റാസല്‍ഖൈമ: കടുത്ത ചൂടില്‍ താമസ സ്ഥലങ്ങളിലെയും ഓഫീസുകളിലെയും എയര്‍ കണ്ടീഷണറുകളുടെ സുരക്ഷിതവും കാര്യക്ഷമവുമായി പ്രവര്‍ത്തനം ഉറപ്പാക്കണമെന്ന് റാക് പൊലീസ്. ശീതീകരണ സംവിധാനങ്ങളുടെ കൃത്യമായ പരിപാലനം വൈദ്യുതി ലാഭിക്കാനും തീപിടിത്ത സാധ്യത കുറക്കാനും മികച്ച വായു ഗുണനിലവാരം ഉറപ്പാക്കാനും സഹായിക്കും.
ഇവ ആറു മാസത്തിലൊരിക്കല്‍ പരിശോധിച്ച് സര്‍വീസ് നടത്തുന്നത് ഗുണകരമാണ്. ചെറിയ തകരാറുകള്‍ തുടക്കത്തില്‍ കണ്ടത്തെി പരിഹരിച്ചാല്‍ വലിയ അറ്റകുറ്റപ്പണികളും അധിക ചെലവുകളും ഒഴിവാക്കാം. കൊടും ചൂടില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിനാല്‍ എ.സിയുടെ സ്ഥിരമായ പരിശോധന പ്രധാനമാണ്. ഫില്‍ട്ടറുകളിലും യൂനിറ്റുകളിലും പൊടിയും മണലും അടിഞ്ഞുകൂടുന്നത് തണുപ്പിക്കല്‍ ശേഷി കുറക്കും. 15-30 ദിവസ ഇടവേളകളില്‍ ഫില്‍ട്ടറുകള്‍ വൃത്തിയാക്കുന്നത് വൈദ്യുതി ഉപഭോഗം കുറക്കുകയും വായു ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.
എ.സിയില്‍ നിന്ന് വെള്ളം ചോരുന്നത് സാധാരണ കാര്യല്ലെന്ന്് പൊലീസ് സന്ദേശത്തില്‍ പറയുന്നു. ഡ്രെയിനേജ് പൈപ്പ് അടക്കുക, കണ്ടന്‍സേഷന്‍ പ്രശ്നങ്ങള്‍ ഉണ്ടാകുക, മറ്റു സാങ്കേതിക തകരാറുകള്‍ സംഭവിക്കുക തുടങ്ങിയവയുടെ സൂചനയായിരിക്കാം ലീക്കേജ്. ആവശ്യത്തിന് തണുപ്പ് ലഭിക്കുന്നില്ലെങ്കില്‍ ഗ്യാസ് കുറവായിരിക്കാനും ഉള്‍ഭാഗങ്ങളില്‍ മാലിന്യമടിഞ്ഞു കൂടിയിരിക്കാനും സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ അവഗണിക്കുന്നത് വൈദ്യുതി ബില്‍ വര്‍ധിപ്പിക്കുകയും ഉപകരണത്തിന്‍റെ ആയുസ് കുറക്കുകയും ചെയ്യും.
വേനല്‍ക്കാലത്ത് എ.സിയുടെ അമിത ഉപയോഗം സാധാരണമാണ്. കൃത്യമായ പരിപാലനം ഇല്ലാത്തത് അമിതമായ വൈദ്യുതി ഉപഭോഗം, ഉപകരണം തകരാറിലാവുക, ചില സാഹചര്യങ്ങളില്‍ തീപിടിത്തം തുടങ്ങിയവക്കും വഴിവെക്കും. കുടുംബത്തിന്‍റെയും സ്വത്തിന്‍റെയും സുരക്ഷക്ക് ശീതീകരണ സംവിധാനങ്ങളുടെ പരിപാലനം അനിവാര്യമാണെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു. ‘നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ മുന്‍ഗണന’ എന്ന ശീര്‍ഷകത്തിലാണ് റാക് പൊലീസിന്‍റെ ബോധവത്കരണ പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.