ഷാർജ: ഏത് പ്രായക്കാർക്കും കഴിവ് പ്രദർശിപ്പിക്കാനുള്ള ഏറ്റവും മികച്ച വേദിയാണ് കമോൺ കേരള. ഭക്ഷണം, യാത്ര, ബിസിനസ്, വിദ്യാഭ്യാസം, സൗന്ദര്യം, സംഗീതം, കല, ഷോപ്പിങ്... അങ്ങനെ നീണ്ടുപോകുന്നു അതിലെ വിഭവങ്ങൾ. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇന്ത്യൻ മേളയെന്ന ഖ്യാതിയോടെ ഷാർജയുടെ വിരിമാറിലേക്ക് ഒരിക്കൽകൂടി വിരുന്നെത്തുന്ന കമോൺ കേരളയുടെ ഏഴാമത് എഡിഷനിൽ പുതിയ ഒരു വിഭവംകൂടി അവതരിപ്പിക്കുകയാണ്.
ഫാഷൻ രംഗത്ത് തിളങ്ങാൻ ആഗ്രഹിക്കുന്ന കൊച്ചുകൂട്ടുകാർക്ക് ഫാഷൻ റാംപിൽ തിളങ്ങാനും കൈനിറയെ സമ്മാനം നേടാനും അവസരം നൽകുന്ന ‘ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ’ ഫാഷൻ ഷോ മത്സരമാണ് ഇത്തവണത്തെ പ്രത്യേകത. ഫാഷൻ രംഗത്തെ പുതിയ പ്രവണതകൾക്കനുസരിച്ച് അണിഞ്ഞൊരുങ്ങാൻ താൽപര്യമുള്ള, ആറു വയസ്സുവരെയുള്ള കുട്ടികൾക്കാണ് മത്സരിക്കാൻ അവസരം. തികച്ചും കുടുംബ സൗഹൃദപരമായ അന്തരീക്ഷത്തിലാണ് മത്സരം ഒരുക്കുക.
കമോൺ കേരളയുടെ ആദ്യ ദിനമായ മേയ് ഒമ്പതിന് വൈകീട്ട് മൂന്നു മുതൽ അഞ്ചുമണിവരെയാണ് മത്സരം. സ്വന്തം കുട്ടികളെ ഭംഗിയായി അണിയിച്ചൊരുക്കാൻ താൽപര്യമുള്ള രക്ഷിതാക്കൾക്ക് https://cokuae.com/twinkle-twinkle-little-star എന്ന ലിങ്കിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. ശേഷം കുട്ടികളെ ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിപ്പിച്ച് ഫോട്ടോ എടുത്ത് +971556139367 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യണം. ഇതിൽനിന്ന് തെരഞ്ഞെടുക്കുന്ന 50 കുട്ടികൾക്കായിരിക്കും കമോൺ കേരളയിൽ ഒരുക്കുന്ന ഫാഷൻ റാംപിൽ മത്സരിക്കാൻ അവസരം ലഭിക്കുക.
ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നവർക്കുള്ള തീമുകൾ സംഘാടകർ നിർദേശിക്കും. ഫാഷൻ രംഗത്തെ പ്രമുഖരായിരിക്കും വിധികർത്താക്കൾ. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മത്സരവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും +971556139367 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.