങ്ങ് ശനിയാഴ്ചയാണ് അരങ്ങേറുന്നത്.
മൂന്നുദിവസവും കുട്ടികൾക്കായി വൻ സന്നാഹത്തോടെ ‘ലിറ്റിൽ ആർടിസ്റ്റ്’ ചിത്രരചനാ മൽസരം ഒരുക്കിയിട്ടുണ്ട്. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നടക്കുന്ന മൽസരത്തിലേക്ക് രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. മലയാളത്തിലെ പ്രഗൽഭ സംവിധായകരായ ലാൽ ജോസും ചിദംബരവും ഒപ്പം നടി സുരഭി ലക്ഷ്മിയും പങ്കെടുക്കുന്ന ‘ലൈറ്റ്സ്, കാമറ, ആക്ഷൻ’ എന്ന സിനിമാ തൽപരരായവർക്ക് വേണ്ടി ഒരുക്കിയ സെഷൻ ഇത്തവണയുമുണ്ട്. പാട്ടുപാടി സമ്മാനം വാങ്ങാൻ അവസരമൊരുക്കുന്ന ‘സിങ് ആൻഡ് വിൻ’, പാചകകലയിലെ മിടുക്ക് തെളിയിക്കാൻ അവസരമൊരുക്കുന്ന ഡസർട് മാസ്റ്റർ മൽസരം, ദംദം ബിരിയാണി മൽസരം, ഷെഫ് പിള്ള നേതൃത്വം നൽകുന്ന ‘ഷെഫ് മാസ്റ്റർ’, സ്ത്രീ യാത്രികരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന ഷീ ട്രാവലേഴ്സ്, കുട്ടികളുടെ ഫാഷൻ അവതരിപ്പിക്കുന്ന ‘ട്വിങക്ൾ ട്വിങ്ക്ൾ ലിറ്റിൽ സ്റ്റാർ’, ട്രഷർ ഹണ്ട് എന്നിങ്ങനെ വിവിധ പരിപാടികൾ പകൽ സമയങ്ങളിൽ അരങ്ങേറും. അതോടൊപ്പം 200ലേറെ സ്റ്റാളുകളിൽ വിവിധ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും ഒരുക്കും. അനുദിനം കുതിച്ചുയരുന്ന പ്രോപ്പർട്ടി മേഖലയിലെ ശ്രസ്തർ പങ്കെടുക്കുന്ന പ്രോപ്പർട്ടി ഷോ, യാത്രാമേഖലയിലെ സംരംഭകർ ആകർഷമായ ഓഫറുകളുമായി പങ്കെടുക്കുന്ന ‘ഡ്രീം ഡെസ്റ്റിനേഷൻ’, രുചി വൈവിധ്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ‘ടേസ്റ്റി ഇന്ത്യ’ എന്നിങ്ങനെ പ്രദർശകരുടെ നിര നീണ്ടതാണ്.
നാട്ടിൻ പുറത്തെ രുചി വിഭവങ്ങൾ മുതൽ അറബ് വിഭവങ്ങൾ വരെ ഒരുക്കുന്ന ഫുഡ് കോർട്ടും ഇത്തവണയുമുണ്ട്. ആദ്യദിനത്തിലെ പ്രധാനവേദിയിലെ ചടങ്ങിൽ ‘ദ പയനീയർസ് അവാർഡ്’, രണ്ടാം ദിനത്തിൽ ഇന്ത്യൻ-അറബ് വനിത പ്രതിഭകൾക്ക് ആദരമൊരുക്കുന്ന ഇന്തോ-അറബ് വിമൻ എക്സലൻസ് പുരസ്കാര ദാനം, മൂന്നാം ദിനത്തിൽ ‘അറേബ്യൻ ലജൻഡറി അചീവ്മെന്റ് അവാർഡ്’ വിതരണം എന്നിവയും നടക്കും. അതോടൊപ്പം യു.എ.ഇയിലെ കേരള കോളേജ് അലുംമ്നികൾ ഏറ്റെടുത്ത ‘അലുംമ്നി ഇംപാക്ട് അവാർഡ്’ സമ്മാനദാനവും അരങ്ങേറും. ആദ്യദിനത്തിലെ സംഗീതരാവിൽ സൽമാൻ അലിക്കൊപ്പം പ്രമുഖ ഗായിക ഭൂമിക മാലികും അരങ്ങിലെത്തുന്നുണ്ട്. രണ്ടാംദിനത്തിൽ മാപ്പിളപ്പാട്ടുകൾ കോർത്തിണക്കിയ ‘ഇഷ്ഖ്’ സംഗീത സന്ധ്യ വേദിയിലെത്തും. മേളയുടെ സമാപന ദിവസത്തിൽ മോഹൻലാലിന്‍റെ സാന്നിധ്യത്തോടൊപ്പം അവിസ്മരണീയമായ സംഗീത വിരുന്നും അരങ്ങേറുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.