ഷാർജ: വൈകുന്നേരത്തെ കൊച്ചുവർത്തമാനത്തിനിടെയാണ് അവരുടെ മനസ്സിൽ കമോൺ കേരളയിലെ കച്ചവടത്തെക്കുറിച്ചുള്ള ഐഡിയ പൊട്ടിമുളച്ചത്. എന്ത് തുടങ്ങണമെന്നതായിരുന്നു പ്രധാന ആശയക്കുഴപ്പം. നന്നാറി സർബത്തും പഴംപൊരിയുമൊക്കെ ഉണ്ടാക്കിത്തരാമെന്ന് ഉമ്മമാരും ഏറ്റു.
അങ്ങനെയാണ് അബ്ദുൽ ഹാദിയും നിഷാൽ അഹ്മദും ആദിൽ മുബ്ത്തസിലും റസൻ ഇസ്മായീലും ഹാദി ആദവും മിസ്ഹബത്ത് ബുനൈസും കമോൺ കേരളയിലെ കച്ചവടക്കാരായത്. മേള നഗരിയിലെ മുഖ്യ ആകർഷണങ്ങളിലൊന്നായ ടേസ്റ്റി ഇന്ത്യ വേദിയിലാണ് തട്ടുകടയുമായി കുട്ടികളെത്തിയത്. കപ്പയും ബീഫും മുതൽ നാരങ്ങ മിഠായി വരെ അണിനിരക്കുന്ന കടയുടെ പേര് ‘കുട്ടികളുടെ തട്ടുകട’. വീട്ടിൽ ഉമ്മമാരുണ്ടാക്കി നൽകിയ വിഭവങ്ങളാണ് തട്ടുകടയിലെ വിൽപന കൗണ്ടറിലെത്തിയത്.
നാട്ടിൽനിന്ന് കൊണ്ടുവന്ന വേരുപയോഗിച്ചാണ് നന്നാറി സർബത്തുണ്ടാക്കിയതെന്ന് ഉമ്മമാർ പറയുന്നു. തൃപ്പൂണിത്തുറ ഹിൽപാലസിന് സമീപത്തെ കൊച്ചുകടയിലെ പഴംപൊരിയും ബീഫും നാടെങ്ങും ഫെയ്മസാണ്. ഇത് മാതൃകയാക്കിയാണ് ‘പാത്തുമ്മാെൻറ പഴംപൊരിയും’ ബീഫ് കറിയും ടേബിളിലെത്തിച്ചത്. ഊട്ടിയുടെ മഹത്ത്വം പേറിയാണ് നീലഗിരി ചായയുടെ വരവ്.
നാടിെൻറ ഗൃഹാതുരത്വം പേറുന്ന വിഭവങ്ങളാണ് ഏറെയും. കോയക്കാെൻറ കപ്പ ബിരിയാണി, മൂസാക്കാെൻറ സമൂസ, പാൽ നന്നാറി സർബത്ത് തുടങ്ങിയ രുചികളും കുട്ടികളുടെ തട്ടുകടയിൽ കിട്ടും. സുഹൃത്തുക്കളുടെ പെയിൻറിങ്ങിൽ വിരിഞ്ഞ തെങ്ങുകളും മലനിരയും സൂര്യനുമെല്ലാമാണ് കടയുടെ ബാക്ക് ഗ്രൗണ്ടായി നൽകിയിരിക്കുന്നത്. ക്ലാസ് ഉപേക്ഷിച്ചാണ് കുട്ടിസംഘത്തിെൻറ കച്ചവടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.